ഹൈദരാബാദ്: ആന്ധ്രയിലെ നെല്ലൂർ അഡീഷനൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലുണ്ടായ മോഷണത്തിൽ മന്ത്രിക്കെതിരായ കേസിന്‍റെ തെളിവുകൾ നഷ്ടപ്പെട്ടു. ആന്ധ്ര കൃഷി മന്ത്രിയും വൈ.എസ്.ആർ കോൺഗ്രസ് മുതിർന്ന നേതാവുമായ കെ. ഗോവർധൻ റെഡ്ഡിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ സുപ്രധാന രേഖകളാണ് മോഷണം പോയത്. കോടതി രേഖകളും സീലും അടങ്ങിയ ബാഗ് വഴിയരികിൽനിന്നും പൊലീസ് കണ്ടെടുത്തു.
മന്ത്രിക്കെതിരായ കേസിന്‍റെ രേഖകൾ ഒഴികെ മറ്റെല്ലാ രേഖകളും ഉപേക്ഷിക്കപ്പെട്ട ബാഗിൽ ഉണ്ടായിരുന്നു. ഗോവർധൻ റെഡ്ഡിക്കെതിരായ കേസിന്‍റെ രേഖകൾ മാത്രം കൈവശപ്പെടുത്തിയ ശേഷം മറ്റുള്ളവ വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു. കോടതിക്ക് സമീപത്തെ കലുങ്കിനടുത്ത് നിന്നാണ് ബാഗ് കണ്ടെടുത്തത്. കോടതിയിൽ ബഞ്ച് ക്ലാർക്ക് നടത്തിയ പരിശോധനയിലാണ് സുപ്രധാന രേഖകൾ മോഷണം പോയ വിവരം പുറത്തറിയുന്നത്.
2017 ഡിസംബറിൽ സർവേപ്പള്ളി എം.എൽ.എ കക്കാനി ഗോവർധൻ റെഡ്ഡി മുൻ മന്ത്രി സോമിറെഡ്ഡി ചന്ദ്രമോഹൻ റെഡ്ഡിക്കെതിരെ ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. ചന്ദ്രമോഹൻ റെഡ്ഡിക്ക് വിദേശരാജ്യങ്ങളിൽ ആയിരക്കണക്കിന് കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നായിരുന്നു ആരോപണം. സ്വത്ത് രേഖകളെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഏതാനും രേഖകളും മാധ്യമങ്ങൾക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെ ഗോവർധൻ റെഡ്ഢി വ്യാജരേഖ ചമച്ചെന്ന് കാണിച്ച് ചന്ദ്രമോഹൻ റെഡ്ഡി നെല്ലൂർ റൂറൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മാനനഷ്ടക്കേസും നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗോവർധൻ റെഡ്ഢി വ്യാജ രേഖകൾ സമർപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. ഗോവർധനെതിരായി സമർപ്പിച്ച കുറ്റപത്രത്തിലെ പ്രധാന രേഖകളാണ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും മോഷണം പോയത്.
രാജ്യത്ത് ആദ്യമായാണ് കേസിന്‍റെ രേഖകൾ കോടതിയിൽ നിന്നും മോഷണം പോകുന്നതെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കണമെന്നും ടി.ഡി.പി നേതാവും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനുമായ പയ്യാവുല കേശവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.