ഹിമാചൽ പ്രദേശിൽ കനത്ത മഴ; നൂറിലധികം റോഡുകൾ തകർന്നു, മണ്ണിടിച്ചിലിൽ നിരവധി വാഹനങ്ങൾ കുടുങ്ങി

ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടം. സംസ്ഥാനത്ത് മഴക്കെടുതികളിൽ ഇതുവരെ 15 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ചമ്പ ജില്ലയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ ഡസനോളം വാഹനങ്ങൾ മണ്ണിനടിയിലാവുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സംസ്ഥാനത്തുടനീളം100ലധികം റോഡുകൾ തകർന്നതിനെ തുടർന്ന് അടച്ചിട്ടു.

സംസ്ഥാനത്ത് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും മൂലം 38 കുടിവെള്ള പദ്ധതികളും ഒമ്പത് വൈദ്യുതി ട്രാൻസ്ഫോർമറുകളും തകരാറിലായതായി കണക്കുകൾ പറയുന്നു. ഇതോടെ പല പ്രദേശങ്ങളിലും വൈദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടു.

ചമ്പ, കാംഗ്ര, കുള്ളു, മാണ്ഡി, ഷിംല, സിർമൗർ, സോളൻ ജില്ലകളിലെ ചില മേഖലകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കൂടാതെ, ജൂലൈ 30 വരെ സംസ്ഥാനത്തെ ചില ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

ചമ്പയിലെ ഭരിയാദിൽ അരുവികളിൽ ഒഴുക്ക് പെട്ടെന്ന് കൂടിയതിനാൽ നിരവധി കുടുംബങ്ങൾക്ക് വീട് വിട്ട് പോകേണ്ടി വന്നു. കനത്ത മഴയെത്തുടർന്ന് അരുവികളും അഴുക്കുചാലുകളും നിറഞ്ഞൊഴുകുകയാണ്. ഉദയ്പൂർ- ഗോൾത്തി-നവോദയ റോഡിൽ ഭരിയാദിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ കാറുകൾ, ട്രക്കുകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയുൾപ്പെടെ ഡസനോളം വാഹനങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. മണ്ണിടിച്ചിലിൽ റോഡുകളും വീടുകളും ഉൾപ്പെടെ തകർന്നു.

ഷിംല നഗരത്തിലെ പ്രധാന ജലവിതരണ പദ്ധതികളിലൊന്നായ സത്‌ലജ് വാട്ടർ സപ്ലൈ പദ്ധതിയിലെ ട്രാൻസ്ഫോർമർ തകരാറും നദികളിൽ ചെളി നിറതും കാരണം അടുത്ത ഏതാനും ദിവസങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരികളും നാട്ടുകാരും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഭരണകൂടം നിർദേശിച്ചു.

Tags:    
News Summary - Heavy rain lash Himachal landslides bury vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.