സംഘ്പരിവാർ ഭീകരത: മുൻ ആർ.എസ്.എസുകാരന്റെ ഹരജിയെ എതിർത്ത് സി.ബി.ഐ

മുംബൈ: രാജ്യത്തെ സ്ഫോടനങ്ങൾക്കു പിന്നിൽ സംഘ്പരിവാറാണെന്ന് വെളിെപ്പടുത്തി മുൻ ആർ.എസ്.എസ് പ്രവർത്തകൻ യശ്വന്ത് ഷിൻഡെ നാന്ദഡ് കോടതിയിൽ നൽകിയ ഹരജിക്കെതിരെ സി.ബി.ഐ. 2006ലെ നാന്ദഡ് സ്ഫോടന കേസ് പരിഗണിക്കുന്ന നാന്ദഡ് സി.ബി.ഐ കോടതിയിലാണ് സി.ബി.ഐ രേഖാമൂലം നിലപാടറിയിച്ചത്. കേസിൽ തന്നെ സാക്ഷിയാക്കാനും വി.എച്ച്.പി ദേശീയ നേതാവ് മിലിന്ദ് പരാൻഡെയെയും രാകേഷ് ദാവ്ഡെയെയും രവി ദേവിനെയും പ്രതിചേർക്കാനും ആവശ്യപ്പെട്ടാണ് യശ്വന്ത് ഷിൻഡെ ഹരജി നൽകിയത്. ഷിൻഡെ 16 വർഷം മൗനം പാലിച്ചതിനെ ചോദ്യംചെയ്ത സി.ബി.ഐ ഹരജി തള്ളണമെന്ന് ആവശ്യപ്പെട്ടു. ഹരജിയിൽ നവംബർ നാലിന് വാദം നടക്കും.

രാകേഷ് ദാവ്ഡെക്കെതിരെ നേരത്തേ അന്വേഷണം നടത്തിയതാണെന്നും കേസിലെ പിടികിട്ടാപ്പുള്ളി 'മിഥുൻ ചക്രവർത്തി' എന്ന രവി ദേവിനെ കുറിച്ച് വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് അദ്ദേഹത്തിനെതിരായ കേസ് അവസാനിപ്പിക്കാൻ കോടതിയിൽ ഹരജി നൽകിയതായും സി.ബി.ഐ പറഞ്ഞു. മിലിന്ദ് പരാൻഡെയെ കുറിച്ച് മറ്റു പ്രതികളോ സാക്ഷികളോ ഇതുവരെ മൊഴി നൽകിയിട്ടില്ലെന്നും അതിനാൽ പ്രതി ചേർക്കാനാകില്ലെന്നും സി.ബി.ഐ കോടതിയിൽ പറഞ്ഞു. ഷിൻഡെ അന്വേഷണ ഏജൻസികളെ സമീപിക്കാത്തതിനെയും സി.ബി.ഐ ചോദ്യംചെയ്തു. സി.ബി.ഐ കേസിൽ ഒത്തുകളിക്കുകയാണെന്നാണ് ഷിൻഡെയുടെ ആരോപണം. മിലിന്ദ് പരാൻഡെയെ ചോദ്യംചെയ്താൽ രാജ്യത്തെ സ്ഫോടനങ്ങളിൽ ബി.ജെ.പി, ആർ.എസ്.എസ്, വി.എച്ച്.പി സംഘടനകളിലെ ഉന്നതരുടെ പങ്ക് വെളിച്ചത്താകുമെന്നും ഷിൻഡെ ആരോപിച്ചു.

ബി.ജെ.പിയുടെ രാഷ്ട്രീയനേട്ടത്തിനായി ആർ.എസ്.എസ്, വി.എച്ച്.പി പ്രവർത്തകർക്ക് ബോംബ് നിർമാണത്തിലും സൈനിക ആയുധങ്ങളുടെ ഉപയോഗത്തിലും പരിശീലനം നൽകി രാജ്യത്ത് സ്ഫോടനങ്ങളും ഭീകരപ്രവർത്തനങ്ങളും നടത്തിയതായാണ് ഷിൻഡെ നാന്ദഡ് കോടതിയിൽ ആരോപിച്ചത്. ഉന്നതരുടെ നിർദേശപ്രകാരം തുടക്കത്തിൽ ഏഴുപേരെ തിരഞ്ഞെടുത്ത് താൻ കശ്മീരിൽ സൈനിക പരിശീലനത്തിന് എത്തിക്കുകയും മഹാരാഷ്ട്രയിലെ സിനാഗഡിൽ ബോംബ് നിർമാണ, സ്ഫോടന പരിശീലനം നടത്തിയതായും ഷിൻഡെ വെളിപ്പെടുത്തിയിരുന്നു. 

Tags:    
News Summary - Sangh Parivar terror: CBI opposes former RSS man's plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.