ജി.പി.എസ് ഇല്ലെങ്കിൽ അനുമതിയില്ല; നവംബർ 1 മുതൽ നിർമാണ വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് തമിഴ്നാട്ടിൽ കർശന നിയന്ത്രണം
ചെന്നൈ: ജി.പി.എസ് ട്രാക്കിങ് സംവിധാനം സ്ഥാപിക്കാത്ത വാഹനങ്ങൾക്കും ലോറികൾക്കും നിർമാണ ധാതുക്കൾ കൊണ്ടുപോകാൻ അനുമതി നൽകില്ലെന്ന് തമിഴ്നാട് ജിയോളജി ആൻഡ് മൈനിങ് വകുപ്പ് അറിയിച്ചു. നവംബർ 1 മുതൽ ഇത്തരം വാഹനങ്ങൾക്ക് ട്രാൻസ്പോർട്ട് പെർമിറ്റുകളും ട്രാൻസിറ്റ് പാസുകളും അനുവദിക്കില്ല.
സംസ്ഥാന സർക്കാരിന്റെ ധാതു മാനേജ്മെന്റ് ഓൺലൈൻ പോർട്ടലായ മിമാസുമായി (MiMAS) സംയോജിപ്പിച്ച ജി.പി.എസ് സംവിധാനമാണ് വാഹനങ്ങളിൽ സ്ഥാപിക്കേണ്ടത്. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് (AIS)-40 നിലവാരത്തിലുള്ള ഉപകരണങ്ങളായിരിക്കണം ഉപയോഗിക്കേണ്ടത്. സിമ്മും പ്രത്യേക തിരിച്ചറിയൽ നമ്പറും അടങ്ങിയ ഉപകരണം മിമാസ് പോർട്ടലുമായി ബന്ധിപ്പിക്കും.
ധാതുക്കൾ കൊണ്ടുപോകുന്ന സമയത്ത് വാഹനത്തിന്റെ തത്സമയ ലൊക്കേഷൻ ലോറി ഉടമകൾക്കും ബന്ധപ്പെട്ട അധികാരികൾക്കും ലഭ്യമാക്കുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം. അനധികൃതവും അനുവദനീയമായ അളവിൽ കൂടുതലുമായ ഖനനം തടയാനും ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
നേരത്തെ സെപ്റ്റംബർ 29 ആയിരുന്നു ജി.പി.എസ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള അവസാന തീയതി. എന്നാൽ രജിസ്റ്റർ ചെയ്ത 1.40 ലക്ഷം വാഹനങ്ങളിൽ ഒരു ലക്ഷത്തിലേറെ വാഹനങ്ങൾ ഉപകരണം സ്ഥാപിക്കാത്തതിനെ തുടർന്ന് സമയപരിധി പലതവണ നീട്ടുകയായിരുന്നു.
കഴിഞ്ഞ മാസം രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ പട്ടിക പുനഃപരിശോധിച്ച് നിരവധി ഡ്യൂപ്ലിക്കേറ്റുകൾ നീക്കം ചെയ്തതായി ജിയോളജി ആൻഡ് മൈനിങ് വകുപ്പ് ജോയിന്റ് ഡയറക്ടർ എ. അരുണഗൈനൈനാർ പറഞ്ഞു. നിലവിലെ കണക്കനുസരിച്ച് ഏകദേശം 1.10 ലക്ഷം വാഹനങ്ങളാണ് പട്ടികയിലുള്ളത്. എന്നാൽ ഇതിൽ ഏകദേശം 50,000 വാഹനങ്ങൾ മാത്രമാണ് സജീവമായി ധാതുക്കൾ കൊണ്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സജീവമായി നിർമാണ ധാതുക്കൾ കൊണ്ടുപോകുന്ന 50,000 വാഹനങ്ങളിൽ ഏകദേശം 30,000 വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം സ്ഥാപിച്ചുകഴിഞ്ഞു. ശേഷിക്കുന്ന വാഹന ഉടമകളോടും വെള്ളിയാഴ്ച രാത്രിയോടെ സംവിധാനം സ്ഥാപിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉപകരണം വാങ്ങുന്നതിനായി സർക്കാർ 37 അംഗീകൃത വിതരണക്കാരുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. ഉപകരണം സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീളാൻ പ്രധാന കാരണങ്ങളിലൊന്ന് അതിന്റെ വിലയുമായി ബന്ധപ്പെട്ട തർക്കമായിരുന്നു. ആദ്യം 15,000 രൂപക്ക് മുകളിലായിരുന്ന ഉപകരണത്തിന്റെ വില പിന്നീട് പല ചർച്ചകൾക്കുശേഷം ഏകദേശം 4,000 രൂപയായി കുറഞ്ഞതായി ലോറി ഉടമകൾ പറഞ്ഞു.
മാർച്ചിൽ മദ്രാസ് ഹൈകോടതി വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം നിർബന്ധമാക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംവിധാനം നടപ്പാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കിയത്. ധാതുക്കൾ കൊണ്ടുപോകുന്ന എല്ലാ ചരക്ക് വാഹനങ്ങളിലും കർശന പരിശോധന നടത്തുമെന്നും ജി.പി.എസ് സംവിധാനം സ്ഥാപിക്കാത്ത ലോറി ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.