രാമക്ഷേത്രം തർക്കഭൂമിയിൽ തന്നെയാണോ? പരിശോധിക്കാൻ സുപ്രീംകോടതിയിൽ ഹരജി

ന്യൂഡൽഹി: 2019ലെ വിധിയിലൂടെ സുപ്രീംകോടതി തർക്കഭൂമിയായി തീർപ്പാക്കിയ സ്ഥലത്തുതന്നെയാണോ അയോധ്യയിലെ രാമക്ഷേത്രം നിർമിച്ചതെന്ന് പരിശോധിക്കാൻ സ്വതന്ത്ര സമിതിയെയോ കമീഷനെയോ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. ശ്രീരാം ജന്മഭൂമി കേസ് ട്രസ്റ്റാണ് ഹരജി സമർപ്പിച്ചത്. നവംബർ രണ്ടിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹരജി പരിഗണിക്കും.

2019 നവംബർ ഒമ്പതിലെ വിധിയിൽ, തർക്കത്തിലായിരുന്ന 2.77 ഏക്കർ ഭൂമി രാമക്ഷേത്ര നിർമാണത്തിനായി ട്രസ്റ്റിന് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പകരം അയോധ്യയിലെ പ്രധാന സ്ഥലത്ത് പള്ളി നിർമിക്കാൻ സുന്നി വഖഫ് ബോർഡിന് അഞ്ചേക്കർ ഭൂമി അനുവദിക്കാനും കേന്ദ്രത്തോട് നിർദേശിച്ചിരുന്നു.

വിധിയിൽ പരാമർശിച്ച ഭൂമിയുടെ കൃത്യമായ അതിരുകൾ, വിസ്തൃതി, സ്ഥാനം എന്നിവ സ്വതന്ത്രമായി സർവേ നടത്തി നിർണയിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. സർവേ, റവന്യൂ, പുരാവസ്തു തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി കോടതിയുടെ മേൽനോട്ടത്തിൽ സമിതി രൂപവത്കരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

പരിശോധനയിൽ, കോടതി വിധിയിൽ പരാമർശിച്ച ഭൂമിയും ക്ഷേത്രം നിർമിച്ച സ്ഥലവും തമ്മിൽ കാര്യമായ വ്യത്യാസം കണ്ടെത്തിയാൽ വിധി കൃത്യമായി നടപ്പാക്കാനാവശ്യമായ നിർദേശങ്ങൾ നൽകണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. ഭൂമിയുടെ അതിർത്തി നിർണയവുമായി ബന്ധപ്പെട്ട യഥാർഥ രേഖകൾ, ഭൂപടങ്ങൾ, നിർമാണ പദ്ധതികൾ, സർവേ വിവരങ്ങൾ എന്നിവ സംരക്ഷിച്ച് കോടതിയിൽ ഹാജരാക്കാൻ ബന്ധപ്പെട്ട അധികൃതർക്കും ശ്രീരാം ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിനും നിർദേശം നൽകണമെന്നും ഹരജിയിൽ പറയുന്നു.

Tags:    
News Summary - Plea in Supreme Court Seeks Survey to Verify if Ayodhya Ram Temple Stands on Adjudicated Disputed Land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.