ന്യൂഡൽഹി: രാജ്യത്തെ പൗരത്വ സമരത്തിെൻറ പ്രതീകമായി മാറിയ ഉപരോധം തുടരുമെന്ന് ശാഹ ീൻബാഗ് സമരക്കാർ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥരെ അറിയിച്ചു. നോയ്ഡ-ഡൽഹി റോഡ ് ഉപരോധിച്ചുകൊണ്ടുള്ള സമരം അവസാനിപ്പിക്കാൻ വിവാദ പൗരത്വഭേദഗതി നിയമം പിൻവല ിക്കുകയാണ് വേണ്ടതെന്നും സമരക്കാർ മധ്യസ്ഥരോട് പറഞ്ഞു.
മധ്യസ്ഥതക്കുള്ള ചർച്ച വ്യാഴാഴ്ചയും തുടരുമെന്നും പ്രാരംഭമെന്നനിലയിൽ സമരക്കാർക്ക് പറയാനുള്ളത് കേ ൾക്കുക മാത്രമാണ് ചെയ്തതെന്നും മധ്യസ്ഥരായ സഞ്ജയ് ഹെഗ്ഡെയും സാധനാ രാമചന്ദ്രനും ഒന്നാംഘട്ട ചർച്ചക്കു ശേഷം അറിയിച്ചു.
ബുധനാഴ്ച ഉച്ചക്കാണ് മധ്യസ്ഥർ ശാഹീൻബാഗിലെത്തിയത്. ചർച്ചക്ക് മുെമ്പ സുപ്രീംകോടതി ഉത്തരവ് എന്താണെന്ന് അറിയേണ്ടത് പ്രധാനമാണെന്ന് പറഞ്ഞ് ഹെഗ്ഡെ അതു സമരക്കാരോട് വിശദീകരിച്ചു. അഭിപ്രായങ്ങൾ പ്രകടിപ്പിച്ചാണ് ജനാധിപത്യം പുലരുകയെന്നും എന്നാൽ, അതിനു വരകളും അതിരുകളുമുണ്ടെന്നും സാധന ചൂണ്ടിക്കാട്ടി. സമരക്കാരുമായി ആശയവിനിമയം നടത്താനും അവരുടെ വേദനകൾ മനസ്സിലാക്കാനുമാണ് തങ്ങൾ വന്നതെന്നും അതിനിടയിൽ നിന്ന് മാധ്യമ പ്രവർത്തകർ മാറി നിൽക്കണമെന്നും അവർ ആവശ്യപ്പെട്ടു. ചർച്ച മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിലാകണമെന്നും രാജ്യം അറിയണമെന്നും സമരക്കാർ ആദ്യം പറഞ്ഞെങ്കിലും പിന്നീടവർ മധ്യസ്ഥരെ മാനിച്ചു മാധ്യമപ്രവർത്തകരോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടു.
ശാഹീൻബാഗിലെ മുതിർന്ന സമരക്കാരായ ബിൽകീസ് ഖാതൂനും അസ്മ ഖാതൂനും നിയമം പിൻവലിക്കും വരെ തങ്ങൾ സമരരംഗത്ത് തുടരുമെന്ന് മധ്യസ്ഥരെ അറിയിച്ചു.
തുടർന്ന് സംസാരിച്ച സ്ത്രീകളും പൗരത്വഭേദഗതി നിയമം പിൻവലിക്കാതെ ഉപരോധ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി. സമരക്കാർക്ക് പറയാനുള്ളത് കേട്ട മധ്യസ്ഥർ മറുപടിയൊന്നും നൽകാതെ ചർച്ച വ്യാഴാഴ്ചയും തുടരുമെന്ന് വ്യക്തമാക്കി മടങ്ങാനിരിക്കെ, സുപ്രീംകോടതി മധ്യസ്ഥരെ സഹായിക്കാൻ ആവശ്യപ്പെട്ട മുൻ വിവരാവകാശ കമീഷണർ വജാഹത്ത് ഹബീബുല്ല ശാഹീൻബാഗിലെത്തി.
താൻ മധ്യസ്ഥനല്ലെന്നും അവരെ സഹായിക്കാൻ വന്നതാണെന്നും വജാഹത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ശാഹീൻബാഗിലെ ഉപരോധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഫെബ്രുവരി 24ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. അതിനു മുമ്പ് മധ്യസ്ഥർ ചർച്ച പൂർത്തിയാക്കി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.