ന്യൂഡൽഹി: രാജ്യത്ത് ഒരൊറ്റ വർഷംകൊണ്ട് റോഡിലെ കുഴികൾ എടുത്ത ജീവനുകളുടെ എണ്ണം കേട്ടാൽ ഞെട്ടും. 3,597. 2017ലെ മാത്രം കണക്കാണിത്. ഇതനുസരിച്ച് ഒാരോ ദിവസവും പത്ത് ആളുകൾ വീതമാണ് മരണത്തിലേക്ക് പതിക്കുന്നത്. 2016ലേതിനേക്കാൾ 50 ശതമാനത്തിലേറെ വർധനയാണ് 2017ൽ കുഴികൾ മൂലമുണ്ടായ റോഡപകട മരണങ്ങളിലുണ്ടായത്.
കുഴിമരണങ്ങളിൽ ഉത്തർപ്രദേശ് ആണ് റെക്കോഡ് സ്ഥാപിച്ചത്- 987. തൊട്ടുപിന്നിൽ ഹരിയാനയും ഗുജറാത്തും. മഹാരാഷ്ട്രയിൽ 726 പേർ ഇത്തരം അപകടത്തിൽ മരിച്ചു. കഴിഞ്ഞ വർഷത്തേതിെൻറ ഇരട്ടിയാണിത്.
നിർമാണപ്രവൃത്തികൾ നടക്കുന്ന റോഡുകളിലും അതിനു സമീപത്തും സംഭവിക്കുന്ന അപകടമരണങ്ങളും വർധിച്ചതായാണ് കണക്ക്. 2016ൽ ഇത് 3,878 ആണെങ്കിൽ 2017ൽ 4,250 ആയി വർധിച്ചു. സംസ്ഥാനങ്ങൾ കേന്ദ്രത്തിനു മുമ്പാകെ സമർപ്പിച്ച കണക്കുകളിൽ നിന്നാണ് ഇത് വ്യക്തമാകുന്നത്.
തീവ്രവാദം, നക്സൽ ആക്രമണങ്ങൾ എന്നിവയാൽ കൊല്ലപ്പെട്ടവരേക്കാൾ കൂടുതൽ ആണ് റോഡപകടങ്ങളിൽ മരിക്കുന്നവരുടെ നിരക്കെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
മേൽപറഞ്ഞ രണ്ടിലും കൂടി 2017ൽ കൊല്ലപ്പെട്ടവരുടെ എണ്ണം 803 ആണ്. രാജ്യത്തെ റോഡുകളുടെ ദയനീയാവസ്ഥ വിളിച്ചോതുന്നതാണ് ഇൗ മരണക്കണക്കുകൾ. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും കാര്യക്ഷമതയില്ലായ്മയും പരിചരണത്തിെൻറ അഭാവവും മരണക്കുഴികളുടെ എണ്ണം കൂട്ടുന്നു.
സുരക്ഷക്ക് പ്രാധാന്യം കൊടുക്കാത്ത ഡ്രൈവിങ്ങും കാരണമാവുന്നു. ബോധവത്കരണം നടത്തിയിട്ടും രാജ്യത്ത് വലിയൊരളവ് ഇരുചക്ര വാഹന യാത്രക്കാർ ഇന്നും ഹെൽമറ്റ് ധരിക്കാതെയാണ് വാഹനമോടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.