വിദ്യാർഥിനിയുടെ മൊബൈൽ ഫോണിലെ വാട്സ് ആപും ഫോട്ടോ ഗാലറിയും പരിശോധിച്ച പ്രിൻസിപ്പലിന് സസ്പെൻഷൻ

ജോധ്പുർ: രാജസ്ഥാനിൽ സ്കൂൾ വിദ്യാര്‍ഥിനിയുടെ വാട്സാപ്പും ഫോട്ടോ ഗ്യാലറിയും പരിശോധിച്ച പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. ജോധ്പൂരിലെ ശ്രീ മഹാത്മാഗാന്ധി ഗവൺമെന്‍റ് സ്‌കൂളിലെ ആക്ടിങ് പ്രിൻസിപ്പലിനെയാണ് ഡയറക്ടറേറ്റ് ഓഫ് എഡ്യുക്കേഷൻ ശനിയാഴ്ച സസ്പെൻഡ് ചെയ്തത്.

പ്ലസ് വൺ ക്ലാസ് വിദ്യാര്‍ഥിനി സ്കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവന്നിരുന്നു. ഇത് കണ്ട പ്രിൻസിപ്പാൾ ഷക്കീൽ അഹമ്മദ് ഫോൺ പിടിച്ചെടുക്കുകയും അൺലോക്ക് ചെയ്ത് വാട്സാപ്പ് , ഇൻസ്റ്റഗ്രാം, കോൾ റെക്കോഡുകൾ, ഫോൺ ഗ്യാലറി എന്നിവ പരിശോധിക്കുകയായിരുന്നു. ക്ലാസിൽ തന്‍റെ അടുത്തിരിക്കുന്ന ആൺകുട്ടിയെക്കുറിച്ച് ഷക്കീൽ അഹമ്മദ് വിദ്യാര്‍ഥിനിയെ ചോദ്യം ചെയ്തതായും ആരോപണമുണ്ട്.

പെൺകുട്ടി ഇത് വീട്ടുകാരെ അറിയിക്കുകയും തുടര്‍ന്ന് മാതാപിതാക്കൾ സ്കൂളിലെത്തി പ്രിൻസിപ്പലിനെ ചോദ്യം ചെയ്യുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പിന് രേഖാമൂലം പരാതി നൽകിയ കുടുംബം, ഫോണിലെ വ്യക്തിഗത വിവരങ്ങൾ പ്രിൻസിപ്പൽ ദുരുപയോഗം ചെയ്യുമായിരുന്നുവെന്നും ആരോപിച്ചു.

രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിൽ പ്രിൻസിപ്പൽ കുറ്റം സമ്മതിക്കുകയും സ്കൂളിൽ പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥിനി റീലുകളൊന്നും റെക്കോർഡ് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കാൻ മാത്രമാണ് താൻ ഫോൺ പരിശോധിച്ചതെന്നും അവകാശപ്പെട്ടു.

പ്രിൻസിപ്പലിന്‍റെ നടപടി വിദ്യാർഥിയുടെ സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പ്രിൻസിപ്പലിനെ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തിരിക്കുന്നത്. 

Tags:    
News Summary - School Principal Suspended Over Checking Girl Student’s Mobile Gallery And WhatsApp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.