ന്യൂഡൽഹി: ഇസ്ലാമിക ശരീഅത്ത് അനുവദിച്ച ബഹുഭാര്യത്വം രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായയുടെ നേതൃത്വത്തിൽ സമർപ്പിച്ച ഹരജികളിൽ വാദംകേൾക്കലുമായി മുന്നോട്ടുപോകാൻ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് തീരുമാനിച്ചു.
ദേശീയ മനുഷ്യാവകാശ കമീഷൻ, വനിത കമീഷൻ, ന്യൂനപക്ഷ കമീഷൻ എന്നിവക്ക് നോട്ടീസ് അയച്ച ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ അഞ്ചംഗ ബെഞ്ച് കേസിൽ ഒക്ടോബറിൽ വാദം കേൾക്കും. ഇസ്ലാമികമല്ലാത്ത ചടങ്ങ് കല്യാണം (നികാഹ് ഹലാല) നിരോധിക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. തലേന്ന് രാത്രി ഭരണഘടന ബെഞ്ചുണ്ടാക്കി ചൊവ്വാഴ്ചതന്നെ പട്ടികയിൽപ്പെടുത്തി ഹിജാബ് കേസ് പോലെ വളരെ തിരക്കിട്ടാണ് ബഹുഭാര്യത്വവും ചടങ്ങ് കല്യാണവും നിരോധിക്കാനുള്ള ആവശ്യം സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിച്ചത്.
ബി.ജെ.പി നേതാവ് ആദ്യം ഹരജിക്കാരനായിരുന്ന കേസിൽ നൈസ ഹസൻ, ശബ്നം, ഫർസാന, ശമീന ബീഗം, മുഹ്സിൻ ഖാദിരി എന്നിവരെയും ഇതേ ആവശ്യവുമായി ഹരജിക്കാരായി കക്ഷി ചേർത്തിട്ടുണ്ട്. 'മുസ്ലിം വിമൻസ് റെസിസ്റ്റൻസ് കമ്മിറ്റി' എന്ന പേരിലുമുണ്ട് ഒരു ഹരജി. മുസ്ലിം വ്യക്തി നിയമം അനുവദിച്ച കാര്യങ്ങളിൽ സുപ്രീംകോടതി ഇടപെടുന്നത് ഭരണഘടനാവിരുദ്ധമാണ് എന്ന് വ്യക്തമാക്കി ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് എതിർകക്ഷിയായും ചേർന്നിട്ടുണ്ട്.
ഒരു മുസ്ലിമിന് ഒന്നിലധികം വിവാഹം ചെയ്യാൻ അനുവദിക്കുന്ന ഇസ്ലാമിക നിയമത്തിലെ ബഹുഭാര്യത്വം രാജ്യത്ത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. ഇതിനായി മുസ്ലിം വ്യക്തിനിയമത്തിലെ രണ്ടാം വകുപ്പ് റദ്ദാക്കണം.
മുത്തലാഖ് നിരോധിച്ചതിന് പിന്നാലെ മുസ്ലിംകളുടെ തലാഖ് തന്നെയും നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി പരിഗണിക്കുന്നതിന് പുറമെയാണ് ബഹുഭാര്യത്വം കൂടി തീർപ്പാക്കാനുള്ള നീക്കം. ജസ്റ്റിസ് ഇന്ദിര ബാനർജിക്ക് പുറമെ ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സൂര്യകാന്ത്, എം.എം സുന്ദരേഷ്, സുധാൻഷു ധുലിയ എന്നിവരാണ് ബെഞ്ചിലുള്ളത്.
ബി.ജെ.പി പ്രകടനപത്രികയിലെ വാഗ്ദാനമായ ഏക സിവിൽ കോഡ് ലക്ഷ്യം വെച്ച് ഇതിനകം നിരവധി ഹരജികൾ സുപ്രീംകോടതിയിൽ സമർപ്പിച്ച അശ്വിനികുമാർ ഉപാധ്യായ 'സൗജന്യങ്ങൾ' നിരോധിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യവുമായിട്ടാണ് ഏറ്റവുമൊടുവിൽ എത്തിയത്. ബി.ജെ.പി അജണ്ടകൾ പൊതുതാൽപര്യ ഹരജികളായി പതിവായി സുപ്രീംകോടതിയിൽ കൊണ്ടുവരുന്ന ഉപാധ്യായയോട് മുൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ ഇതിന് പ്രത്യേകം നന്ദി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.