അന്വേഷണ സംഘം ധർമസ്ഥലയിൽ
മംഗളൂരു: ധർമസ്ഥലയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറുകണക്കിന് പെൺകുട്ടികളുടേയും യുവതികളുടേയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി സംസ്കരിച്ചു എന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസിന്റെ പുനരന്വേഷണം തുടങ്ങി.കഴിഞ്ഞ ജൂണിൽ കൂട്ട ശവസംസ്കാര വെളിപ്പെടുത്തലുമായി രംഗത്ത് വരുമ്പോൾ മാണ്ഡ്യ സ്വദേശി സി.എൻ.ചിന്നയ്യ കോടതിയിൽ തെളിവായി ഹാജരാക്കിയ മനുഷ്യ തലയോട്ടിയുടെ നിജസ്ഥിതി കൂടുതൽ അറിയാനാണ് ഇപ്പോഴത്തെ അന്വേഷണം.
കർണാടക സർക്കാർ കഴിഞ്ഞ ജൂലൈ 19ന് രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) കൂട്ട ശവസംസ്കാരം വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ പരാതിക്കാരനായ സാക്ഷി സുരക്ഷയോടെയായിരുന്നു ധർമസ്ഥലയിൽ തെളിവെടുപ്പിന് കൊണ്ടുവന്നത്.ചിന്നയ്യ ചൂണ്ടിക്കാട്ടിയ 17 സ്ഥലങ്ങളിൽ എസ്ഐടി ഖനനം ചെയ്തു.1995 നും 2014 നും ഇടയിൽ താൻ മൃഗങ്ങൾ സംസ്കരിച്ച സ്ഥലങ്ങൾ എന്നവകാശപ്പെട്ടായിരുന്നു ഇത്.
എന്നാൽ കേസ് അന്വഷണം പുരോഗമിക്കുന്നതിനിടെ പരാതിക്കാരനായ ചിന്നയ്യയെ എസ്ഐടി പ്രതിയാക്കി. ധർമസ്ഥലയെ അപകീർത്തിപ്പെടുത്താൻ കെട്ടുകഥ മെനഞ്ഞു എന്ന കുറ്റം ചുമത്തിയാണിത്. ചിന്നയ്യയെ കൂടാതെ പൊതു പ്രവർത്തകൻ മഹേഷ് ഷെട്ടി തിമറോഡി, ഗിരീഷ് മട്ടെന്നവർ, ടി. ജയന്ത്, വിറ്റല ഗൗഡ, സുജാത ഭട്ട് എന്നിവർക്കെതിരെ 3900 പേജുള്ള കുറ്റപത്രമാണ് കഴിഞ്ഞ നവംബറിൽ ബെൽത്തങ്ങാടി കോടതിയിൽ സമർപ്പിച്ചത്.
ബിഎൻഎസിന്റെ സെക്ഷൻ 227 (തെറ്റായ തെളിവ് നൽകൽ), 228 (തെറ്റായ തെളിവ് കെട്ടിച്ചമക്കൽ), 229, 230 (വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യത്തിന് ശിക്ഷിക്കാനുള്ള ഉദ്ദേശ്യത്തോടെ തെറ്റായ തെളിവ് നൽകുകയോ കെട്ടിച്ചമക്കുകയോ ചെയ്യുക), 231 ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യത്തിന് ശിക്ഷിക്കാനുള്ള ഉദ്ദേശ്യത്തോടെ തെറ്റായ തെളിവ് നൽകുകയോ കെട്ടിച്ചമക്കുകയോ ചെയ്യുക), 233 (തെറ്റാണെന്ന് അറിയപ്പെടുന്ന തെളിവുകൾ ഉപയോഗിച്ച്), 236 (നിയമപ്രകാരം തെളിവായി സ്വീകരിക്കാവുന്ന പ്രഖ്യാപനത്തിൽ നടത്തിയ തെറ്റായ പ്രസ്താവന), 240 (ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകുക), 248 (ദ്രോഹിക്കാൻ ഉദ്ദേശിച്ചുള്ള കുറ്റകൃത്യത്തിന്റെ തെറ്റായ കുറ്റം ചുമത്തൽ), എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് ചുമത്തിയത്.
ധർമസ്ഥലയിൽ നേത്രാവതിയുടെ തീരത്തുള്ള ബംഗ്ലഗുഡ്ഡെയിലാണ് പുനരന്വേഷണ പ്രവർത്തനങ്ങൾ നടക്കുന്നത്.എസ്‌ഐടി ഉദ്യോഗസ്ഥരും എഫ്‌എസ്‌എൽ വിദഗ്ധരും ബംഗളൂരുവിൽ നിന്നുള്ള സംഘവും ചേർന്നാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.