‘ഇംപീച്ച്മെന്റ്’ പ്രമേയവും ഗ്യാനേഷ് ചെയ്ത കുറ്റങ്ങളും
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ഇൻഡ്യ സഖ്യം സംഘടിപ്പിച്ച ജനകീയ ഇംപീച്ച്മെന്റ് പരിപാടി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ജനസംഖ്യയിലെ 60 ശതമാനത്തിലധികം ആളുകളെ പ്രതിനിധീകരിക്കുന്ന ഇൻഡ്യ സഖ്യത്തിലെ എം.പിമാർ, ഇന്ത്യൻ ഭരണഘടനയുടെ 326ാം അനുച്ഛേദം അനുവദിച്ച സാർവത്രിക വോട്ടവകാശത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത ആവർത്തിച്ചതായും അതിനെ സ്വന്തം നടപടികളാൽ കടുത്ത ഭീഷണിയിലാക്കിയ ഗ്യാനേഷ് കുമാറിനെ താഴെപറയുന്ന കുറ്റാരോപണങ്ങളുടെ അടിസ്ഥാനത്തിൽ തദ്സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും പ്രമേയത്തിൽ പറയുന്നു. ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യൻ ഭരണഘടനയുടെ നിയമചട്ടക്കൂടനുസരിച്ച് രാജ്യദ്രോഹക്കുറ്റത്തിന് കോടതിയിൽ വിചാരണ നടത്തണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.
കുറ്റം ഒന്ന്
ദേശീയ-സംസ്ഥാന തെരഞ്ഞെടുപ്പുകൾ മോഷ്ടിക്കുന്നതിന് ബി.ജെ.പി ആസൂത്രണം ചെയ്ത കപടവും ദുഷ്ടവുമായ ക്രിമിനൽ ഗൂഢാലോചനക്ക് ഗ്യാനേഷ് കുമാർ മേൽനോട്ടം വഹിക്കുകയും അതിൽ പങ്കാളിയാവുകയും ചെയ്തു. വോട്ടർ പട്ടികകളിൽ അനധികൃത പ്രവേശനം അനുവദിച്ചും ഇഷ്ടാനുസരണം വോട്ടർമാരെ ചേർക്കാനും നീക്കാനും അവസരം ഒരുക്കിയും തെരഞ്ഞെടുപ്പ് ഫലങ്ങളെ അട്ടിമറിച്ച് അദ്ദേഹം നിയമവാഴ്ചയെ ബോധപൂർവം ലംഘിച്ചു. ഇത് ക്രിമിനൽ കുറ്റവും രാജ്യത്തോടും ഇന്ത്യൻ ഭരണഘടനയോടുമുള്ള രാജ്യദ്രോഹ പ്രവർത്തനവുമാണ്.
കുറ്റം രണ്ട്
ഗ്യാനേഷ് കുമാർ വികലവും വിനാശകരവുമായ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) പ്രക്രിയക്ക് നേരിട്ട് ഉത്തരവാദിയാണ്. 13.2 കോടി വോട്ടർമാരിൽനിന്ന് പക്ഷപാതപരവും സുതാര്യമല്ലാത്തതും സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധവുമായ തരത്തിൽ ഭരണഘടന ഉറപ്പുനൽകുന്ന വോട്ടവകാശം അപഹരിച്ച് മനഃപൂർവം വോട്ടർ പട്ടികയിൽ നിന്ന് നീക്കുന്ന കാര്യം അദ്ദേഹം ഉറപ്പുവരുത്തി. ഇതും ക്രിമിനൽ കുറ്റവും രാജ്യദ്രോഹ പ്രവർത്തനവുമാണ്.
കുറ്റം മൂന്ന്
പാർലമെന്റിന്റെ മേൽനോട്ടമോ അറിവോ ഇല്ലാതെ, 1960ലെ വോട്ടർ രജിസ്ട്രേഷൻ ചട്ടങ്ങളിലെ ഫോം-6 നിയമവിരുദ്ധമായി ഭേദഗതി ചെയ്തതിലൂടെ, ആദ്യമായി വോട്ട് ചെയ്യാൻ എത്തുന്ന പൗരന്മാരുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നത് തടയുന്നതിനുള്ള ക്രിമിനൽ ഗൂഢാലോചനയിൽ ഗ്യാനേഷ് കുമാർ പങ്കാളിയായി. ഇതുവഴി ഭരണഘടന ഉറപ്പുനൽകുന്ന വോട്ടവകാശം അവരിൽനിന്ന് അപഹരിക്കപ്പെടുകയും ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ അവർക്കുള്ള അവകാശങ്ങൾ ഫലത്തിൽ അസാധുവാക്കപ്പെടുകയും ചെയ്തു. ഇതും രാജ്യത്തോടും ഭരണഘടനയോടുമുള്ള രാജ്യദ്രോഹ പ്രവർത്തനമാണ്.
