മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് വീട്ടിൽ വെച്ചു കുത്തേറ്റ സംഭവത്തിൽ മുംബൈ പൊലീസ് തിരിച്ചറിയൽ പരേഡ് നടത്തി. ബുധനാഴ്ച ആർതർ റോഡ് ജയിലിൽ തിരിച്ചറിയൽ പരേഡ് നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
മോഷണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ സെയ്ഫിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി മുഹമ്മദ് ഷരീഫുൾ ഇസ്‍ലാം ഷെഹ്‌സാദിനെ സംഭവസമയത്ത് അവിടെ ഉണ്ടായിരുന്ന സാക്ഷികൾ തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. കുറ്റകൃത്യവുമായി പ്രതിയെ ബന്ധിപ്പിക്കുന്ന ശക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതി അനുമതിയെത്തുടർന്ന് ആർതർ റോഡ് ജയിലിലെ സീനിയർ ജയിലറുടെ ഓഫിസിൽ തഹസിൽദാരുടെ സാന്നിധ്യത്തിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്.
ആക്രമണസമയത്ത് സെയ്ഫിന്റെ വസതിയിൽ ഉണ്ടായിരുന്ന സ്റ്റാഫ് നഴ്‌സ് അരിയാമ ഫിലിപ്പും ആയ ജുനുവും പ്രതികളെ തിരിച്ചറിയുന്നതിൽ പങ്കെടുത്തു. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടന്ന് കൊൽക്കത്തയിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ച ശേഷം ഷെഹ്സാദ് മുംബൈയിൽ എത്തിയതായും പൊലീസ് സ്ഥിരീകരിച്ചു. ഭാരതീയ ന്യായ്‍ സംഹിത സെക്ഷന്‍ 311, 312, 331(4), 331(6), 331(7) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ബംഗ്ലാദേശിലേക്ക് രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്ന പ്രതിയെ താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. ജനുവരി 21 ന് ശസ്ത്രക്രിയയ്ക്ക് ശേഷം നടൻ സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.