ന്യൂഡൽഹി: മുതിര്‍ന്ന മാധ്യമപ്രവര്ത്തകൻ കരണ്‍ ഥാപ്പര്‍, ‘ദ വയർ’ എഡിറ്റർ സിദ്ധാര്‍ഥ് വരദരാജന് തുടങ്ങിയ മാധ്യമ പ്രവർത്തകർക്കെതിരെ അസം പൊലീസ് ചുമത്തിയ രാജ്യദ്രോഹക്കേസിലെ നടപടികൾ വീണ്ടും തടഞ്ഞ് സുപ്രീംകോടതി.
ആഗസ്റ്റ് 22ന് ഇടക്കാല ഉത്തരവിലൂടെ മാധ്യമ പ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി, തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് തൽസ്ഥിതി തുടരാൻ നിർദേശിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ് മല്യ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി.
ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ദി വയർ നൽകിയ വാർത്ത രാജ്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അസം പൊലീസ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇരുവർക്കും നോട്ടീസ് നല്‍കിയത്. ഹാജരാകാത്തപക്ഷം അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചിരുന്നു. തുടർന്നാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചതും അനുകൂലമായ ഇടക്കാല വിധി സമ്പാദിച്ചതും.
പൊലീസിന് മറുപടി നൽകിയിട്ടും പ്രതികരിച്ചില്ലെന്ന് വരദരാജനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹരജിക്കാരുടെ വാദം കേട്ട കോടതി കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റി. അതുവരെയും നടപടികൾ പാടില്ലെന്നും നിർദേശിച്ചു.
ഓപറേഷന് സിന്ദൂറിനിടെ, ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നെന്ന വാര്‍ത്തയുടെ പേരിലാണ് ദ വയറിനെതിരെ കേസെടുത്തത്.
‘രാഷ്ട്രീയ നേതൃത്വത്തിന്റെ നിയന്ത്രണങ്ങൾ കാരണം ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പാകിസ്താനിൽവെച്ച് നഷ്ടമായി: ഇന്ത്യൻ പ്രതിരോധ അറ്റാഷെ’ എന്ന തലക്കെട്ടിൽ ജൂൺ 28ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവർത്തകൻ നൽകിയ പരാതിയിൽ ജൂലൈ 11ന് വരദരാജനെതിരെ മൊറിഗോവ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഈ കേസിൽ പുതിയ രാജ്യദ്രോഹ നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് ‘ദ വയർ’ സമർപ്പിച്ച ഹരജിൽ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.