രാഹുൽ ഗാന്ധി
'ഗ്യാനേഷിന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി അധികകാലം തുടരാനാകില്ല'; മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തുമെന്ന സൂചന നൽകി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പി പിന്തുണച്ചാലും ഗ്യാനേഷ് കുമാറിന് അധികകാലം സ്ഥാനത്ത് തുടരാനാകില്ലെന്നും അദ്ദേഹം അറിയിച്ചു. ഡൽഹിയിൽ ഇന്ത്യ സഖ്യം സംഘടിപ്പിച്ച ഇംപീച്ച്മെന്റ് നടപടിക്കിടെയായിരുന്നു രാഹുലിന്റെ പരാമർശം. അതേസമയം, പ്രതിപക്ഷത്തിന്റെ നടപടിയെ പാർലമെന്റിനെയും ജനാധിപത്യത്തെയും പരിഹസിക്കുന്ന നീക്കമെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി രംഗത്തെത്തി.
ഗ്യാനേഷ് കുമാറിനെതിരെ തങ്ങൾക്കറിയാവുന്ന കാര്യങ്ങൾ പുറത്തുവിട്ട ശേഷവും ബി.ജെ.പി അദ്ദേഹത്തെ പിന്തുണയ്ക്കുകയാണെങ്കിൽ അതിലൂടെ ബി.ജെ.പിയുടെ നിലപാട് വ്യക്തമാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 'ഗ്യാനേഷ് കുമാറിന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി അധികകാലം തുടരാനാകില്ല. ഞങ്ങൾ പുറത്തുവിടാൻ പോകുന്ന കാര്യങ്ങൾക്കു ശേഷവും ബി.ജെ.പി അദ്ദേഹത്തെ പിന്തുണച്ചാൽ അവരുടെ നീക്കം എന്താണെന്ന് വ്യക്തമാകും' രാഹുൽ പറഞ്ഞു.
രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങൾ പ്രതിപക്ഷത്തിന് മുന്നിൽ അടഞ്ഞുകിടക്കുകയാണെന്നും അതുകൊണ്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ ഇംപീച്ച്മെന്റ് നടപടി സ്വീകരിക്കേണ്ടിവന്നതെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ജനങ്ങളും പ്രതിപക്ഷവും മറക്കുകയോ പൊറുക്കുകയോ ചെയ്യില്ലെന്നും രാഹുൽ വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നടത്തണമെന്നും നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘രാഹുൽ ഗാന്ധിയെ ആജീവനാന്തം താൽക്കാലിക പ്രധാനമന്ത്രിയായി നിലനിർത്തൂ’; ഇൻഡ്യ മുന്നണിയുടെ ‘പൊതു...
ചീഫ് ഇലക്ഷൻ കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിനെതിരെ ‘ഇൻഡ്യ’ മുന്നണി നടത്തിയ പ്രതീകാത്മക ‘പൊതു വിചാരണക്ക്’ സമാന്തരമായി വാർത്താസമ്മേളനം നടത്തി ബിജെപി. രാഹുൽ ഗാന്ധിയെ പാർട്ടിക്കാർ ആജീവനാന്തം താൽക്കാലിക പ്രധാനമന്ത്രിയായി നിലനിർത്തണമെന്നും തങ്ങൾക്ക് അതിൽ യാതൊരു എതിർപ്പുമില്ലെന്നും ബിജെപി ദേശീയ വക്താവും പുരി ലോക്സഭാ മണ്ഡലം എംപിയുമായ സംബിത് പത്ര പരിഹസിച്ചു. ഇൻഡ്യ മുന്നണിയുടെ ‘മോക്ക് പാർലമെന്റ്’ വെറുമൊരു നാടകമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
‘രാഹുൽ ഗാന്ധിക്ക് ഇന്ധനമില്ലെന്ന് ലോകത്തിന് ഇതിനകം മനസ്സിലായിട്ടുണ്ട്. ഈ റോക്കറ്റ് ഒരിക്കലും വിക്ഷേപിക്കപ്പെടില്ല. അദ്ദേഹത്തെ നിങ്ങളുടെ ആജീവനാന്ത ‘മോക്ക് പ്രൈം മിനിസ്റ്റർ’ ആയി നിലനിർത്തൂ. ഞങ്ങൾക്ക് യാതൊരു എതിർപ്പുമില്ല’-സംബിത് പത്ര പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയുടെ പരിപാടി പാർലമെന്റിനെ അപഹരിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനാ പദവിയിലിരിക്കുന്ന പ്രസിഡന്റിനും ചീഫ് ഇലക്ഷൻ കമീഷണർക്കും (സിഇസി) ഭരണഘടന തന്നെ പ്രതിരോധവും സുരക്ഷയും നൽകുന്നുണ്ടെന്ന് സംബിത് പത്ര വ്യക്തമാക്കി. ബിജെപി പുതിയൊരു നിയമവും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2023 ആഗസ്റ്റിൽ തെലങ്കാനയിലെ ലോവർ സ്പെഷ്യൽ കോടതി സിഇസിക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യാൻ ഉത്തരവിട്ട സംഭവം പത്ര ഓർമ്മിപ്പിച്ചു. എന്നാൽ ഹൈക്കോടതി ഉടൻ തന്നെ ആ ഉത്തരവ് റദ്ദാക്കുകയും ഇത് തെറ്റായ രീതിയെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ സമ്മർദ്ദം കാരണം ഉയർന്ന ഭരണഘടനാ പദവിയിലിരിക്കുന്നവർക്കെതിരെ ആർക്കും കേസെടുക്കാവുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടിക്രമങ്ങൾ കൊണ്ടുവന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയിൽ വോട്ട് തിരിമറി നടന്നിട്ടുണ്ടെങ്കിൽ അത് ഗാന്ധി കുടുംബത്തിലെ ആദ്യ അംഗമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവാണ് നടത്തിയതെന്ന് പത്ര ആരോപിച്ചു. സർദാർ വല്ലഭായ് പട്ടേലിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കാൻ പ്രമുഖ കോൺഗ്രസ് നേതാക്കൾ ബാലറ്റ് ബോക്സിൽ വോട്ട് ചെയ്തെങ്കിലും, ആ വോട്ടുകൾ മോഷ്ടിച്ചാണ് നെഹ്റു തിരഞ്ഞെടുക്കപ്പെടാത്ത പ്രധാനമന്ത്രിയായതെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.