ഭോപ്പാൽ: മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളികൾക്ക് മുകളിൽ കാവിക്കൊടി കെട്ടി. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ജംബുവയിലെ പള്ളികളിൽ കാവിക്കൊടി കെട്ടിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഞായറാഴ്ചയാണ് ഒരു വിഭാഗം ആളുകളെത്തി പള്ളിയിലെ കുരിശിന് മുകളിൽ കാവിക്കൊടി കെട്ടിയത്.
ഒരു സംഘം ആളുകൾ ജയ് ശ്രീറാം വിളിച്ചെത്തി പള്ളിയിലെ കുരിശിന് മുകളിൽ കാവിക്കൊടി കെട്ടുകയായിരുന്നുവെന്ന് പള്ളിയിലെ പാസ്റ്റർ നാർബു അമലിയാർ ക്വിന്റിനോട് പ്രതികരിച്ചു. ഞായറാഴ്ച പ്രാർഥന കഴിഞ്ഞതിന് പിന്നാലെയാണ് ആൾക്കൂട്ടം എത്തിയത്. മൂന്ന് മണിയോടെ 25ഓളം പേരടങ്ങുന്ന സംഘമാണ് പള്ളിയിലെത്തിയതെന്നും പാസ്റ്റർ അറിയിച്ചു. ജാംബുവ ജില്ലയിലെ ദാബ്താലി ഗ്രാമത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. പള്ളിയിലെത്തിയ ആളുകളൊട് കുരിശിന് മുകളിൽ കാവിക്കൊടി കെട്ടുന്നത് ശരിയല്ലെന്ന് പറഞ്ഞു. എന്നാൽ, താൻ പറഞ്ഞത് കേൾക്കാൾ അവർ തയറായില്ലെന്നും പാസ്റ്റർ വ്യക്തമാക്കി.
അതേസമയം, പള്ളിയിൽ കാവിക്കൊടി കെട്ടിയ സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് ജാംബുവ പൊലീസ് സൂപ്രണ്ട് അറിയിച്ചു. സംഭവസ്ഥലത്ത് തങ്ങൾ സന്ദർശനം നടത്തി. അത് ഒരാളുടെ വീടാണ്. അവിടെ വെച്ച് പ്രാർഥനകൾ നടക്കാറുണ്ട്. അത് ക്രിസ്ത്യൻ പള്ളിയൊന്നുമല്ലാത്തതിനാൽ പൊലീസിന് സ്വമേധയ കേസെടുക്കാനാവില്ലെന്നും ഇക്കാര്യത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും സൂപ്രണ്ട് വിശദീകരിച്ചു.
അതേസമയം, പൊലീസിന്റെ വാദങ്ങൾ പാസ്റ്റർ നിഷേധിച്ചു. കെട്ടിടം പള്ളി തന്നെയാണെന്നും 2016 മുതൽ അവിടെ ആരാധന നടക്കുന്നുണ്ടെന്നും 40 പേർ വരെ ഞായറാഴ്ച പ്രാർഥനക്കായി എത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്രമം നടത്തിയവർ പിന്നീട് തന്നെ കണ്ട് മാപ്പപേക്ഷിച്ചിരുന്നു. അതുകൊണ്ട് പരാതി നൽകണമോയെന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ട്. ഗ്രാമമുഖ്യനുമായി കൂടിയാലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.