സിദ്ധരാമയ്യ

സിദ്ധരാമയ്യ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നില്ല, കോൺഗ്രസിനായി പ്രചാരണ രംഗത്ത് തുടരും -യതീന്ദ്ര

ബംഗളൂരു: 2028ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനം സജീവ രാഷ്ട്രീയത്തിൽ നിന്നുള്ള വിരമിക്കലല്ലെന്ന് മകനും കർണാടക മന്ത്രിയുമായ യതീന്ദ്ര സിദ്ധരാമയ്യ വ്യക്തമാക്കി. കോൺഗ്രസിന്റെ പ്രധാന പ്രചാരകനായി തുടർന്നും സംസ്ഥാനത്തുടനീളം അദ്ദേഹം സജീവമാകുമെന്നും യതീന്ദ്ര പറഞ്ഞു. ബെളഗാവിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് യതീന്ദ്രയുടെ പ്രതികരണം.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മാത്രമാണ് സിദ്ധരാമയ്യ പറഞ്ഞതെന്നും പൊതുജീവിതത്തിൽ നിന്നോ സജീവ രാഷ്ട്രീയത്തിൽ നിന്നോ പിന്മാറുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും യതീന്ദ്ര പറഞ്ഞു. ‘പാവപ്പെട്ടവർക്കും പിന്നാക്ക വിഭാഗങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുന്നത് അദ്ദേഹം തുടരും. പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുകയും സംഘടനയെ ശക്തിപ്പെടുത്തുകയും പുതിയ നേതൃത്വത്തിന് മാർഗനിർദേശം നൽകുകയും ചെയ്യും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് മാത്രമല്ല രാഷ്ട്രീയം’ യതീന്ദ്ര പറഞ്ഞു.

അതേസമയം, സംസ്ഥാന മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായി, കോൺഗ്രസ് ഹൈക്കമാൻഡ് സിദ്ധരാമയ്യയെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും കൂടിക്കാഴ്ചകൾക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുകയെന്നും യതീന്ദ്ര അറിയിച്ചു.

കഴിഞ്ഞ ദിവസം സിദ്ധരാമയ്യ 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രായം, ആരോഗ്യപ്രശ്നങ്ങൾ, രാഷ്ട്രീയത്തിൽ വർധിച്ചുവരുന്ന അഴിമതി എന്നിവയാണ് തീരുമാനത്തിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. എന്നാൽ പൊതുജീവിതത്തിലും കോൺഗ്രസ് പ്രവർത്തനങ്ങളിലും സജീവമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മാണ്ഡ്യ ജില്ലയിലെ കെ.ആർ പേട്ടയിൽ കെ.ആർ പേട്ട കൃഷ്ണയുടെ ജന്മദിന പരിപാടിയിലെ പ്രസംഗത്തിൽ പ്രഖ്യാപിച്ച തീരുമാനം അദ്ദേഹം ഞായറാഴ്ച എക്സിൽ കുറിക്കുകയായിരുന്നു. രാഷ്ട്രീയം വളരെയധികം മലിനീകരിക്കപ്പെട്ടിരിക്കുന്നു. സത്യസന്ധമായ രാഷ്ട്രീയം നിലനിൽക്കാൻ പാടുപെടുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഭാവിയിലെ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്. മാണ്ഡ്യ പരിപാടിയിൽ പങ്കെടുത്തവർ കുറഞ്ഞത് 10 വർഷമെങ്കിലും സജീവ രാഷ്ട്രീയത്തിൽ തുടരണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

വരുണ നിയമസഭാ മണ്ഡലത്തിലെ ജനങ്ങൾ തന്നോട് വീണ്ടും മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഭാവിയിലെ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കേണ്ടെന്നാണ് തന്റെ തീരുമാനം. നേരത്തെ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചപ്പോൾ മണ്ഡലത്തിലെ ആളുകൾ സാമ്പത്തികമായി സംഭാവന നൽകുകയും വിജയിപ്പിക്കാൻ സഹായിക്കുകയും ചെയ്തിരുന്നു. ഇന്ന് സ്ഥിതി തികച്ചും വ്യത്യസ്തമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോഴേക്കും തനിക്ക് ഏകദേശം 82 വയസ്സ് തികയും. ഇതേ അളവിലുള്ള ഊർജ്ജവും ആരോഗ്യവും ഉണ്ടായിരിക്കില്ലെന്ന് നിലവിൽ 79 വയസ്സുള്ള മുൻ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

2028 ആവുമ്പോഴേക്കും താൻ പൊതുജീവിതത്തിൽ 50 വർഷം പൂർത്തിയാക്കും. 1978 ൽ താലൂക്ക് ബോർഡ് അംഗമായാണ് രാഷ്ട്രീയ യാത്ര ആരംഭിച്ചത്. വിജയത്തിനും പരാജയത്തിനും ഒരുപോലെ സാക്ഷ്യം വഹിച്ചിട്ടുണ്ട്.പക്ഷേ താൻ വിശ്വസിച്ച തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ മനസ്സാക്ഷിയെ വഞ്ചിക്കുകയോ ചെയ്തിട്ടില്ല, നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പുകൾ കൂടുതൽ ചെലവേറിയതായി മാറിയെന്നും സത്യസന്ധമായ രാഷ്ട്രീയം നിലനിൽക്കാൻ പ്രയാസമാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. 

Tags:    
News Summary - സിദ്ധരാമയ്യ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നില്ല, കോൺഗ്രസിനായി പ്രചാരണ രംഗത്ത് തുടരും | യതീന്ദ്ര

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.