ഒഡിഷയിൽ മണ്ണിടിച്ചിൽ; 12 പേരെ കാണാതായി

ഭുവനേശ്വർ: അർണബ് ചുഴലിക്കാറ്റിനെ തുടർന്ന് പെയ്ത കനത്ത മഴയിൽ ഒഡിഷയിലെ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ 12 പേർക്കായി തിരച്ചിൽ തുടരുന്നു. ഗഞ്ചം, കാണ്ഡമാൽ ജില്ലകളുടെ അതിർത്തിയിലുള്ള ഗിഡിപബാലി ഗ്രാമത്തിലാണ് വെള്ളിയാഴ്ച രാത്രി ദുരന്തമുണ്ടായത്.

ദേശീയ ദുരന്തനിവാരണ സേന, ഒഡിഷ ദുരന്തനിവാരണ ദ്രുതകർമസേന, സ്പെഷൽ ഓപറേഷൻസ് ഗ്രൂപ് എന്നിവയിൽനിന്നായി 170 ഉദ്യോഗസ്ഥരെ തിരച്ചിലിന് നിയോഗിച്ചതായി പ്രത്യേക ദുരിതാശ്വാസ കമീഷണർ രാജേഷ് പി. പാട്ടീൽ അറിയിച്ചു. ഗ്രാമത്തിൽ താമസിച്ചിരുന്ന 26 പേരിൽ 13 പേർ രക്ഷപ്പെട്ടു. ബാക്കി 13 പേരിൽ ഒരാളെ കണ്ടെത്തിയതായും 12 പേരെക്കുറിച്ച് വിവരമില്ലെന്നും അധികൃതർ വ്യക്തമാക്കി.

മലമുകളിൽനിന്ന് വൻതോതിൽ ചളിയും കല്ലുകളും താഴേക്ക് പതിച്ച് വീടുകൾ മൂടിയതോടെ ഗ്രാമം തകർന്നടിഞ്ഞതായി രക്ഷപ്പെട്ടവർ പറഞ്ഞു.

കനത്ത മഴയിൽ ഒഡിഷയുടെ തെക്കൻ മേഖലകളിലെ നൂറുകണക്കിന് ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. കാണ്ഡമാൽ ജില്ലയിൽ വെള്ളിയാഴ്ചയുണ്ടായ മറ്റൊരു മണ്ണിടിച്ചിലിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ഗജപതി ജില്ലയിലും ഒരാൾ മരിച്ചതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് പത്തോളം ഇടങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗഞ്ചം ഉൾപ്പെടെ പ്രളയബാധിത ജില്ലകളിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ നടപടികളും ശക്തമാക്കിയതായി മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.

Tags:    
News Summary - Odisha Landslide: Search Continues for 12 Missing After Heavy Rains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.