ന്യൂഡൽഹി: ‘ദേശസ്നേഹികളും സംസ്കാരമുള്ളവരുമായ’ കുട്ടികൾ ജനിക്കാൻ ‘ഗർഭ സംസ്കാർ’ കാമ്പയിനുമായി ആർ.എസ്.എസ് അനുകൂല സംഘടനയായ സംവർധിനി ന്യാസ്. ഗർഭിണികളെ ഭഗവദ്ഗീതയും രാമായണവും സംസ്കൃത മന്ത്രങ്ങളും പാരായണം ചെയ്യിക്കുക വഴി ‘ദേശഭക്തരായ’ കുട്ടികളുടെ ജനനം സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് ന്യാസ് ഭാരവാഹികൾ വാർത്ത ഏജൻസിയോട് പറഞ്ഞു. കുട്ടിക്ക് രണ്ടു വയസ്സാകുന്നതുവരെ ഇത് തുടരും. ഭാരത നിർമാണത്തിൽ പദ്ധതി നിർണായക പങ്കു വഹിക്കുമെന്ന് അവർ അവകാശപ്പെട്ടു.
മാതാപിതാക്കൾ സംസ്കൃത മന്ത്രങ്ങൾ ചൊല്ലുന്നത് ഗർഭസ്ഥശിശുക്കളുടെ തലച്ചോറിന്റെ വികാസത്തിലും വളർച്ചയിലും സ്വാധീനം ചെലുത്തും. ഇത് കുഞ്ഞിന് പോസിറ്റിവ് വൈബ്രേഷൻ നൽകും. നാലാം മാസം മുതൽ മാതാപിതാക്കൾ ഗർഭസ്ഥശിശുവുമായി ഭാരതത്തെക്കുറിച്ചും കുടുംബാംഗങ്ങളെ കുറിച്ചും സംസാരിക്കും. മഹാന്മാരുടെ കഥകളും പറഞ്ഞുകൊടുക്കും.
സാധാരണ പ്രസവം സാധ്യമാക്കാൻ മാതാവിനെ യോഗയും അഭ്യസിപ്പിക്കുമെന്ന് അവർ പറഞ്ഞു. ആർ.എസ്.എസിനൊപ്പം പ്രവർത്തിക്കുന്ന വനിത സംഘടനയായ രാഷ്ട്രസേവിക സംഘിന്റെ വിഭാഗമായ സംവർധിനി ന്യാസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോക്ടർമാർ വഴിയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി രാജ്യത്തെ അഞ്ചു മേഖലകളായി തിരിച്ചിട്ടുണ്ട്.
ഓരോ മേഖലയിലും 10 ഡോക്ടർമാരുടെ ടീമുണ്ടാകും. ഓരോ ഡോക്ടറും അവരവരുടെ പ്രദേശങ്ങളിൽ 20 ഗർഭക്കേസുകൾ എടുത്ത് പ്രവർത്തനം ആരംഭിക്കും. മേൽനോട്ടം വഹിക്കാൻ എട്ടംഗ കേന്ദ്ര സംഘവും രൂപവത്കരിച്ചിട്ടുണ്ട്. ഇതിൽ ആയുർവേദ, ഹോമിയോപ്പതി, അലോപ്പതി ഡോക്ടർമാരും ‘വിഷയ’ വിദഗ്ധരുമുണ്ടാകും. പദ്ധതിയുടെ ഓൺലൈൻ ഉദ്ഘാടന ചടങ്ങിൽ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജനും വിശിഷ്ട വ്യക്തികളും പങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.