സംവരണം 50 ശതമാനത്തിൽ തുടരണോ? സുപ്രീംകോടതി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി

ന്യൂഡൽഹി: സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സർക്കാർ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും ഏർപ്പെടുത്തിയ സംവരണം 50 ശതമാനത്തിൽ തുടരണമോയെന്ന് സുപ്രീംകോടതി. സംവരണം 50 ശതമാനമാക്കി നിശ്ചയിച്ച 1992ലെ കോടതി വിധി പുനഃപരിശോധിക്കാവുന്നതാണെന്ന് അഭിപ്രായപ്പെട്ട കോടതി, 50 ശതമാനം എന്ന പരിധിക്കു മേല്‍ സംവരണം അനുവദിക്കണമോയെന്ന കാര്യത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി.

ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനും എൽ. നാഗേശ്വര റാവു, എസ്. അബ്ദുൾ നസീർ, ഹേമന്ത് ഗുപ്ത, രവീന്ദ്ര ഭട്ട് എന്നിവർ അംഗങ്ങളുമായ ഭരണഘടന ബെഞ്ചിന്‍റെതാണ് നടപടി. മറാത്ത സംവരണത്തിന്‍റെ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതി സംവരണ പരിധി പുന:പരിശോധിക്കാമെന്ന് അഭിപ്രായപ്പെട്ടത്.

സംസ്ഥാനങ്ങൾക്ക് അവരുടെ അഭിപ്രായം അറിയിക്കാൻ സമയം അനുവദിച്ച കോടതി, മാർച്ച് 15 മുതൽ ഇക്കാര്യത്തിൽ വാദം കേൾക്കാൻ തീരുമാനിച്ചു. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10% സംവരണമാകാമെന്ന കേന്ദ്രഭേദഗതിയും പരിശോധിക്കും.

1992ലെ ഇന്ദ്ര സാഹ്നി കേസിലെ വിധിന്യായത്തിലാണ് സംവരണം 50 ശതമാനം കടക്കരുതെന്ന് സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് വിധിച്ചത്. 50 ശതമാനത്തിന് മുകളിലുള്ള സംവരണം ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യാവകാശത്തിന്‍റെ ലംഘനമാണെന്ന് ഈ കേസില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 

Tags:    
News Summary - SC asks States to make it clear whether reservation should remain within 50% or not

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.