ന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിലെ വിദ്യാർഥി യൂനിയൻ ഓഫിസിൽ വി.ഡി. സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ചു. നടപടിക്രമങ്ങൾ ലംഘിച്ചുള്ള എ.ബി.വി.പിയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. എം.ബി.വി.പി നേതാവും വിദ്യാർഥി യൂനിയൻ ജോയിന്റ് സെക്രട്ടറിയുമായ വൈഭവ് മീണയാണ് വിദ്യാർഥി യൂനിയൻ ഓഫിസിൽ സവർക്കറുടെ ചിത്രം സ്ഥാപിച്ചത്.
മേയ് 28ന് സവർക്കറുടെ ജൻമവാർഷിക പരിപാടിയോടനുബന്ധിച്ചാണ് മീണ ഹിന്ദുത്വ നേതാവിന്റെ ചിത്രം സ്ഥാപിച്ചത്. ഇതിന്റെ ചിത്രങ്ങളും വൈഭവ് മീണ എക്സിൽ പങ്കുവെച്ചു. ''മേയ് 28 ന് വീർ സവർക്കർ എന്നറിയപ്പെടുന്ന വിനായക് ദാമോദർ സവർക്കറുടെ ജന്മദിനത്തോടനുബന്ധിച്ച് ജെ.എൻ.യു സ്റ്റുഡന്റ്‌സ് യൂനിയൻ വീർ സവർക്കറുടെ ജയന്തി ആഘോഷിക്കുകയും ജെ.എൻ.യു വിദ്യാർഥി യൂനിയൻ ഓഫിസിൽ അദ്ദേഹത്തിന്റെ ഛായാചിത്രം സ്ഥാപിക്കുകയും ചെയ്തു. വിദ്യാർത്ഥി യൂനിയൻ ഓഫിസിൽ സവർക്കറുടെ ചിത്രം ഔദ്യോഗികമായി പ്രദർശിപ്പിക്കുന്നത് ഇതാദ്യമത്‍യാണ്. അതിനാൽ ഇതൊരു സുപ്രധാന നിമിഷമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ സവർക്കറുടെ പങ്കിനെയും ഒരു രാഷ്ട്രീയ ചിന്തകൻ, എഴുത്തുകാരൻ, വിപ്ലവകാരി എന്നീ നിലകളിൽ അദ്ദേഹം ചെലുത്തിയ സ്വാധീനത്തെയും അംഗീകരിക്കുന്നതിനുള്ള നടപടിയായാണ് ഇതിനെ കാണുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി നിർണായക പോരാട്ടം നടത്തിയ സവർക്കർ രാജ്യത്തിന് നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്''-എന്നാണ് ചിത്രം പങ്കുവെച്ച് വൈഭവ് മീണ എക്സിൽ കുറിച്ചത്.
വി.ഡി. സവർക്കറുടെ ചിത്രം സ്ഥാപിക്കാൻ തങ്ങൾക്ക് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നുവെന്നാണ് നടപടിയെ പിന്തുണന്ന മറ്റൊരു എ.ബി.വി.പി അംഗമായ ജെ.എൻ.യു വിദ്യാർഥി പ്രതികരിച്ചത്. രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികളെയും മഹാന്മാരെയും അപമാനിക്കുകയും അവഗണിക്കുകയും ചെയ്ത പഴയ രീതിയിലായിരിക്കില്ല ഇനി ജെ.എന്‍.യുവെന്നും ഇപ്പോള്‍ ഈ രാജ്യത്തിന്റെ സ്രഷ്ടാക്കളെ ആദരിക്കുകയും അവരെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമെന്നും എ.ബി.വി.പി നേതാവ് പറഞ്ഞു. വീര്‍ സവര്‍ക്കര്‍ നമ്മുടെ ആദര്‍ശമാണെന്നും ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂനിയന്‍ ഓഫിസില്‍ അദ്ദേഹത്തെ അനുസ്മരിച്ചുവെന്നും പറഞ്ഞ മീണ ഇടതുപക്ഷക്കാര്‍ ഈ രാജ്യത്തിനും സമൂഹത്തിനും എതിരെ വിഷം വമിപ്പിച്ചിരുന്ന അതേ ഓഫിസില്‍ അദ്ദേഹത്തിന്റെ ചിത്രം സ്ഥാപിച്ചുവെന്നും കൂട്ടിച്ചേർത്തു.
എന്നാൽ ചിത്രം സ്ഥാപിച്ചതിന് പിന്നാലെ വിദ്യാർഥി യൂനിയൻ അംഗങ്ങൾക്കിടയിൽ സംഘർഷമുണ്ടായി. മുൻകൂട്ടി ആലോചിക്കാതെയുള്ള നടപടിയെ തുടർന്ന് ഇതിനെതിരെ മറ്റ് വിദ്യാർഥി സംഘടനകൾ രംഗത്തുവരികയായിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം പാസാക്കാതെ ചിത്രം സ്ഥാപിക്കാന്‍ കഴിയില്ലെന്നും ജെ.എന്‍.യു യൂനിയന്‍ പ്രസിഡന്റും എ.ഐ.എസ്.എഫ് നേതാവുമായ നിതീഷ് കുമാര്‍ പറഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം പാസാക്കാതെ ഏതെങ്കിലും ഛായാചിത്രങ്ങളോ ഫോട്ടോകളോ സ്ഥാപിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാറുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജെ.എൻ.യു വിദ്യാർഥി യൂനിയനിലെ കേന്ദ്ര പാനലിൽ പ്രസിഡന്റ് നിതീഷ് കുമാർ, വൈസ് പ്രസിഡന്റ് മനീഷ, ജനറൽ സെക്രട്ടറി വൈഭവ് മീണ എന്നിവരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.