ഒരുമിച്ച് താമസിച്ച് കുട്ടികളുണ്ടായി, ഇപ്പോൾ ബലാത്സംഗം എന്ന് വിളിക്കുന്നു; ലിവിങ് ടുഗതർ ബന്ധങ്ങളിൽ ചോദ്യങ്ങളുമായി സുപ്രീംകോടതി

ന്യൂഡൽഹി: പരസ്പര സമ്മതത്തോടെയുള്ള ലിവിങ് ടുഗതർ ബന്ധങ്ങൾ തകർന്നതിനുശേഷം അവക്രിമിനൽ കുറ്റമാക്കുന്നതിൽ ചോദ്യങ്ങളുമായി സുപ്രീം കോടതി. കുഞ്ഞ് ജനിച്ചതിന് ശേഷം അതിനെ ലൈംഗികാതിക്രമം എന്ന് പറയാമോ എന്നും കോടതി ചോദിച്ചു. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബി.വി. നാഗരത്നയുടെ അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് നിരീക്ഷണം. വിവാഹവാഗ്ദാനം നൽകി പങ്കാളി പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്ത് വഞ്ചിച്ചെന്നുമായിരുന്നു പരാതി. കേസിൽ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന സ്ത്രീയുടെ അവകാശവാദം കോടതി തള്ളി.ലിവ്-ഇൻ ബന്ധങ്ങളുമായി ബന്ധപ്പെട്ട സങ്കീർണതകൾ അടിവരയിടുന്നതായിരുന്നു കോടതിയുടെ പരാമർശങ്ങൾ. ഒരു പങ്കാളിക്ക് എപ്പോൾ വേണമെങ്കിലും ബന്ധത്തിൽ നിന്ന് മാറിനിൽക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

'ഇതൊരു ലിവ്-ഇൻ ബന്ധമാണ്. നിയമപരമായി വിവാഹംപോലും കഴിക്കാതെതന്നെ ഒരു കുട്ടിജനിച്ചു. ഇപ്പോൾ ഒരാൾ പറയുന്നു ബലാത്സംഗവും ആക്രമണവും നടന്നെന്ന്. എന്താണിത്?', ജസ്റ്റിസ് നാഗരത്ന ആരാഞ്ഞു.“ലിവ്-ഇൻ ബന്ധങ്ങളിൽ സംഭവിക്കുന്നത് ഇതാണ്. വർഷങ്ങളോളം അവർ ഒരുമിച്ച് താമസിച്ചു. അവർ വേർപിരിഞ്ഞാൽ, സ്ത്രീ പുരുഷനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകുന്നു. വിവാഹേതര ബന്ധങ്ങളിലെ ദുരവസ്ഥയാണിത്,” സുപ്രീം കോടതി നിരീക്ഷിച്ചു.

നിയമപരമായുള്ള വിവാഹബന്ധത്തിന് പുറത്ത് ഒന്നിച്ചു ജീവിക്കാൻ അവർ തീരുമാനമെടുക്കുമ്പോൾ അതിലുണ്ടാകുന്ന അപകടസാധ്യതകൾ തിരിച്ചറിയേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരുവർക്കുമിടയിൽ ഉണ്ടായിരുന്ന ഉഭയസമ്മതപ്രകാരമുള്ള ബന്ധം എങ്ങനെയാണ് ബലാത്സംഗാരോപണമാകുന്നതെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന ചോദിച്ചു.

യുവതിയെ 18 വയസ്സുള്ളപ്പോഴാണ് യുവാവ് പരിചയപ്പെട്ടത്. ഈ സമയത്ത് ഇയാൾ നാല് വിവാഹം കഴിച്ചിരുന്നുവെന്നും ഇക്കാര്യം യുവതിയ്ക്ക് അറിയില്ലായിരുന്നുവെന്നും ഹർജിക്കാരിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. എന്നാൽ, വിവാഹം കഴിക്കാതെ ഇയാൾക്കൊപ്പം യുവതി എന്തിന് കഴിഞ്ഞെന്നും ഒരു കുഞ്ഞിന് ജന്മംനൽകിയെന്നും കോടതി ചോദിച്ചു.നിയമപരമല്ലാത്ത ബന്ധങ്ങൾ ഉണ്ടായേക്കാം.എന്നാൽ ഇത്തരം ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടി നിയമപരമല്ലാതാകുന്നില്ലെന്നും കോടതി വ്യക്തമാക്കി. നിയമപരമായ വിവാഹ ബന്ധമുണ്ടായിരുന്നുവെങ്കിൽ അത് കൂടുതൽ നന്നാകുമായിരുന്നുവെന്നും കോടതി പറഞ്ഞു.. മധ്യസ്ഥ ചർച്ചയിൽക്കൂടി പ്രശ്നം പരിഹരിക്കാനും കോടതി നിർദേശിച്ചു.

Tags:    
News Summary - SC flags live-in relationship risks: Had child together, now she calls it rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.