ഡൽഹിയിൽ ആർ.എസ്.എസിന് പുതിയ ആസ്ഥാനം; നാലേക്കറിൽ 12 നിലയുള്ള മൂന്ന് ടവറുകൾ, ആ​ശുപത്രി, നിർമാണച്ചെലവ് 150 കോടി

ന്യൂഡൽഹി: ആർ.എസ്.എസിന് ഡൽഹിയിൽ പുതിയ ആസ്ഥാനമന്ദിരം തുറന്നു. ഡൽഹി ഝണ്ടേവാലയിൽ നാല് ഏക്കറിൽ വ്യാപിച്ചുകിടക്കുന്നതാണ് ‘കേശവ് കുഞ്ച്’ എന്ന പേരിലുള്ള ആസ്ഥാനം. ആകെ അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള 12 നിലകൾ വീതമുള്ള മൂന്ന് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. മൊത്തം 150 കോടി രൂപയാണ് നിർമാണച്ചെലവ്. 270 കാറുകൾ നിർത്താനുള്ള പാർക്കിങ് ഏരിയ, 1,300ലേറെ പേർക്ക് ഇരിക്കാവുന്ന മൂന്ന് അത്യാധുനിക ഓഡിറ്റോറിയങ്ങൾ, ഗവേഷണത്തിനായി പ്രത്യേകം രൂപകൽപന ചെയ്ത ലൈബ്രറി, അഞ്ച് കിടക്കകളുള്ള ആശുപത്രി, ഹനുമാൻ ക്ഷേത്രം എന്നിവയും ഇവിടെയുണ്ട്. ബുധനാഴ്ചയാണ് പുതിയ ആസ്ഥാനത്തിലേക്ക് പൂർണമായും മാറിയത്.

ഡൽഹി ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബി.ജെ.പി ആസ്ഥാനത്തേക്കാൾ വലുതാണ് ആർ.എസ്.എസ് ആസ്ഥാനം. നിർമാണത്തിനായി 75,000 ത്തോളം പേരിൽനിന്ന് സംഭാവന സ്വീകരിച്ചതായി സംഘടന വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഗുജറാത്ത് സർക്കാറിന്റെ നിരവധി പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്ന ആർക്കിടെക്റ്റ് അനൂപ് ദവേ ആണ് പുതിയ ആർ.എസ്.എസ് ആസ്ഥാനം രൂപകൽപന ചെയ്തത്. ഡൽഹിയിൽ മാളുകൾ, ബിസിനസ് സമുച്ചയങ്ങൾ, പാർക്കിംഗ് കോംപ്ലക്സുകൾ എന്നിവ നിർമിക്കുന്ന ഡൽഹി ആസ്ഥാനമായ ഓസ്പിഷ്യസ് കൺസ്ട്രക്ഷൻസാണ് നിർമാണം. ദീൻ ദയാൽ ഉപാധ്യായ മാർഗിലെ വിശ്വ ഹിന്ദു പരിഷത് (വിഎച്ച്പി) ആസ്ഥാനം, രോഹിണിയിലെ ശ്രീ ജഗന്നാഥ സേവാ സംഘം കെട്ടിടം, അശോക് വിഹാറിലെ സനാതൻ ഭവൻ തുടങ്ങിയവയും ഇവർ നിർമിച്ചതാണ്.

കഴിഞ്ഞ എട്ട് വർഷമായി ഝണ്ടേവാലയിൽ ഉദാസീൻ ആശ്രമത്തിലാണ് ആർ.എസ്.എസ് കാര്യാലയം പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ സെപ്റ്റംബർ മുതൽ പുതിയ കെട്ടിടത്തിലേക്ക് ഘട്ടംഘട്ടമായി മാറിത്തുടങ്ങിയിരുന്നു. നിലവിൽ ഉദസീൻ ആശ്രമത്തിലെ ഓഫിസ് പൂർണ്ണമായും ഒഴിഞ്ഞു.

“നാഗ്പൂരിനും മധ്യപ്രദേശിനും ശേഷം ആർ‌.എസ്‌.എസ് ഓഫിസ് സ്ഥാപിച്ച മൂന്നാമത്തെ സ്ഥലമായിരുന്നു ഡൽഹി. 1939ൽ നിലവിലെ ആസ്ഥാനത്ത് നിന്ന് അൽപം അകലെയാണ് ആദ്യ ഓഫിസ് തുറന്നത്. 1962ൽ ഒരു നില ഓഫിസായിരുന്നു. 1980കളിൽ ഒരുനില കൂടി എടുത്തു. കേശവ് കുഞ്ച് നിർമാണം തുടങ്ങിയ 2016 വരെ ഓഫിസ് അങ്ങനെ തന്നെ തുടർന്നു” - ആർ‌.എസ്‌.എസ് വക്താവ് പറഞ്ഞു.

“സാധന”, “പ്രേരണ”, “അർച്ചന” എന്നീ പേരുകളിലാണ് മൂന്ന് ടവറുകൾ അറിയപ്പെടുക. സാധനയിലാണ് ആർ‌.എസ്‌.എസ് ഓഫിസുകൾ. പ്രേരണയും അർച്ചനയും റെസിഡൻഷ്യൽ കോംപ്ലക്സുകളാണ്.

ഓഡിറ്റോറിയങ്ങളിലൊന്നിന് ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമിക്കാൻ നേതൃത്വം നൽകിയ വി.എച്ച്.പി മുൻ പ്രസിഡന്റ് അശോക് സിംഗാളിന്റെ പേരാണ് നൽകിയിരിക്കുന്നത്.

മെസ്, കാന്റീൻ സൗകര്യങ്ങളും കേശവ് പുസ്തകാലയ എന്ന ലൈബ്രറിയുമുണ്ട്. 25 പേർക്ക് ഇരിക്കാനുള്ള സൗകര്യമുള്ള ഇവിടെ സംഘപരിവാറിനെക്കുറിച്ച് ഗവേഷണം നടത്തുന്നവർക്ക് ഉപയോഗിക്കാം. ആർ.എസ്.എസ് ദില്ലി പ്രാന്ത് കാര്യാലയവും സംഘത്തെക്കുറിച്ചുള്ള പുസ്തക പ്രസാധനാലയവും ഉണ്ടായിരിക്കും.

Tags:    
News Summary - RSS new Delhi headquarters: built at Rs 150 crore with three towers, 300 rooms, auditoriums

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.