വി.ഡി. സവർകർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ അരുൺ ഷൂരിയുടെ പുതിയ പുസ്തകം. മഹാത്മാ ഗാന്ധിയെ കുറിച്ചും സുഭാഷ് ചന്ദ്രബോസിനെ കുറിച്ചും സവർകർ നുണകൾ പറഞ്ഞുപരത്തിയെന്ന് ആരോപിച്ച അരുൺ ഷൂരി ആനുകൂല്യങ്ങൾക്കായി ബ്രിട്ടീഷുകാരോട് യാചിച്ചുവെന്നും അരുൺ ഷൂരി പുസ്തകവുമായി ബന്ധപ്പെട്ട് കരൺ ഥാപ്പറുമായി നടത്തിയ ചർച്ചക്കിടെ വെളിപ്പെടുത്തി.
1908ൽ ലണ്ടനിലെ ഇന്ത്യ ഹൗസിൽ ഗാന്ധിയും താനും സുഹൃത്തുക്കളെ പോലെ കഴിഞ്ഞുവെന്ന് സവർകറുടെ പറഞ്ഞുപരത്തി. ഇത് പച്ചക്കള്ളമായിരുന്നു. ഗാന്ധി ആ സമയത്ത് ലണ്ടൻ നഗരത്തിൽ പോലുമുണ്ടായിരുന്നില്ലെന്നു ഷൂരി ചൂണ്ടിക്കാട്ടി. ഏതൊരാളെയും ഗാന്ധി അഭിസംബോധന ചെയ്യാറുള്ളത് സുഹൃത്തേ എന്നാണ്. ഹിറ്റ്ലർക്ക് പോലും അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്തെ എന്നാണ് അഭിസംബോധന ചെയ്താണ് എഴുതിയിട്ടുള്ളത്. എന്നിട്ടും ഇക്കാര്യത്തിൽ സംശയിക്കുന്നവർ സവർകർ പലപ്പോഴും ഗാന്ധിക്ക് നൽകിയിട്ടുള്ള വിശേഷണങ്ങൾ പരിശോധിച്ചാൽ അത് തീർന്ന്കിട്ടുമെന്നും ഷൂരി പറഞ്ഞു. സഞ്ചരിക്കുന്ന പ്ലേഗ് എന്നും തലക്കു വെളിവില്ല എന്നുമാണ് പലപ്പോഴും സവർകർ ഗാന്ധിയെ കുറിച്ച് പറഞ്ഞിട്ടുള്ളത്. ഇക്കാര്യങ്ങളെ കുറിച്ച് വിശദീകരിക്കാൻ എന്റെ പുസ്തകത്തിൽ രണ്ട് പേജുകൾ മാറ്റിവെച്ചിട്ടുണ്ടെന്നും ഷൂരി സൂചിപ്പിച്ചു.
ഇതുപോലെയാണ് സവർകർ സുഭാഷ് ചന്ദ്രബോസിനെ കുറിച്ചു പറഞ്ഞിട്ടുള്ളതും. ബോസിനെ സ്വാധീനിച്ചിട്ടുണ്ടെന്നും പലപ്പോഴും അദ്ദേഹത്തെ ഉപദേശിച്ചിട്ടുണ്ട് എന്നുമൊക്കെയാണ് സവർകർ അവകാശപ്പെട്ടിട്ടുള്ളത്. ഇതെല്ലാം നട്ടാൽ കുരുക്കാത്ത പച്ചക്കള്ളങ്ങളാണ്. ഇന്ത്യയിൽ നിന്ന് രക്ഷപ്പെടാനും ഇന്ത്യൻ നാഷനൽ ആർമി സ്ഥാപിക്കാനും ഇന്ത്യയുടെ സമ്പൂർണ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും താൻ ബോസിന് ഉപദേശം നൽകിയെന്നാണ് സവർകർ പറഞ്ഞത്.
സവർകർ ഒരിക്കലും പശുവിനെ ആരാധിച്ചിരുന്നില്ല. നായ,പൂച്ച, പട്ടി, കഴുത തുടങ്ങിയ മൃഗങ്ങളെ പോലെയാണ് അദ്ദേഹം പശുവിനെയും കണ്ടത്. പശുവിന്റെ മൂത്രവും ചാണകവും ഭക്ഷിച്ചാൽ പാപം മുഴുവൻ ഇല്ലാതാകുമെന്നും രോഗങ്ങൾ മാറുമെന്നുമാണ് ഒരു വിഭാഗം ആളുകളുടെ വിശ്വാസം.പശുമാംസം ഭക്ഷിക്കുന്നതിനെ പോലും സവർകർ എതിർത്തിരുന്നില്ല. പന്നിയിറച്ചി കഴിക്കുന്നതും.-ഷൂരി വിശദീകരിച്ചു.
സവർകറെ തുറന്നുകാട്ടുകയാണ് പുസ്തകത്തിലൂടെ താൻ ലക്ഷ്യമിടുന്നതെന്നും അരുൺ ഷൂരി വ്യക്തമാക്കി. വലിയ പഠനങ്ങൾക്കൊന്നും മിനക്കെടാതെ തന്നെ പ്രസ്താവനകൾ മാത്രം പരിശോധിച്ചാൽ തന്നെ സവർകറുടെ വാദങ്ങൾ നുണകളാണെന്ന് കണ്ടെത്താൻ സാധിക്കും. ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞാൽ സവർകറുടെ അനുയായികൾ വേട്ടയാടുമെന്ന് നിങ്ങൾ ഭയന്നേക്കാം. എന്നാൽ കെട്ടിച്ചമച്ച എല്ലാ കാര്യങ്ങൾക്കും മീതെ സത്യം തെളിഞ്ഞു നിൽക്കുകയാണ്. സവർകറെ കുറിച്ച് ആളുകൾക്ക് പല സംശയങ്ങളുമുണ്ട്. അദ്ദേഹം പശുവിനെ ആരാധിച്ചിരുന്നോ? അതോ സാധാരണ മൃഗത്തെ പോലെയാണോ കണ്ടത്? ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയിരുന്നോ? അതോ അവരെ പ്രീണിപ്പിക്കാനാണോ ശ്രമിച്ചത്...എന്നിങ്ങനെ. ഉടൻ പുറത്തിറങ്ങുന്ന 'ദ ന്യൂ ഐക്കൺ: സവർകർ ആൻഡ് ദ ഫാക്ട്സ്' തന്റെ പുസ്തകത്തിലൂടെ അതിനെല്ലാം വിശദമായ ഉത്തരം ലഭിക്കുമെന്നും അരുൺ ഷൂരി അഭിമുഖത്തിൽ വിശദമാക്കി. സവർകറുടെ അനുയായികളെ ഞെട്ടിപ്പിക്കുന്നതും വിമർശകരെ അത്ഭുതപ്പെടുത്തുന്നതുമായ വിവരങ്ങളാണ് പുസ്തകത്തിലുള്ളതെന്നും അരുൺ ഷൂരി പറഞ്ഞു.
അടൽ ബിഹാരി വാജ്പേയി സർക്കാറിൽ മന്ത്രിയായിരുന്ന അരുൺ ഷൂരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.