ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്‍ഫോടനത്തെ തുടർന്ന് ലാൽ കില മെട്രോ സ്റ്റേഷനിലും പരിസരങ്ങളിലും ഉണ്ടായിരുന്ന ജനങ്ങൾ പരിഭ്രാന്തരായി എങ്ങോട്ടെന്നില്ലാതെ നെട്ടോട്ടമോടിയപ്പോൾ അവർക്ക് തുണയായത് സൈക്കിൾ റിക്ഷക്കാരും വഴിയോര കച്ചവടക്കാരും.
സ്ഥലപരിചയമില്ലാത്ത വിനോദസഞ്ചാരികൾ നിലവിളിച്ച് ഓടിയപ്പോഴാണ് തങ്ങളാലാവുന്ന സഹായവുമായി റിക്ഷക്കാരും വഴിയോര കച്ചവടക്കാരും എത്തിയത്.
മുഹമ്മദ് ജമാൽ എന്ന 50 കാരനായ സൈക്കിൾ റിക്ഷക്കാരനാണ് കൂടുതൽ പേരെയും റിക്ഷയിൽ കയറ്റി കൊണ്ടുപോയി മെട്രോ ട്രെയിനും ബസും കിട്ടുന്നിടത്തേക്ക് എത്തിച്ചത്. പലരെയും ചാന്ദ്‍നി ചൗക്ക് മെട്രോ സ്റ്റേഷനിലും ഒമാക്‌സ് മാളിലും ഫത്തേപ്പൂരി മസ്‍ജിദിന്റെ ഭാഗത്തേക്കും എത്തിച്ചു.
ഭയന്നോടിയത് നൂറുകണക്കിനാളുകളാണെന്ന് ജമാൽ പറഞ്ഞു. താൻ ഏകദേശം 60 പേരെ റിക്ഷയിൽ കയറ്റി കൊണ്ടുപോയി. ഭയചകിതരായ അവരിൽ പലരും കാശ് തരുന്ന കാര്യം മറന്നെന്നും താൻ അവരോട് ചോദിച്ചുമില്ലെന്നും ജമാൽ പറഞ്ഞു.
സ്ഫോടനത്തെ തുടർന്ന് സമീപത്തെ കടകളെല്ലാം ഷട്ടർ താഴ്ത്തിയെങ്കിലും കച്ചവടക്കാർ സ്വന്തം ജീവനേക്കാൾ കൂടുതൽ ഭയചകിതരായ ജനങ്ങളുടെ രക്ഷക്കെത്താനാണ് തയാറായത്. പ്രായമായവരെയും കുട്ടികളെയുമൊക്കെ അവർ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് എത്തിച്ചു.
ആയിരത്തോളം പേരെ അടുത്ത മെട്രോ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലേക്കും എത്തിച്ചെന്ന് സ്ഫോടനം നേരിൽക്കണ്ട വഴിയോര കച്ചവടക്കാരനായ മുഹമ്മദ് ബച്ചു ചൗധരി പറഞ്ഞു. സ്ഫോടനത്തിൽ തകർന്ന വാഹനങ്ങളുടെ ചില ഭാഗങ്ങൾ തന്‍റെ മുന്നിലാണ് പതിച്ചതെന്ന് ബച്ചു ചൗധരി പറഞ്ഞു.
ചെങ്കോട്ടയിലും പരിസരപ്രദേശങ്ങളിലും എന്നും ആൾത്തിരക്കാണെന്നും സ്ഫോടനത്തെ തുടർന്ന് പരിഭ്രാന്തരായ ആൾക്കൂട്ടങ്ങൾക്ക് എങ്ങോട്ടാണ് പോകേണ്ടതെന്ന് നിശ്ചയമില്ലായിരുന്നുവെന്നും വഴിയോരത്ത് തുണിക്കച്ചവടം നടത്തുന്ന മഹേന്ദ്ര കുമാർ പറഞ്ഞു.
അവരിൽ കുറേപേരെ താനും കൂട്ടുകാരും സഹായിച്ചു. ബഹളത്തിനിടെ മൊബൈൽ ഫോൺ നഷ്‍ടപ്പെട്ടുപോയി. ബന്ധപ്പെടാനാകാതെ തന്‍റെ വീട്ടുകാർ വിഷമിച്ചു. നാലുകിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് നടന്നുപോകേണ്ടിവന്നെന്നും അയാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.