ന്യൂഡൽഹി: ജാമ്യമാണ് നിയമമെന്നും ജയിൽ അപവാദമാണെന്നുമുള്ള നിയമ തത്ത്വം യു.എ.പി.എ കേസുകൾക്കും ബാധകമാണോയെന്ന വിഷയം സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടു.
കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സുപ്രീംകോടതി നടപടി. യു.എ.പി.എ ചുമത്തി ഭീകര കേസുകളിൽ ജയിലിലടച്ചവരുടെ ജാമ്യത്തിൽ എന്ത് നിലപാടെടുക്കണം എന്ന് കെ.എ. നജീബ് കേസിൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് നേരത്തെ പുറപ്പെടുവിച്ച വിധി മുന്നിൽവെച്ച് വിശാല ബെഞ്ച് തീർപ്പാക്കും.
പൗരത്വ സമരത്തിനിറങ്ങിയതിന് ഡൽഹി കലാപ ഗൂഢാലോചന കുറ്റം ചുമത്തി ജയിലിലടച്ച ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം നൽകാത്ത സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി സുപ്രീംകോടതിയുടെ തന്നെ അതിനിശിതമായ വിമർശനമേറ്റുവാങ്ങിയ സാഹചര്യത്തിലാണ് വിമർശനമേറ്റ ബെഞ്ചിലെ ജസ്റ്റിസ് അരവിന്ദ് കുമാർ കൂടി ഉൾപ്പെടുന്ന ബെഞ്ച് വിഷയം വിശാല ബെഞ്ചിന് വിട്ടത്.
സുപ്രീംകോടതിയുടെ ഒരു ബെഞ്ചിന്റെ വിധിക്ക് മറ്റൊരു ബെഞ്ച് എതിരഭിപ്രായത്തിലൂടെ മറുപടി പറയുകയല്ല വേണ്ടതെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്നയുടെയും ഉജ്ജൽ ഭുയ്യാന്റെയും നടപടിയെ ജസ്റ്റിസുമാരായ അരവിന്ദ് കുമാറും വരാലെയും വിമർശിച്ചു. തുടർന്ന് ഖാലിദ് സൈഫിക്കും തസ്ലീം അഹ്മദിനും ആറ് മാസം ജാമ്യം അനുവദിക്കുകയും ചെയ്തു. ഉമറിനെയും ശർജീലിനെയും പോലെ പൗരത്വ സമരത്തിനിറങ്ങിയതിന് ഡൽഹി കലാപ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ടവരാണ് ഇരുവരും.
വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ കെ.എ. നജീബ് കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി യു.എ.പി.എ കേസുകളിൽ വിചാരണ നീണ്ടുപോയാൽ യാന്ത്രികമായി ജാമ്യം നൽകാവുന്ന തരത്തിലുള്ള ഒന്നല്ലെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാറും പി.ബി. വരാലെയും വ്യക്തമാക്കി.
പാർലമെന്റ് ജാമ്യത്തിന് നിയന്ത്രണം വെക്കുമ്പോൾ ഭരണഘടനയുടെ 21ാം അനുച്ഛേദം എങ്ങനെ പ്രയോഗിക്കാനാകുമെന്നും ബെഞ്ച് ചോദിച്ചു. വിഷയം തീർപ്പാക്കാനായി വലിയ ബെഞ്ചിന് വിടണമെന്ന് ചീഫ് ജസ്റ്റിസിനോട് ഇരുവരും ആവശ്യപ്പെട്ടു.
രണ്ടംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാൻ വിശാല ബെഞ്ചിനോട് ആവശ്യപ്പെടാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുന്നതിനുപകരം ശക്തമായ നിരീക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണ് ചെയ്തതെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാറും പി.ബി. വരാലെയും കുറ്റപ്പെടുത്തി.
ഗുൽഫിഷ ഫാത്തിമ അടക്കം അഞ്ചുപേർക്ക് തങ്ങൾ ജാമ്യം അനുവദിച്ചപ്പോൾ ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം നൽകാതിരുന്നത് അവർക്കുമേൽ ആരോപിക്കപ്പെട്ട വ്യക്തിപരമായ പങ്കാളിത്തം കൊണ്ടാണെന്ന് ബെഞ്ച് ന്യായീകരിച്ചു. ഗുൽഫിഷക്ക് ജാമ്യം നൽകിയ തങ്ങളുടെ വിധി ആധാരമാക്കി ജാമ്യം അനുവദിക്കണമെന്ന് ഖാലിദ് സൈഫിയും തസ്ലീം അഹ്മദും വാദിച്ചത് തന്നെ നജീബ് കേസിലെ വിധിയിൽ തങ്ങൾ വെള്ളം ചേർത്തിട്ടില്ല എന്നതിന്റെ തെളിവായി രണ്ടംഗ ബെഞ്ച് അവകാശപ്പെട്ടു.
‘ജാമ്യമാണ് നിയമമെന്നും ജയിൽ അപവാദമാണെന്നും’ ഉള്ള തത്ത്വം യു.എ.പി.എ കേസുകൾക്കും ബാധകമാണെന്ന് വിധിച്ചാണ് ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം നൽകാതിരുന്നത് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയ്യാൻ എന്നിവരടങ്ങുന്ന ബെഞ്ച് മറ്റൊരു യു.എ.പി.എ കേസിലെ ജാമ്യ വിധിയിൽ സമർഥിച്ചത്.
ഭീകരപ്രവർത്തന ഫണ്ടിങ് ആരോപിച്ച് യു.എ.പി.എ ചുമത്തി ആറുവർഷം ജയിലിലിട്ട സയ്യിദ് ഇഫ്തിഖാർ അന്ദ്രാബിക്ക് ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച വിധിപ്രസ്താവത്തിലെ ഈ വിമർശനമാണ് രണ്ട് സുപ്രീംകോടതി ബെഞ്ചുകൾക്കിടയിലെ തർക്കമായി മാറിയത്.
ജാമ്യം അസാധ്യമാക്കുകയും വിചാരണത്തടവ് അന്യായമായി നീട്ടിക്കൊണ്ടുപോകുകയും ചെയ്യുന്ന കർക്കശ വകുപ്പായ യു.എ.പി.എയിലെ 43 ഡി (5) ഇന്ത്യൻ ഭരണഘടനയുടെ 21ാം അനുച്ഛേദം നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന് മുകളിൽ അല്ലെന്നാണ് ജസ്റ്റിസുമാരായ നാഗരത്നയും ഉജ്ജൽ ഭുയ്യാനും ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച ബെഞ്ചിനെ ഓർമിപ്പിച്ചത്.
അതുകൊണ്ടാണ് വിചാരണ നീണ്ടുപോകുന്നത് യു.എ.പി.എ കേസിലും ജാമ്യത്തിനുള്ള ന്യായമായി മൂന്നംഗ ബെഞ്ച് നജീബ് കേസിൽ വിധിച്ചതെന്നും ഈമാസം 18ന് പുറപ്പെടുവിച്ച വിധിയിൽ ഇരുവരും കൂട്ടിച്ചേർത്തു. വലിയ ബെഞ്ചുകൾ പുറപ്പെടുവിക്കുന്ന വിധികൾ പിന്തുടരാൻ ചെറിയ ബെഞ്ചുകൾ ബാധ്യസ്ഥമാണെന്നും ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച വിധി കോടതിയുടെ അച്ചടക്കത്തിനെതിരാണെന്നും ഇരുവരും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.