സഞ്ജീവ് ഭട്ടിന് വേണ്ടി നിങ്ങൾ ശബ്ദിച്ചില്ലെങ്കിൽ ഇനി പൊരുതാൻ ആരെങ്കിലും ധൈര്യം കാണിക്കുമോ? -ശ്വേത ഭട്ട്

അഹമ്മദാബാദ്: ഗുജറാത്ത് മുസ്‍ലിം വംശഹത്യയിൽ നരേന്ദ്ര മോദിക്കെതിരെ ധൈര്യസമേതം മൊഴി നൽകിയ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ടിനെ കെട്ടിച്ചമച്ച കേസുകൾ ഉപയോഗിച്ച് ഭരണകൂടം വേട്ടയാടുകയാണെന്ന് ഭാര്യ ശ്വേത ഭട്ട്. സഞ്ജീവ് ഭട്ടിനെതിരായ വിധി കേവലം അനീതി മാത്രമല്ലെന്നും സത്യത്തിനും ധർമ്മത്തിനും മനുഷ്യത്വത്തിനും എതിരായ യുദ്ധ പ്രഖ്യാപനമാണെന്നും അവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അനീതിക്കെതിരായ യുദ്ധത്തിൽ പോരാടാനിറങ്ങിയവർക്ക് വേണ്ടി ശബ്ദമുയർത്തുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ, സഞ്ജീവിനെപ്പോലുള്ളവർ കാണിക്കുന്ന ധൈര്യം ഭാവിയിൽ ആരും കാണിക്കില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.

28 വർഷം മുമ്പ്, 1996ൽ ബനസ്കന്ധ എസ്.പിയായിരിക്കെ സഞ്ജീവ് ഭട്ട് 1.15 കിലോഗ്രാം മയക്കുമരുന്നുമായി അഭിഭാഷകനെ പിടികൂടിയിരുന്നു. ഇത് കെട്ടിച്ചമച്ച കേസാണെന്നാരോപിച്ചാണ് ഭട്ടിനെ 20 വർഷം തടവിനും അഞ്ച് ലക്ഷംരൂപ പിഴയടക്കാനും പാലൻപൂർ അഡീഷനൽ സെഷൻസ് ജഡ്ജ് ജെ.എൻ. താക്കർ കഴിഞ്ഞ ദിവസം വിധിച്ചത്.


സഞ്ജീവ് പറയുന്ന സത്യം ഭരണകൂടത്തിന് അത്രമേൽ ഭീഷണിയുള്ളതിനാലാണ് 20 വർഷമായി അദ്ദേഹത്തെ അവർ വേട്ടയാടുന്നത്. സഞ്ജീവിനെ എന്ത് വിലകൊടുത്തും നിശബ്ദനാക്കാൻ ജുഡീഷ്യറിയെയും അധികാരത്തെയും ദുർവിനിയോഗം ചെയ്ത് ഭരണകൂടം ഇത്രമാത്രം വ്യഗ്രത കാണിക്കുന്നതും അതുകൊണ്ടാണ് -ശ്വേത ഭട്ട് പറഞ്ഞു.

‘സഞ്ജീവിന്റെ നീതിക്ക് വേണ്ടി അദ്ദേഹവും കുടുംബവും ഏതറ്റം വരെയും പോരാടും, അവസാന ശ്വാസം വരെയും പോരാടും. പക്ഷേ, ഒരുസമൂഹമെന്ന നിലയിൽ ഈ യുദ്ധത്തിൽ നിങ്ങൾക്ക് വേണ്ടി പോരാടാനിറങ്ങിയവർക്ക് വേണ്ടി ശബ്ദമുയർത്തുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ, അറിയുക, സഞ്ജീവിനെപ്പോലുള്ളവർ കാണിക്കുന്ന ധൈര്യം ഭാവിയിൽ ആരും കാണിക്കില്ല. ഈ യുദ്ധത്തിൽ നിങ്ങൾക്ക് വേണ്ടി പ്രതിരോധം തീർക്കുന്നവരെ സംരക്ഷിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ ഭാവിയിൽ നിങ്ങളെ പ്രതിരോധിക്കാൻ ആരെങ്കിലും എപ്പോഴെങ്കിലും എഴുന്നേറ്റ് നിൽക്കുമോ!?’ -അവർ ചോദിച്ചു.