കുറ്റം നാല്
ഇ.ആർ.ഒ നെറ്റ്, ഇ.സി.എ നെറ്റ് സോഫ്റ്റ്വെയറുകളുടെ ദുരുപയോഗത്തിലൂടെ തെരഞ്ഞെടുപ്പ് കമീഷനിൽ വോട്ടർ പട്ടികകളുടെ നിയന്ത്രണം കേന്ദ്രീകരിച്ചതിന് ഗ്യാനേഷ് കുമാർ കുറ്റക്കാരനാണ്. നിയമാനുസൃത വോട്ടർമാരെ ചേർക്കുന്നതിൽ പ്രാദേശിക ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരെ (ഇ.ആർ.ഒ) തടയുകയും വോട്ടർമാരെ നീക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു പ്രവർത്തനം. ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനമായ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള ക്രിമിനൽ നീക്കവും രാജ്യദ്രോഹ പ്രവർത്തനവുമാണിത്.
കുറ്റം അഞ്ച്
ഗ്യാനേഷ് കുമാർ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിലെ ഏഴ് സഹപ്രവർത്തകരുമായി ചേർന്ന്, ബോധപൂർവം നിയമം ലംഘിക്കുകയും, മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാരെ തീരുമാനമെടുക്കൽ പ്രക്രിയയിൽനിന്ന് അനധികൃതമായി ഒഴിവാക്കുകയും ചെയ്തു. ഇതിനെതിരെ അവർ രേഖാമൂലം കുറഞ്ഞത് 14 എതിർപ്പുകൾ ഉന്നയിച്ചിട്ടുണ്ട്. ഇത് ഭരണഘടന നിർവചിക്കുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ അധികാരപരിധിയുടെ വ്യക്തമായ ലംഘനവും രാജ്യദ്രോഹ പ്രവർത്തനവുമാണ്.
കുറ്റം ആറ്
സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പുകൾ ഉറപ്പാക്കാനും ഭരണഘടന സംരക്ഷിക്കാനും ബാധ്യസ്ഥനായിരുന്നിട്ടും, തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തം ഗ്യാനേഷ് ലംഘിച്ചു. പ്രതിപക്ഷത്തിന് എതിരായി നിരന്തരം പ്രവർത്തിക്കുകയും അവരുടെ വാദങ്ങൾ കേൾക്കാൻ അവസരം നിഷേധിക്കുകയും അവർ വാദം അവതരിപ്പിക്കുന്നത് തടയാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസ് പൂട്ടുകയും പ്രതിപക്ഷ നേതാക്കളെ നിയമവിരുദ്ധമായി അയോഗ്യരാക്കുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് തടയുകയും അവർ ഓഫിസിന് പുറത്ത് ആക്രമിക്കപ്പെട്ടപ്പോൾ മൗനം പാലിക്കുകയും ചെയ്തു.
ഭരണകക്ഷിയായ ബി.ജെ.പിയോട് കാണിച്ച ഈ വിധേയത്വത്തിന് പ്രതിഫലമായി, ഗ്യാനേഷ് കുമാറിന്റെ കുടുംബാംഗങ്ങൾക്ക് ഉയർന്ന പദവികളും അപൂർവ സാമ്പത്തിക അവസരങ്ങളും ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നിർദേശപ്രകാരം സ്വന്തം ഭരണഘടനാപരമായ ചുമതലകളെ അവഗണിച്ച് പ്രവർത്തിച്ചതിലൂടെ അദ്ദേഹം ഇന്ത്യൻ ജനതയുടെ വിശ്വാസത്തെ വഞ്ചിക്കുകയും ജനാധിപത്യ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ അട്ടിമറിക്കുന്ന ഗൂഢാലോചനയിൽ പങ്കാളിയാകുകയും ചെയ്തു. ഇവയെല്ലാം രാജ്യത്തോടും ഭരണഘടനയോടുമുള്ള രാജ്യദ്രോഹ പ്രവർത്തനങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.