മുംബൈ: മഹാരാഷ്ട്രയിൽ ത്രിഭാഷാ നയത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. ത്രിഭാഷാ നയത്തെ കുറിച്ച് ബി.ജെ.പി നുണ പ്രചരിപ്പിക്കുകയാണെന്ന് ശിവസേന(യു.ബി.ടി)നേതാവ് സഞ്ജയ് റാവുത്ത് ആരോപിച്ചു. ദിവസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കു ശേഷം വിവാദമായ സർക്കാർ പ്രമേയങ്ങൾ ഔദ്യോഗികമായി പിൻവലിച്ചിരുന്നു. രഘുനാഥ് മഷേൽക്കർ കമ്മിറ്റിയുടെ ത്രിഭാഷാ ഫോർമുലയെക്കുറിച്ചുള്ള ശുപാർശകൾ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തെ അംഗീകരിച്ചിരുന്നുവെന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിന്റെ അവകാശവാദം. എന്നാൽ ഇതിനെ റാവുത്ത് ശക്തമായി എതിർത്തു. നുണ പറയുന്നതാണ് ബി.ജെ.പിയുടെ ദേശീയ നയം. മഷേൽക്കർ കമ്മിറ്റി റിപ്പോർട്ട് ഉദ്ധവ് താക്കറെ അംഗീകരിച്ചുവെങ്കിൽ അത് പരസ്യമാക്കണം. നമുക്ക് പരസ്യമായ ചർച്ച നടത്താം'-എന്നാണ് തെളിവുകൾ ഹാജരാക്കാൻ സർക്കാറിനെ വെല്ലുവിളിച്ച റാവുത്ത് പറഞ്ഞത്.
പ്രതിപക്ഷ പാർട്ടികളുടെ സമ്മർദത്തെ തുടർന്നാണ് ഒന്നാംക്ലാസ് മുതൽ മറാത്തി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നാക്കം പോയത്. ഇതുസംബന്ധിച്ച് ഏപ്രിൽ 16, ജൂൺ 17 തീയതികളിൽ പുറപ്പെടുവിച്ച രണ്ട് പ്രമേയങ്ങൾ മന്ത്രിസഭ ഞായറാഴ്ച പിൻവലിക്കുകയും ചെയ്തു.
എന്നാൽ ഞായറാഴ്ച നടന്ന വാർത്തസമ്മേളനത്തിലാണ് ഉദ്ധവ് താക്കറെ മന്ത്രിസഭ മുമ്പ് ഇതേ ത്രിഭാഷാ നയം അംഗീകരിച്ചുവെന്ന് ഫഡ്നാവിസ് അവകാശപ്പെട്ടത്. അദ്ദേഹം ഇംഗ്ലീഷ് സ്വീകരിച്ചു. പക്ഷേ ഇപ്പോൾ ഹിന്ദിക്കെതിരെ പ്രതിഷേധിക്കുകയാണ്. മറാത്തി നിർബന്ധിതമായി തുടരുമെന്ന് ഞങ്ങൾ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്' ഫഡ്നാവിസ് പറഞ്ഞത്. അതിനു പിന്നാലെയാണ് വിപുലമായ കൂടിയാലോചനകൾക്ക് ശേഷം നയം പുനഃപരിശോധിക്കുന്നതിനായി വിദ്യാഭ്യാസ വിദഗ്ധൻ ഡോ. നരേന്ദ്ര ജാദവിന്റെ നേതൃത്വത്തിൽ ഒരു പുതിയ കമ്മിറ്റി രൂപീകരിക്കുകയാണെന്ന് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഹിന്ദി നിർബന്ധിതമായി അടിച്ചേൽപ്പിക്കുന്നതിനെയാണ് തന്റെ പാർട്ടി എതിർക്കുന്നതെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.