ബസൻഗൗഡ പാട്ടീൽ യത്നാൽ, ബി.എസ്. യെദ്യൂരപ്പ

‘കള്ളന്മാർ കള്ളന്മാർ തന്നെ’, യെദ്യൂരപ്പ​ക്കെതിരെ 40,000 കോടിയുടെ ക്രമക്കേട് ആരോപിച്ച് ബി.ജെ.പി എം.എൽ.എ

വിജയപുര (കർണാടക): ബി.ജെ.പി പാർലമെന്ററി ബോർഡ് അംഗം ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന കോവിഡ് വ്യാപന കാലത്ത് 40,000 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്ന ഗുരുതര ആരോപണവുമായി പാർട്ടി എം.എൽ.എ ബസൻഗൗഡ പാട്ടീൽ യത്നാൽ രംഗത്ത്. മാധ്യമപ്രവർത്തകർക്കു മുമ്പിലാണ് യത്നാൽ പാർട്ടിയിലെ മുതിർന്ന നേതാവിനെതിരെ സഹസ്രകോടികളുടെ അഴിമതിയാരോപണം ഉന്നയിച്ചത്. നിലവിലെ കോൺ​ഗ്രസ് സർക്കാർ ഈ ക്രമക്കേടുകൾ മറച്ചുവെക്കുകയാണെന്നും ബി.ജെ.പി എം.എൽ.എ ആരോപിച്ചു.

കടുത്ത ഹിന്ദുത്വവാദിയായി അറിയപ്പെടുന്ന യത്നാൽ യെദ്യൂരപ്പയുടെ സ്ഥിരം വിമർശകനാണ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. വിജയേ​ന്ദ്രയെ കർണാടക ബി.ജെ.പി അധ്യക്ഷനായി നിയമിച്ചതിനു പിന്നാലെയാണ് ആക്രമണം കനപ്പിച്ച് യത്നാൽ രംഗത്തെത്തിയിട്ടുള്ളത്.

‘45 രൂപയുടെ മാസ്കിന് 485 രൂപയുടെ ബില്ലാണ് അന്ന് നൽകിയത്. കോവിഡ് കാലത്ത് കിടക്കകൾ വിതരണം ചെയ്തതിലും വൻ ക്രമക്കേടാണ് നടന്നത്. ബംഗളൂരുവിൽ 10000 കിടക്കകൾ വാടകക്കെടുക്കുകയാണ് ചെയ്തത്. ഒരു കിടക്കക്ക് 20000 രൂപയാണ് നൽകിയത്. ആ തുകക്ക് കിടക്കകൾ വിലകൊടുത്ത് വാങ്ങിയിരുന്നുവെങ്കിൽ അതിന്റെ ഇരട്ടിയെണ്ണം സ്വന്തമായി ലഭിച്ചേനേ. കള്ളന്മാർ കള്ളന്മാർ തന്നെയാണ്’ -യത്നാൽ പറഞ്ഞു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനായി തന്നെ നിയമിച്ചാൽ അഴിമതി മുഴുവൻ വെളിച്ചത്തുകൊണ്ടുവരാമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയെ അറിയിച്ചു​വെങ്കിലും അവർ അത് സ്വീകരിച്ചില്ലെന്നും യത്നാൽ പറഞ്ഞു. പകരം, മുൻമന്ത്രി സി.സി. പാട്ടീലിനെയാണ് ആ സ്ഥാനത്ത് നിയമിച്ചത്.

യെദ്യൂരപ്പ ലംഗായത്ത്, പഞ്ചമശാലി സമുദായങ്ങളിൽ തന്റെ പിണിയാളുകൾക്ക് മാത്രം സ്ഥാനമാനങ്ങൾ നൽകിയതായും യത്നാൽ ആരോപിച്ചു. ‘എനിക്ക് പണം കൊള്ളയടിക്കുന്ന ശീലമില്ല. കോവിഡ് രൂക്ഷമായ കാലത്ത് ഞാനും രോഗബാധിതനായിരുന്നു. എനിക്ക് 5.8 ലക്ഷം രൂപയുടെ ബില്ലാണ് അവർ നൽകിയത്. എന്നെ പാർട്ടിയിൽനിന്ന് പുറത്താക്കുകയോ നോട്ടീസ് തരികയോ ചെയ്താൽ അവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഞാൻ വെളിപ്പെടുത്തും’ -ബി.ജെ.പി എം.എൽ.എ മുന്നറിയിപ്പു നൽകി.

സംസ്ഥാനത്ത് ബി.​ജെ.പിയിൽ ഗ്രൂപ്പിസം കനക്കുകയാണ്. പുതിയ പാർട്ടി നേതൃത്വവും പ്രതിപക്ഷ നേതാവ് ആർ. അശോകും യെദ്യൂരപ്പ പക്ഷത്ത് നിലയുറപ്പിക്കുമ്പോൾ മറുപക്ഷത്തിന് നേതൃത്വം നൽകുന്നത് പാർട്ടി ദേശീയ സെക്രട്ടറി ബി.എൽ. സന്തോഷാണ്. 

Tags:    
News Summary - Rs 40,000-crore scam took place under BJP rule: MLA Basangouda Patil Yatnal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.