രാഹുൽ ഗാന്ധിക്കെതിരെ ആർ.എസ്.എസ് മാനനഷ്ട കേസ്; വിചാരണ 10ന് തുടങ്ങും

മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആർ.എസ്.എസ് പ്രവർത്തകൻ നൽകിയ മാനനഷ്ട കേസിൽ ഈ മാസം 10ന് വിചാരണ തുങ്ങും. ഗാന്ധി വധത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന പരാമർശത്തിനെതിരെയാണ് പരാതി.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള ഭീവണ്ടി ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി കേസ് ശനിയാഴ്ച പരിഗണിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, പരാതിക്കാരനായ രാജേഷ് കുന്തെ ടൗണിന് പുറത്താണെന്നും കോടതിയിൽ എത്താനാവില്ലെന്നും അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. കേസ് മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധി വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും കോടതിക്ക് നടപടികളുമായി മുന്നോട്ടുപോവാമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകനും വ്യക്തമാക്കി. തുടർന്നാണ് കേസിന്‍റെ വിചാരണ ആരംഭിക്കുന്നത് 10ലേക്ക് മാറ്റിയത്. ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകൾ പരമാവധി വേഗത്തിൽ തീർപ്പാക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധിക്കെതിരായ കേസും വേഗത്തിൽ തീർപ്പാക്കുമെന്ന് ജനുവരി 29ന് കേസ് പരിഗണിച്ചപ്പോൾ കോടതി വ്യക്തമാക്കിയിരുന്നു.

എല്ലാ ദിവസവും തുടർച്ചയായി വാദം കേട്ട് കേസ് വേഗത്തിൽ തീർപ്പാക്കാനാണ് കോടതി തീരുമാനം. 2014ലാണ് കുന്തെ രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്. ഭീവണ്ടിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ ഗാന്ധി വധത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് രാഹുൽ ആരോപിച്ചിരുന്നു. പരാമർശം ആർ.എസ്.എസിനെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കുന്തെ കോടതിയെ സമീപിച്ചത്.

Tags:    
News Summary - In RSS' Defamation Case Against Rahul Gandhi, Trial To Begin From Feb 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.