ചെന്നൈ: തമിഴ്നാട് ശ്രീപെരുമ്പുതൂരിലെ സാംസങ് ഫാക്ടറിയിൽ ഒരുവിഭാഗം തൊഴിലാളികൾ വീണ്ടും സമരത്തിൽ. പ്രതികാര നടപടിയെന്നോണം മൂന്ന് സി.ഐ.ടി.യു നേതാക്കളെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സാംസങ് ഇന്ത്യ വർക്കേഴ്സ് യൂനിയന്‍റെ (എസ്.ഐ.ഡബ്ല്യു.യു) സമരം.
തൊഴിലാളി നേതൃത്വത്തെ തകർക്കുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് മൂന്ന് നേതാക്കളെ മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്തതെന്ന് സമരക്കാർ ആരോപിക്കുന്നു. എന്നാൽ, ഫാക്ടറിയിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതിനാണ് ഇവരെ സസ്പെൻഡ് ചെയ്തതെന്നാണ് മാനേജ്മെന്‍റ് വാദം.
പ്രതികാരനടപടികളുണ്ടാവില്ലെന്ന് കഴിഞ്ഞ ഒക്ടോബറിൽ സമരം പിൻവലിക്കുമ്പോൾ മാനേജ്മെന്‍റ് ഉറപ്പുനൽകിയതാണെന്ന് സി.ഐ.ടി.യു കാഞ്ചീപുരം സെക്രട്ടറി ഇ. മുത്തുകുമാർ പറഞ്ഞു. ഈ ഉറപ്പ് ലംഘിച്ചാണ് മാനേജ്മെന്‍റ് പ്രതികാരനടപടിയെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിലാളി യൂനിയനെ അംഗീകരിക്കാത്ത സാംസങ്ങിന്‍റെ നടപടിക്കെതിരെ സി.ഐ.ടി.യു നേതൃത്വത്തിൽ ഐതിഹാസിക സമരം തൊഴിലാളികൾ നടത്തിയിരുന്നു. 38 ദിവസത്തോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ തൊഴിലാളികളുടെ ആവശ്യം സാംസങ്ങിന് അംഗീകരിക്കേണ്ടിവന്നിരുന്നു. പിന്നീട്, 212 ദിവസത്തെ നിയമപോരാട്ടത്തിന് ശേഷം അടുത്തിടെ സി.ഐ.ടി.യു പിന്തുണയുള്ള സാംസങ് ഇന്ത്യ വർക്കേഴ്സ് യൂനിയന് തമിഴ്‌നാട് തൊഴിൽ വകുപ്പ് രജിസ്ട്രേഷൻ നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.