അഫ്സൽ അൻസാരിയുടെ ശിക്ഷ താൽക്കാലികമായി തടഞ്ഞു; ലോക്സഭ നടപടികളിൽ പങ്കെടുക്കാമെന്ന് കോടതി

ന്യൂഡൽഹി: 2007ലെ യു.പി ഗുണ്ടാനിയമ കേസിൽ അയോഗ്യനാക്കപ്പെട്ട ബി.എസ്.പി എം.പി അഫ്സൽ അൻസാരിയുടെ ശിക്ഷ സുപ്രീംകോടതി ഉപാധികളോടെ തടഞ്ഞു. കേസിലുൾപ്പെട്ടതിനെ തുടർന്ന് അഫ്സൽ അൻസാരിയെ കഴിഞ്ഞ മേയിൽ എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയിരുന്നു. ലോക്‌സഭയിൽ നടപടിക്രമങ്ങളിൽ പങ്കെടുക്കാമെന്നും എന്നാൽ, വോട്ട് ചെയ്യുകയോ ആനുകൂല്യങ്ങൾ നേടുകയോ ചെയ്യരുതെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. ദീപാങ്കർ ദത്തയാണ് വ്യത്യസ്തമായ വിധി പുറപ്പെടുവിച്ചത്.

ശിക്ഷക്കെതിരെ ഇദ്ദേഹം നൽകിയ ക്രിമിനൽ അപ്പീൽ അടുത്ത ജൂൺ 30നകം തീർപ്പാക്കാൻ അലഹബാദ് ഹൈകോടതിയോട് സുപ്രീംകോടതി നിർദേശിച്ചു. ശിക്ഷ സസ്‌പെൻഡ് ചെയ്യാൻ അലഹബാദ് ഹൈകോടതി ജൂലൈ 24ന് വിസമ്മതിച്ചെങ്കിലും അൻസാരിക്ക് ജാമ്യം അനുവദിച്ചിരുന്നു.

നാലു വർഷം തടവും ഒരുലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. സഹോദരനും മുൻ എം.എൽ.എയുമായ മുഖ്താർ അൻസാരിക്ക് പത്തു വർഷവും തടവ് വിധിച്ചു.

2005 നവംബർ 29ന് ഗാസിപൂരിലെ ബി.ജെ.പി എം.എൽ.എ കൃഷ്ണനാഥ് റായിയെ കൊലപ്പെടുത്തിയ കേസിലും 1997ൽ വാരാണസിയിലെ വ്യാപാരിയായ നന്ദ് കിഷോർ രുംഗ്തയെ തട്ടിക്കൊണ്ടുപോയി കൊന്ന കേസിലുമായിരുന്നു ഗുണ്ടാനിയമപ്രകാരം കേസെടുത്തത്. ഉത്തർപ്രദേശിലെ ഗാസിപുർ നിയോജക മണ്ഡലത്തിൽനിന്നുള്ള എം.പിയാണ് അൻസാരി.

Tags:    
News Summary - SC conditionally suspends conviction of former BSP MP Afzal Ansari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.