യെദിയൂരപ്പക്ക് സത്യപ്രതിജ്ഞ ചെയ്യാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെ സത്യപ്രതിജ്​ഞ ചെയ്യുന്നതിൽനിന്ന്​ തടയണമെന്നാവശ്യപ്പെട്ട്​ കോൺഗ്രസ്​ നൽകിയ അടിയന്തിര ഹർജി സുപ്രീം കോടതി തള്ളി. ഇന്ന് പുലർച്ചെ വരെ നീണ്ട വാശിയേറിയ അസാധാരണ വാദംകേൾക്കലിനൊടുവിലാണ് പരമോന്നത കോടതിയുടെ വിധി.  കർണാടക ഗവർണറുടെ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ കോടതി ബി.ജെ.പി കൈമാറിയ കത്ത് ഹാജരാക്കാൻ ഗവർണറുടെ ഓഫിസിന് നോട്ടിസ് അയയ്ക്കുമെന്ന് അറിയിച്ചു. ജസ്​റ്റിസുമാരായ സിക്രി, അശോക്​ഭൂഷൺ, ബോബ്​ടെ എന്നീ മൂന്നംഗ ബെഞ്ചാണ്​ വാദം കേട്ടത്.

പുലർച്ചെ 2.10ന് തുടങ്ങിയ വാദംകേൾക്കൽ നാലേകാലോടെയാണ് അവസാനിച്ചത്. ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സുപ്രീംകോടതി ബെഞ്ചിന് മുമ്പാകെ കോൺഗ്രസിനു വേണ്ടി മുതിർന്ന നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വിയാണ് വാദിക്കാനെത്തിയത്. കേന്ദ്ര സർക്കാരിനുവേണ്ടി അഡിഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ബി.ജെ.പിക്കു വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി എന്നിവരും ഹാജരായി.പുലർച്ചെ മൂന്നു മണിക്കും ചൂടേറിയ വാദങ്ങളാണ്​ രാജ്യ തലസ്​ഥാനത്ത്​ സുപ്രീം കോടതിയിൽ അ​രങ്ങേറിയത്.

സർക്കാരിയ കമ്മിഷൻ ശുപാർശയാണ്  സിങ്‌വി കോടതിയിൽ ആയുധമാക്കിയത്. ഒരു തിരഞ്ഞെടുപ്പ് അനന്തര സഖ്യത്തിന് മതിയായ ഭൂരിപക്ഷം ഉണ്ടായിരിക്കെ മറ്റൊരു പാർട്ടിയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ച ഗവർണർ വാജുഭായ്​ വാലയുടെ നടപടി ഭരണഘടനയ്ക്കും മുൻ സുപ്രീംകോടതി വിധികൾക്കും വിരുദ്ധമെന്ന്‌ കോൺഗ്രസിനായി ഹാജരായ മനു അഭിഷേക് സിംഗ്​വി ചൂണ്ടിക്കാണിച്ചു. സർക്കാരിയ കമ്മീഷൻ ശുപാർശ പ്രകാരം ആദ്യം കേവല ഭൂരിപക്ഷം നേടിയവരെയോ അല്ലെങ്കിൽ ഏറ്റവും വലിയ പാർട്ടികളുടെ തിരഞ്ഞെടുപ്പിന് മുൻപുള്ള സഖ്യത്തെയോ ക്ഷണിക്കണം. മൂന്നാമത്തെ പരിഗണന നൽകേണ്ടത് തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിനാണ്​. ഇതൊന്നും ഇല്ലെങ്കിൽ മാത്രമേ ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കേണ്ടതുള്ളു. ഫലത്തിൽ നാലാമത്തെ ആളെയാണ് ഗവർണർ ഇപ്പോൾ വിളിച്ചിരിക്കുന്നതെന്നും അഭിഷേക്​ സിംഗ്​വി വ്യക്​തമാക്കി.

ഗോവയിലും മണിപ്പുരിലും മേഘാലയയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ല സർക്കാർ ഉണ്ടാക്കിയതെന്നും സിങ്‍വി ചൂണ്ടിക്കാട്ടി. തീരുമാനത്തിന്റെ രേഖകളൊന്നും പരിഗണിക്കാതെ ഗവർണറുടെ അധികാരത്തിൽ ഇപ്പോൾ ഇടപെടാനാവില്ലെന്നായിരുന്നു സുപ്രിംകോടതി തീരുമാനം. ഗവർണറുടെ തീരുമാനം വിലക്കിയാൽ സംസ്ഥാനത്തെ ഭരണരംഗത്തു ശൂന്യതയുണ്ടാകില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് കാവൽസർക്കാർ ഉണ്ടല്ലോ എന്ന് സിങ്‌വി തിരിച്ചടിച്ചു.

 


 

Tags:    
News Summary - SC Refuses to Stay Swearing-in- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.