ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗ കേസ് മുഖ്യപ്രതിയും ബി.ജെ.പി മുൻ എം.എൽ.എയുമായ കുൽദീപ് സെംഗറിന് സഹായകരമായ രീതിയിൽ അന്വേഷിച്ച മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സി.ബി.ഐ ഉദ്യോഗസ്ഥർക്ക് പരാതി നൽകി. സെംഗറിനെ രക്ഷിക്കാൻ തന്റെ ജനനത്തീയതി തെറ്റാണെന്ന് കാണിക്കാൻ താൻ പഠനം നടത്താത്ത സർക്കാർ സ്കൂളിന്റെ പേരിൽ അന്വേഷണ ഉദ്യോഗസ്ഥൻ വ്യാജരേഖ ചമച്ചുവെന്നും ആറ് പേജുള്ള പരാതിയിൽ അതിജീവിത ബോധിപ്പിച്ചു.
2017ൽ ബലാത്സംഗത്തിനിരയാകുമ്പോൾ ബാലികയായിരുന്ന അതിജീവിതയുടെ ജനനത്തീയതിയിൽ കൃത്രിമം കാണിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിച്ചത്. ഇതു കൂടാതെ ഹീരാ സിങ് എന്ന യുവതിയുടെ മൊബൈൽ അതിജീവിത ഉപയോഗിച്ചിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റപത്രത്തിൽ എഴുതിച്ചേർന്നെന്നും പരാതിയിലുണ്ട്.
എന്തുകൊണ്ടാണ് കുൽദീപിന് ജാമ്യം അനുവദിച്ചതെന്ന് ചോദിക്കാൻ ശനിയാഴ്ച രാവിലെ താൻ ഡൽഹി ഹൈകോടതിയിൽ പോയിരുന്നു എന്ന് അതിജീവിത പറഞ്ഞു. എന്നാൽ, കോടതി അടച്ചിട്ടിരിക്കുന്നു എന്ന മറുപടിയാണ് ലഭിച്ചത്. അതിനുശേഷമാണ് സി.ബി.ഐ ഓഫിസിലേക്ക് പോയത്. എന്നാൽ, സി.ബി.ഐ ഓഫിസും അവധിയാണെന്നും തിങ്കളാഴ്ച വരണമെന്നും ആവശ്യപ്പെട്ട് തിരിച്ചയക്കുകയായിരുന്നെന്നും അതിജീവിത പറഞ്ഞു. ഇതിനെ തുടർന്നാണ് സി.ബി.ഐ ഉദ്യോഗസ്ഥരെ നേരിൽ കണ്ട് അന്വേഷണ ഉദ്യോഗസ്ഥനും സെംഗറുമായുള്ള ബന്ധത്തെക്കുറിച്ച് പരാതി നൽകിയതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.