ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ ഭക്തരുടെ തിക്കിലും തിരക്കിലുംപെട്ട് 18 പേർ മരിക്കുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദുരന്തത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ധനസഹായവും പരിക്കേറ്റവർക്ക് രണ്ടര ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചത്. പരിക്കേറ്റ കുട്ടികൾക്ക് ഒരു ലക്ഷം രൂപ വീതവും നൽകും.
മരിച്ചവരിൽ 11 സ്ത്രീകളും നാലു കുട്ടികളും മൂന്നു പുരുഷൻമാരുമാണുള്ളത്. മരണസംഖ്യ ഉയരാനാണ് സാധ്യത. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച രാത്രി 10 മണിയോടെയുണ്ടായ അനിയന്ത്രിതമായ തിക്കും തിരക്കുമാണ് ആളപായത്തിനും പരിക്കിനും ഇടയാക്കിയത്. പ്രയാഗ് രാജിലേക്കുള്ള ട്രെയിൻ വരുന്ന 14,15 പ്ലാറ്റ്ഫോമുകളിലാണ് ആൾക്കൂട്ടം തിങ്ങിക്കൂടിയത്. ഒരു ദിവസം അഞ്ചു ലക്ഷം വരെ ആളുകൾ യാത്ര ചെയ്യുന്നതാണ് ഡൽഹി റെയിൽവേ സ്റ്റേഷൻ. പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ പോകാനായി ആയിരങ്ങളാണ് രാത്രി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്‌ഫോം 14ൽ നിന്നായിരുന്നു ഈ തീവണ്ടി പോകേണ്ടിയിരുന്നത്. അതേ സമയം 12, 13 പ്ലാറ്റ്ഫോമുകളിൽ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജഥാനി എക്‌സ്പ്രസുകൾ വൈകിയതോടെ മൂന്നു പ്ലാറ്റ്‌ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്.
അപകടത്തിൽ 15 ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു ആദ്യ വിവരം. മരിച്ചുവെന്ന വാർത്തകൾ വിശ്വസിക്കരുതെന്ന് റെയിൽവേ അധികൃതർ വാർത്ത കുറിപ്പിറക്കുകയും ചെയ്തു. എന്നാൽ മരിച്ചവർക്ക് ആദരാഞ്ജലിയുമായി ലഫ്. ഗവർണർ പോസ്റ്റിട്ടതോടെ ആശയക്കുഴപ്പം പരന്നു. പിന്നാലെ ആശുപത്രി അധികൃതർ മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
ഉടൻ സുരക്ഷ സേന രംഗത്തെത്തുകയും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 15 പേർ മരിച്ചതായി എൽ.എൻ.ജെ.പി ആശുപത്രി അത്യാഹിത വിഭാഗം മെഡിക്കൽ ഓഫിസർ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.