ന്യൂഡൽഹി: പോക്സോ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട 25കാരനെ കുറ്റവിമുക്തനാക്കി സുപ്രീം കോടതി. അതിജീവിതയെ വിവാഹം കഴിച്ച ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ശിക്ഷ നടപ്പാക്കുന്നതാണ് കോടതി ഒഴിവാക്കിയത്. പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു പോക്സോ കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ. പ്രതിയുടേത് കുറ്റകൃത്യമാണെങ്കിലും അതിജീവിത അതിനെ ഇപ്പോൾ അങ്ങനെ കാണുന്നില്ലെന്നും കോടതി പറഞ്ഞു.
പ്രണയത്തിലായ കൗമാരക്കാരിയുമായി ലൈംഗിക ബന്ധം ഉണ്ടായ സാഹചര്യത്തിലാണ് 25കാരനെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ വിചാരണ കോടതി യുവാവിനെ ഇരുപത് വർഷത്തേക്ക് ശിക്ഷ വിധിച്ചിരിന്നു. എന്നാൽ അതിജീവിത പ്രായപൂർത്തിയായപ്പോൾ ശിക്ഷിക്കപ്പെട്ട യുവാവുമായി വിവാഹം ചെയ്യുകയായിരുന്നു.
തുടർന്ന് കൊൽക്കത്ത ഹൈക്കോടതി ശിക്ഷ റദ്ദാക്കിയെങ്കിലും സുപ്രീം കോടതി കൊൽക്കത്ത ഹൈക്കോടതി വിധി റദ്ദാക്കുകയും പ്രതി കുറ്റക്കാരനാണെന്ന് പുനഃസ്ഥാപിക്കുകയും ചെയ്തു. ശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് അതിജീവിതയുടെ ഭാഗം കേട്ട കോടതി ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ശിക്ഷ നടപ്പാക്കേണ്ട എന്ന് വിധിക്കുകയായിരുന്നു.
നീണ്ടു നിന്ന നിയമനടപടികളാണ് കുറ്റകൃത്യത്തേക്കാൾ അതിജീവിതയെ ബാധിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പ്രതിയോട് ഇപ്പോള്‍ അതിജീവിതയ്ക്ക് വൈകാരികമായ ബന്ധമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. "സമൂഹം അവളെ വിധിച്ചു, നിയമവ്യവസ്ഥ അവളെ പരാജയപ്പെടുത്തി, സ്വന്തം കുടുംബം അവളെ ഉപേക്ഷിച്ചു," ബെഞ്ച് അഭിപ്രായപ്പെട്ടു. നിലവില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയും, അതിജീവിതയും, അവരുടെ കുഞ്ഞും കുടുംബമായി കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.