പ്രതിപക്ഷറാലിക്ക് പിന്തുണയുമായി സി.ജെ.പി; മമതയെ നേരിൽ കണ്ട് അഭിജീത് ദിപ്കെ

ന്യൂഡൽഹി: രാജ്യത്ത് എസ്.ഐ.ആറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെ. നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിക്കുന്ന റാലിക്ക് മുന്നോടിയായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

എസ്.ഐ.ആർ നടപടികളുമായി ബന്ധപ്പെട്ട ആശങ്കകളും തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉയർത്തിക്കൊണ്ടുവരുന്നതിൽ അഭിജീത് ദീപ്കെയും മറ്റ് യുവപ്രവർത്തകരും നടത്തുന്ന ഇടപെടലുകളെ മമത പ്രശംസിച്ചു. യുവതലമുറയുടെ ഈ മുന്നേറ്റത്തിൽ തനിക്ക് ഏറെ അഭിമാനമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 'അവരെയോർത്ത് എനിക്ക് ഏറെ അഭിമാനമുണ്ട്. എനിക്ക് മാത്രമല്ല, ഇന്നത്തെ യുവതലമുറക്കാകെ അഭിമാനിക്കാം. ഈ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളും സ്ഥാപകരും അവരാണ്' മമത ബാനർജി പറഞ്ഞു.

നവംബർ ഒന്നിന് നടക്കുന്ന പ്രതിപക്ഷ റാലിക്ക് അഭിജീത് ദീപ്കെയും സംഘവും പൂർണ പിന്തുണ അറിയിച്ചുവെന്നും മമത വ്യക്തമാക്കി. അതേസമയം, സി.ജെ.പി പ്രവർത്തകർക്ക് തന്റെ പാർട്ടിയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

എസ്.ഐ.ആർ, തെരഞ്ഞെടുപ്പ് കമീഷൻ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സി.ജെ.പിയും രാജ്യത്തെ യുവാക്കളും നടത്തിയ പോരാട്ടങ്ങൾ മറക്കരുതെന്നും മമത പറഞ്ഞു. നിരവധി പ്രതിസന്ധികളെ മറികടന്ന് പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോയത് അഭിനന്ദനാർഹമാണെന്നും യുവാക്കളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും യാഥാർഥ്യമാകുകയാണെന്നും അവർ അഭിപ്രായപ്പെട്ടു.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ എസ്.ഐ.ആർ നടപടികളിലും വോട്ടർപട്ടികയിലെ ക്രമക്കേടുകളിലും പ്രതിഷേധിച്ചാണ് പ്രതിപക്ഷം റാലി സംഘടിപ്പിക്കുന്നത്. നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിലാണ് റാലി.

Tags:    
News Summary - Opposition Rally At Ramlila Maidan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.