ന്യൂഡൽഹി: പരീക്ഷ ചോർച്ചക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങൾക്കിടെ അറസ്റ്റിലാവുകയോ തടങ്കലിലാക്കപ്പെടുകയോ ചെയ്ത വിദ്യാർഥികളിൽ 18 വയസ്സിൽ താഴെയുള്ളവരെയും മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെയും ഉടനടി മോചിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നിർദേശം. വിഷയത്തിൽ വിപുലമായ ഇടക്കാല ഉത്തരവുകളാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
ഡൽഹിയിലെ ജന്തർ മന്തറിലും വിവിധ സംസ്ഥാനങ്ങളിലുമായി ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികളോ കർശന നടപടികളോ സ്വീകരിക്കരുതെന്നും കോടതി ഉത്തരവിട്ടു.
അതേസമയം, ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഉയർന്ന തലത്തിലുള്ള അന്വേഷണം ആവശ്യമുള്ള വിഷയമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, പ്രതിഷേധക്കാർക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഉത്തരവുകൾ കൂടുതൽ സംസ്ഥാനങ്ങൾ പുറത്തിറക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി ക്രോക്കോച്ച് ജനതാ പാർട്ടി അറിയിച്ചു.അർധരാത്രിയിൽ സർക്കാരുമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് സി.ജെ.പി വിക്താക്കൾ ഇക്കാര്യം അറിയിച്ചത്.
പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിയെ ‘കരാർ ലംഘനം’ എന്ന് വിശേഷിപ്പിച്ച സി.ജെ.പി പുതിയ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
അർധരാത്രിയിൽ സർക്കാരുമായി നടന്ന ചർച്ചക്ക് ശേഷം പ്രതിഷേധക്കാർക്ക് ആശ്വാസം നൽകുന്ന ഉത്തരവുകൾ അസം, ബിഹാർ സർക്കാറുകൾ പുറത്തിറക്കിയതായും സി.ജെ.പി വ്യക്തമാക്കി.
അർധരാത്രി ഒരു മണിയോടെ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ, പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും കസ്റ്റഡിയിലുള്ള എല്ലാവരെയും മോചിപ്പിക്കുമെന്നും കേന്ദ്ര സർക്കാരും ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും സമാന സംരക്ഷണം ഉറപ്പാക്കുന്ന വിജ്ഞാപനങ്ങൾ പുറത്തിറക്കുമെന്നും സർക്കാർ വീണ്ടും ഉറപ്പുനൽകിയതായി സി.ജെ.പി മുഖ്യ വക്താവ് സൗരവ് ദാസ് അറിയിച്ചു.
മണിക്കൂറുകൾ നീണ്ട ചർച്ചയിൽ പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആറുകൾ പിൻവലിക്കുമെന്നും ഭാവിയിൽ നടപടികളൊന്നും ഉണ്ടാകില്ലെന്നും കസ്റ്റഡിയിലുള്ളവരെ മോചിപ്പിക്കുമെന്നും ഇത് സംബന്ധിച്ച അസമിന്റെയും ബിഹാറിന്റെയും സർക്കാർ വിജ്ഞാപനങ്ങളുടെ പകർപ്പുകൾ അധികൃതർ കൈമാറിയതായും സൗരവ് ദാസ് പറഞ്ഞു. കേന്ദ്ര സർക്കാരും ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും ഇതുപോലെ ഉറപ്പുനൽകുന്ന ഉത്തരവുകൾ ഉടൻ പുറത്തിറക്കുമെന്ന വാഗ്ദാനവും സർക്കാർ ആവർത്തിച്ചതായും സൗരവ് ദാസ് കൂട്ടിച്ചേർത്തു.
ചർച്ചക്ക് ശേഷം പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ, സർക്കാർ നൽകിയ ഉറപ്പുകൾ പ്രാവർത്തികമാകുമോയെന്ന ആശങ്ക സി.ജെ.പി ചർച്ചയിൽ അറിയിച്ചതായി മുഖ്യ വക്താവ് സൗരവ് ദാസ് പറഞ്ഞു. ഇതിന് മറുപടിയായി പ്രതിഷേധക്കാർക്കെതിരായ എല്ലാ എഫ്.ഐ.ആറുകളും പിൻവലിക്കുമെന്നും, ഭാവിയിൽ അവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് വ്യക്തമാക്കുന്ന ബിഹാർ ആഭ്യന്തര വകുപ്പിന്റെ വിജ്ഞാപനം കാണിച്ച്കൊടുത്തതായും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സംഘടന മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിലൊന്ന് അംഗീകരിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി ജന്തർ മന്തറിലെ 37 ദിവസം നീണ്ടുനിന്ന പ്രതിഷേധം കഴിഞ്ഞ ആഴ്ച അവസാനിപ്പിച്ചിരുന്നു.
എന്നാൽ, ചർച്ചകളിൽ സർക്കാർ നൽകിയ ഉറപ്പുകൾക്ക് വിരുദ്ധമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടപടി തുടരുകയാണെന്ന് സി.ജെ.പി വക്താവ് ആശുതോഷ് റങ്ക ആരോപിച്ചിരുന്നു. പ്രതിഷേധക്കാർക്കെതിരായ എല്ലാ കേസുകളും ഉടൻ പിൻവലിക്കണമെന്നും ഉറപ്പ് പാലിച്ചില്ലെങ്കിൽ വീണ്ടും പ്രതിഷേധം ആരംഭിക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.