സാംസങ് പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുത്തില്ല; 42 കമ്പനികളിൽ സമരത്തിന് നോട്ടീസ് നൽകി സി.ഐ.ടി.യു

ചെന്നൈ: സാംസങ് മാനേജ്മെന്റും സി.ഐ.ടിയും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാകുന്നതിനിടെ തമിഴ്നാട്ടിൽ സമരം വ്യാപിപ്പിക്കാനൊരുങ്ങി ​തൊഴിൽ സംഘടന. 42 കമ്പനികളിലാണ് സമരത്തിന് സി.ഐ.ടി.യു നോട്ടീസ് നൽകിയത്. ഹ്യുണ്ടായ്, ബ്രിട്ടാനിയ, അപ്പോളോ ടയേഴ്സ് തുടങ്ങി കാഞ്ചീപുരം ജില്ലയിലെ കമ്പനികൾക്കാണ് നോട്ടീസ്.

ശ്രീപെരുംപതുർ-ഒരാഗാഡം മേഖലയിലെ കൂടുതൽ കമ്പനികളിൽ സമരത്തിന് നോട്ടീസ് നൽകാനും സി.ഐ.ടി.യുവിന് പദ്ധതിയുണ്ട്. മാർച്ച് 13നോ 14നോ സമരം തുടങ്ങുമെന്നാണ് റിപ്പോർട്ട്. മൂന്ന് തൊഴിലാളികളുടെ സസ്​പെൻഷൻ പിൻവലിക്കാൻ സാംസങ് തയാറാകാത്തതിനെ തുടർന്നാണ് സമരം. കഴിഞ്ഞ ഏതാനം ആഴ്ചകളായി സി.ഐ.ടി.യുവിൽ അഫി​ലിയേറ്റ് ചെയ്ത സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ ജീവനക്കാരുടെ സസ്​പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിലാണ്.

42 കമ്പനികൾക്ക് ഇതുവരെ സമരത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കമ്പനികൾക്ക് നോട്ടീസ് നൽകും. സാംസങ്ങിന്റെ കർശന നിലപാട് മൂലം മറ്റ് കമ്പനികളിൽ കൂടി സമരം വ്യാപിപ്പിക്കാൻ തങ്ങൾ നിർബന്ധിതരായിരിക്കുകയാണെന്ന് സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് ഇ.മുത്തുകുമാർ പറഞ്ഞു.

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, ജെ.കെ ടയേഴ്സ്, അ​പ്പോളോ ടയേഴ്സ്, യമഹ, ബ്രിട്ടാനിയ തുടങ്ങിയ കമ്പനികൾക്ക് സമര നോട്ടീസ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കമ്പനികൾക്ക് നോട്ടീസ് നൽകും. അതേസമയം, വൻ നിക്ഷേപം സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ തമിഴ്നാട് ഒരുങ്ങുന്നതിനിടെയുള്ള സമരത്തിൽ സംസ്ഥാന സർക്കാറിനും ആശങ്കയുണ്ട്.

സമരത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് നിയമം. ഇത് പാലിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറിൽ സമരം നടത്തിയവർക്കെതിരെ സാംസങ്ങിന്റെ ഭാഗത്ത് നിന്ന് പ്രതികാര നടപടിയാണ് ഉണ്ടായത്. ഇതിന്റെ ഭാഗമായാണ് മൂന്ന് പേരെ പുറത്താക്കിയതെന്ന് സി.ഐ.ടി.യു അറിയിച്ചു. അതേസമയം, അനധികൃതമായി കമ്പനിയുടെ പ്രവർത്തനം തടസപ്പെടുത്താനാണ് ചില തൊഴിലാളികൾ ശ്രമിക്കുന്നതെന്ന ആരോപണവുമായി സാംസങ് രംഗത്തെത്തി.

Tags:    
News Summary - Samsung standoff: CITU issues strike notice in 42 factories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.