ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ സുരക്ഷക്കായി സ്കൂള്‍ ബസുകളില്‍ ജി.പി.എസും സി.സി ടി.വിയും വേഗപ്പൂട്ടുകളും ഘടിപ്പിക്കണമെന്ന് സി.ബി.എസ്.ഇ ചട്ടം പുറപ്പെടുവിച്ചു. ഉത്തര്‍പ്രദേശില്‍ അടുത്തിടെയുണ്ടായ ബസപകടത്തെ തുടര്‍ന്ന് കേന്ദ്ര മാനവ വികസന മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ നിര്‍ദേശപ്രകാരമാണ് സി.ബി.എസ്.ഇ വിജ്ഞാപനം പുറപ്പെടുവിച്ചത്.
ബസിന്‍െറ ജനാലകള്‍ തിരശ്ചീനമായിരിക്കണമെന്നും കമ്പിവലകളിട്ട് ഭദ്രമാക്കണമെന്നും പരമാവധി വേഗം 40 കിലോ മീറ്ററായി നിജപ്പെടുത്തി വേഗപ്പൂട്ട് ഘടിപ്പിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. സി.സി ടി.വി, ജി.പി.എസ് എന്നിവ നിര്‍ബന്ധമായും സ്ഥാപിച്ചിരിക്കണം. ഇതുകൂടാതെ ബസില്‍ മുന്നറിയിപ്പ് ബെല്ലും സൈറണും ഘടിപ്പിക്കണമെന്നും വിജ്ഞാപനത്തിലുണ്ട്.
ഡ്രൈവറുടെയും ബസ് ജീവനക്കാരുടെയും പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ബസില്‍ ഒരു രക്ഷിതാവെങ്കിലും സന്നദ്ധമാകണമെന്ന് ഉറപ്പുവരുത്തണം. പരിചയസമ്പന്നയായ വനിത ജീവനക്കാരിയെ ബസില്‍ നിയോഗിക്കണം. അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ ഓരോ ബസിനും മൊബൈല്‍ ഫോണ്‍ നല്‍കുകയും ഈ നമ്പര്‍ രക്ഷിതാക്കളെ അറിയിക്കുകയും വേണമെന്നും വിജ്ഞാപനത്തിലുണ്ട്.
ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദു ചെയ്യുന്നതടക്കമുള്ള കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും സി.ബി.എസ്.ഇ സ്കൂളുകള്‍ക്കയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.