ന്യൂഡൽഹി: അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് അറസ്റ്റിന്റെ കാരണങ്ങൾ രേഖാമൂലവും അവർക്ക് മനസിലാകുന്ന ഭാഷയിലും എഴുതി നൽകണമെന്ന് സുപ്രീം കോടതി. അല്ലാത്തപക്ഷം മൗലികാവകാശ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയും ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മാസിഹും ഉൾപ്പെട്ട ബെഞ്ചിന്‍റേതാണ് ഉത്തരവ്.
ചില അസാധാരണ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം കാരണം എഴുതി നൽകാൻ കഴിഞ്ഞില്ലെങ്കിൽ കോടതിയിൽ ഹാജരാക്കുന്നതിന്‍റെ രണ്ട് മണിക്കൂർ മുമ്പെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയതിന്‍റെ കാരണം നൽകണമെന്നാണ് കോടതി ഉത്തരവ്. അല്ലാത്തപക്ഷം അറസ്റ്റും തുടർന്നുള്ള റിമാൻഡും നിയമവിരുദ്ധമാകുമെന്നും ബെഞ്ച് വ്യക്തമാക്കി.
എന്തിന് അറസ്റ്റ് ചെയ്യപ്പെടുന്നു എന്നത് തിരിച്ചറിയേണ്ടത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 22(1) പ്രകാരം പൗരാവകാശമാണ്. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി.
2024 ജൂലായ് ഏഴിന് മുംബൈയിൽ ആഡംബരക്കാറിടിച്ച് സ്കൂട്ടർ യാത്രികയെ കൊലപ്പെടുത്തിയ കേസിനെ ആസ്പദമാക്കിയാണ് വിധി. കേസിൽ ശിവസേന (ഷിന്ദേ വിഭാഗം) നേതാവ് രാജേഷ് ഷആയുടെ മകൻ മിഹർ ഷായുടെ അറസ്റ്റ് നിയമ വിരുദ്ധമാണെന്നും കോടതി പ്രഖ്യാപിച്ചു.
അറസ്റ്റിന്റെ വിവരങ്ങൾ അറസ്റ്റ് ചെയ്തയാൾക്ക് മനസിലാകുന്ന ഭാഷയിൽ രേഖാമൂലം അറിയിക്കണം. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന് അതിന്‍റെ കാരണം രേഖാമൂലം അറിയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അത് വാമൊഴിയായി അറിയിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
വിധിന്യായത്തിന്റെ പകർപ്പ് എല്ലാ ഹൈകോടതികളിലെയും രജിസ്ട്രാർ ജനറൽമാർക്കും എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും അയക്കാൻ സുപ്രീം കോടതി രജിസ്ട്രിയോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.