ന്യൂഡൽഹി: ഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിന് മുന്നിൽ ആരതി ഉഴിയുകയും ‘മോദി ചാലിസ’ ചൊല്ലുകയും ചെയ്ത സംഭവം വിവാദത്തിൽ. വ്യാഴാഴ്ച നടന്ന പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. തുടർന്ന്, തങ്ങൾ ഔദ്യോഗികമായി സംഘടിപ്പിച്ച പരിപാടിയല്ലെന്ന വിശദീകരണവുമായി പ്രസ് ക്ലബ് ഓഫ് ഇന്ത്യ രംഗത്തെത്തി.
‘ജയ് ജയ് മോദി’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ചടങ്ങ്. പ്രധാനമന്ത്രിയുടെ കട്ടൗട്ട് സ്ഥാപിച്ച് ആരതി ഉഴിയുകയും തുടർന്ന് മോദിയെ പ്രകീർത്തിക്കുന്ന ‘മോദി ചാലിസ’ ചൊല്ലുകയുമായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ പരിസരത്ത് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതിനെ വ്യാപക വിമർശനം ഉയരുകയുമായിരുന്നു.
ഇതേ തുടർന്ന്, വിശദീകരണവുമായി പ്രസ് ക്ലബ് ഓഫ് ഇന്ത്യ രംഗത്തെത്തി. പരിപാടി സംഘടന ഔദ്യോഗികമായി സംഘടിപ്പിച്ചതല്ലെന്നും സംഭവവുമായി മാധ്യമപ്രവർത്തകരുടെ സംഘടനയെ ബന്ധിപ്പിക്കരുതെന്നുമാണ് വിശദീകരണം. ‘ഇന്ന് രാവിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ പരിസരത്ത് നടന്ന ഒരു പരിപാടിയുടെ ഫോട്ടോ/വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ക്ലബ് ആ പരിപാടി സംഘടിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ഒരു സംഘടന പത്രസമ്മേളനം നടത്തുന്നതിനായി ഹാൾ വാടകക്കെടുത്തതാണ്. എന്നാൽ സ്ഥലം വാടകക്കെടുക്കുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചപ്പോൾ, ക്ലബ് അധികൃതർ ഉടൻ ഇടപെട്ട് അത് നിർത്തിവച്ചു’ പ്രസ് ക്ലബ് ഓഫ് ഇന്ത്യ എക്സിൽ കുറിച്ചു.
ബിഹാർ സ്റ്റേറ്റ് ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡ് വൈസ് പ്രസിഡന്റ് രാജൻ സിങ്ങായിരുന്നു പരിപാടിയുടെ സംഘാടകൻ. മോദിക്കായി ബിഹാറിൽ ക്ഷേത്രം നിർമിക്കാനുള്ള പദ്ധതിയെക്കുറിച്ച് സംഘാടകർ സംസാരിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.