‘അധികാരത്തിന്റെ മത്തുപിടിച്ച ദുഷ്ടലാക്കുള്ള ഭരണകൂടവും അതിന്റെ സിൽബന്ധികളും തങ്ങളുടെ സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദിക്കാൻ ധൈര്യപ്പെടുന്നവരെ നിശ്ശബ്ദരാക്കാനും വിയോജിപ്പുകളെ ഇല്ലാതാക്കാനും ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. 28 വർഷം പഴക്കമുള്ള കെട്ടിച്ചമച്ച കേസിൽ പാലൻപൂർ സെഷൻസ് കോടതിയിലെ "ജസ്റ്റിസ്" ജെ.എൻ. തക്കർ സഞ്ജീവ് ഭട്ടിനെ നിയമവിരുദ്ധമായാണ് ശിക്ഷിച്ചത്. 5 ലക്ഷം രൂപ പിഴയടക്കാനും 20 വർഷത്തെ കഠിന തടവിനുമാണ് "ജസ്റ്റിസ്" ജെ.എൻ. തക്കർ നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. ഈ കേസിൽ വിചാരണക്കാലയളവിൽ ജയിലിൽ ചെലവഴിച്ച അഞ്ചരവർഷം, ശിക്ഷാ കാലയളവായി കണക്കാക്കില്ല. തടവ് അനന്തമായി നീട്ടാനാണ് ഈ നീക്കം.

ചെയ്യാത്ത കുറ്റത്തിന് മരണംവരെയും മരണശേഷവും സഞ്ജീവ് ഭട്ടിനെ ശിക്ഷിക്കാനാണ് ഭരണകൂടം ആഗ്രഹിക്കുന്നത്. ഭരണകൂടവും അവരുടെ ചെരുപ്പ് നക്കികളും ഇത്രയധികം അധപ്പതിക്കി​ല്ലെന്ന് നിങ്ങൾ കരുതുമ്പോൾ, അവർ അതിനേക്കാൾ താഴ്ചയിലേക്കാണ് ചെന്നുവീഴുന്നത്! ഇത് ജുഡീഷ്യറിയെ പരിഹസിക്കലും നഗ്നമായ അധികാര ദുർവിനിയോഗവും മാത്രമല്ല, നിയമത്തിന്റെ തത്ത്വ സംഹിതക്കെതിരായ നീക്കം കൂടിയാണ്.


സഞ്ജീവ് ഭട്ട് തന്റെ എല്ലാം ത്യജിച്ച് സംരക്ഷിച്ച സമൂഹം നിശബ്ദരായി എല്ലാം കണ്ടുനിൽക്കുമ്പോൾ, സത്യത്തിന് വേണ്ടി നിലകൊണ്ടതിന് സഞ്ജീവ് ഭട്ട് നൽകുന്ന കനത്തതും ക്രൂരവുമായ വിലയാണിത്. നിങ്ങളുടെ തുടർച്ചയായ മൗനത്തിനും നിസ്സംഗതയ്ക്കും സഞ്ജീവ് ഭട്ട് നൽകുന്ന വിലയാണിത്. സഞ്ജീവ് ഭട്ടിനെ പ്രോസിക്യൂട്ട് ചെയ്യാനും ടാർഗെറ്റുചെയ്യാനും ഭരണകൂടം എല്ലാ അവസരവും ഉപയോഗിക്കുകയാണ്. സഞ്ജീവിനെ അപകീർത്തിപ്പെടുത്താനും ജയിലിൽ തളക്കാനും അവർ എല്ലാ ഹീനമായ മാർഗങ്ങളും ഉപയോഗിക്കുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഭരണകൂടം സഞ്ജീവ് ഭട്ടിനെ നിരന്തരം ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. ഇത് അദ്ദേഹം പറയുന്ന സത്യം ഈ ഭരണകൂടത്തിന് എത്രമാത്രം ഭീഷണി സൃഷ്ടിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്. അമർഷമില്ലാതെ, ഐക്യദാർഢ്യത്തോടെ നമുക്ക് ഒരുമിച്ച് നിൽക്കാം. വിദ്വേഷത്തോടെയല്ല, അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ നമുക്ക് ശബ്ദമുയർത്താം. സഞ്ജീവ് ഭട്ടിനോട് കാണിച്ച അനീതിക്കെതിരെ നമുക്ക് പോരാടാം. ഇത് കേവലം അനീതി മാത്രമല്ല; ഇത് സത്യത്തിനെതിരായ, ധർമ്മത്തിനെതിരായ, മനുഷ്യത്വത്തിന്റെ സത്തയ്‌ക്കെതിരായ യുദ്ധ പ്രഖ്യാപനമാണ്!!’ -ശ്വേത ഭട്ട് പ്രസ്താവനയിൽ പറഞ്ഞു. 

Full View

Tags:    
News Summary - Sanjeev butt's wife Shweta Sanjiv Bhatt about fabricated case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.