സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.ജെ.പി സമരങ്ങളെ നേരിട്ട പൊലീസ് അതിക്രമങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സമരം നടക്കുന്നു എന്ന കാരണത്താൽ മാത്രം പൊലീസിന്റെ അതിക്രമങ്ങളെ ന്യായീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചതിന് തൊട്ടടുത്ത ദിവസമാണ് കോടതിയുടെ ഈ സുപ്രധാന ഇടപെടൽ.
സമരങ്ങളിൽ പങ്കെടുത്ത് അറസ്റ്റിലാവുകയോ കസ്റ്റഡിയിലാവുകയോ ചെയ്ത, ക്രിമിനൽ പശ്ചാത്തലമില്ലാത്ത എല്ലാ വിദ്യാർഥികളെയും വിട്ടയക്കുന്നത് ഉൾപ്പെടെയുള്ള വിവിധ ഇടക്കാല ഉത്തരവുകളും കോടതി പുറപ്പെടുവിച്ചു. കൂടാതെ, വിദ്യാർഥി പ്രക്ഷോഭകരുടെ വ്യക്തിഗത വിവരങ്ങളും ഡിജിറ്റൽ ഡാറ്റയും സംരക്ഷിക്കണമെന്നും തൽക്കാലത്തേക്ക് അവ പൊതുസമൂഹത്തിന് മുന്നിൽ പരസ്യപ്പെടുത്തരുതെന്നും സംസ്ഥാനങ്ങൾക്ക് കോടതി നിർദേശം നൽകി.
ജൂലൈ 20 മുതൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ രാജ്യത്തുടനീളം വിദ്യാർഥി പ്രതിഷേധങ്ങൾ നടത്തിയവർക്ക് നേരെ പൊലീസ് അതിക്രമം ആരോപിച്ചുകൊണ്ടുള്ള ഒരു കൂട്ടം ഹരജികളാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. പരിക്കേറ്റ പൊലീസുകാർക്കും മാധ്യമപ്രവർത്തകർക്കും വേണ്ടി സമർപ്പിച്ച ഹരജികളും കോടതി പരിഗണിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ, ഡ്രോൺ ദൃശ്യങ്ങൾ, ബോഡി കാമറ റെക്കോർഡിങുകൾ, വയർലെസ് കമ്മ്യൂണിക്കേഷൻ, പി.സി.ആർ ലോഗുകൾ എന്നിവ സംരക്ഷിച്ചു വെക്കാൻ കോടതി നിർദേശം നൽകി.
അന്വേഷണത്തിനായി മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചേക്കാമെന്ന് കോടതി സൂചിപ്പിക്കുകയും, കേന്ദ്ര സർക്കാരിന്റെയും അസം, ബിഹാർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരള എന്നീ സംസ്ഥാനങ്ങളുടെയും മറുപടി തേടുകയും ചെയ്തു. പ്രതിഷേധത്തിനിടയിൽ അറസ്റ്റിലാവുകയോ കസ്റ്റഡിയിലാവുകയോ ചെയ്ത, ക്രിമിനൽ പശ്ചാത്തലമില്ലാത്ത 18 വയസ്സിന് താഴെയുള്ള എല്ലാ വിദ്യാർഥികളെയും വിട്ടയക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിലും മറ്റ് നഗരങ്ങളിലും നടന്ന പ്രതിഷേധങ്ങൾക്കിടയുണ്ടായ പൊലീസ് നടപടികൾ കഴിഞ്ഞ ആഴ്ചകളിൽ വലിയ രീതിയിൽ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഡൽഹിയിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചതിനെ തുടർന്ന് നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബിഹാറിലെ പ്രതിഷേധങ്ങളിൽ പൊലീസ് വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും, പ്രതിഷേധത്തിനിടയിൽ എ.കെ-47 തോക്ക് ഉപയോഗിച്ച് വെടിയുതിർത്ത പൊലീസുകാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഹരജികളിലെ ആരോപണങ്ങളും വാദങ്ങളും വിശകലനം ചെയ്ത ചീഫ് ജസ്റ്റിസ് എന്തുകൊണ്ട് ഒരു സ്വതന്ത്ര അന്വേഷണം ഉണ്ടായിക്കൂടാ എന്ന് പറഞ്ഞു: "ഇത് തുടക്കത്തിൽ വിദ്യാർഥികളുടെ സമാധാനപരമായ ഒരു പ്രതിഷേധമായി ഉദ്ദേശിച്ചുള്ളതായിരുന്നു. അത്തരം പ്രതിഷേധങ്ങൾക്ക് ഭരണഘടനയുടെ സംരക്ഷണമുണ്ട്. ഇപ്പോൾ രണ്ട് കാര്യങ്ങൾ സംഭവിക്കുന്നു. പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ അതിലേക്ക് പ്രവേശിച്ച് അക്രമങ്ങളിൽ ഏർപ്പെടുന്നു. രണ്ടാമത്, പരിക്കേറ്റ പൊലീസുകാർക്ക് വേണ്ടിയും ഹരജികളുണ്ട്... എന്തുകൊണ്ട് ഒരു സ്വതന്ത്ര അന്വേഷണം ഉണ്ടായിക്കൂടാ?"- സുപ്രീം കോടതി ചോദിച്ചു. പ്രതിഷേധങ്ങളിലെ പൊലീസ് നടപടികൾ നിയന്ത്രിക്കണമെന്നും, സിവില്‍ വേഷത്തിലുള്ള ഉദ്യോഗസ്ഥരുടെ സേവനം ഒഴിവാക്കണമെന്നും, സ്വതന്ത്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിവിധ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.