ഗ്യാൻവാപി മസ്ജിദിൽ പൂജ അനുവദിച്ച ജഡ്ജിയെ ഓംബുഡ്സ്മാനായി നിയമിച്ചു

ന്യൂഡൽഹി: വാരണാസി ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് ആരാധന അനുവദിച്ച ജഡ്ജിയെ ഓംബുഡ്സ്മാനായി നിയമിച്ച് യു.പി സർവകലാശാല. വാരണാസി ജില്ലാ ജഡ്ജിയായി സർവിസിൽ നിന്ന് വിരമിച്ച അജയ കൃഷ്ണ വിശ്വേശയെ ആണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയർമാനായ സർക്കാർ സർവകലാശാലയിൽ നിയമിച്ചത്.

വിരമിക്കുന്ന ദിവസമായ ജനുവരി 31നാണ് വിശ്വേശ, മസ്ജിദിന്റെ താഴത്തെ നില ആരാധനക്കായി ഹിന്ദുക്കൾക്ക് കൈമാറി വിധി പറഞ്ഞത്. ഒരുമാസം തികയുന്നതിന് മുമ്പ് ഫെബ്രുവരി 27നാണ് ലഖ്നോവിലെ സർക്കാർ സർവകലാശാലയായ ‘ഡോ. ശകുന്തള മിശ്ര നാഷണൽ റീഹാബിലിറ്റേഷൻ യൂണിവേഴ്‌സിറ്റി’യിൽ മൂന്ന് വർഷത്തേക്ക് വിശ്വേശയെ ലോക്‌പാലായി (ഓംബുഡ്‌സ്മാൻ) നിയമിച്ചത്. വിദ്യാർഥികളുടെ പരാതികൾ തീർപ്പാക്കലാണ് ചുമതല. ആദ്യമായാണ് ഈ തസ്തികയിൽ നിയമനം നടക്കുന്നത്.

നിയമനവിവരം സർവകലാശാല അസി. രജിസ്ട്രാർ ബ്രിജേന്ദ്ര സിങ് സ്ഥിരീകരിച്ചു. വിദ്യാർഥികളുടെ ഉന്നമനത്തിനായി പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ലോക്പാലിന്റെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻ (യുജിസി) അടുത്തിടെ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അനുസരിച്ചാണ് വിശ്വേശയെ നിയമിച്ചതെന്ന് സർവകലാശാല വക്താവ് യശ്വന്ത് വിരോധേ പറഞ്ഞു. റിട്ടയേർഡ് വൈസ് ചാൻസലറോ റിട്ടയേർഡ് പ്രൊഫസറോ റിട്ടയേർഡ് ജില്ലാ ജഡ്ജിയോ ആയിരിക്കണം ലോക്പാൽ എന്ന് യുജിസി നിർബന്ധമാക്കിയിട്ടുണ്ടെന്ന് വിരോധൈ പറഞ്ഞു. അതിൽതന്നെ ജഡ്ജിക്ക് പ്രഥമ പരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിലെ ക്ഷേത്ര-മസ്ജിദ് തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ വിധിപറഞ്ഞവർക്ക് വിരമിച്ച ശേഷം സർക്കാർ സർവിസിൽ നിയമനം നൽകുന്നത് ഇത് ആദ്യ സംഭവമല്ല. 2021 ഏപ്രിലിൽ ബാബരി മസ്ജിദ് തകർത്ത കേസിലെ 32 പ്രതികളെ വെറുതെവിട്ട ജില്ലാ ജഡ്ജി സുരേന്ദ്ര കുമാർ യാദവിനെ വിരമിച്ച് ഏഴ് മാസത്തിനുള്ളിൽ യോഗി ആദിത്യനാഥ് സർക്കാർ ഉത്തർപ്രദേശ് ഡെപ്യൂട്ടി ലോകായുക്തയായി നിയമിച്ചിരുന്നു. വിരമിക്കുന്നതിന് മുമ്പുള്ള അവസാന പ്രവൃത്തി ദിനത്തിലായിരുന്നു സുരേന്ദ്ര കുമാർ വിധി പറഞ്ഞത്.

2020 സെപ്റ്റംബർ 30നാണ് മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ് തുടങ്ങി ബാബറി മസ്ജിദ് തകർത്ത കേസിലെ പ്രതികളെ പ്രത്യേക സിബിഐ കോടതി ജഡ്ജിയായ സുരേന്ദ്ര കുമാർ യാദവ് വെറുതെ വിട്ടത്. 1992 ഡിസംബർ 6ന് ബാബരി പള്ളി തകർത്ത കേസിൽ വിശ്വസനീയമായ തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിടുന്നു​െവന്നായിരുന്നു സംഭവത്തിന് ഏകദേശം 28 വർഷങ്ങൾക്ക് ശേഷം വന്ന വിധി. 

Tags:    
News Summary - Retired Judge Appointed Lokpal of UP University a Month After Permitting Puja in Gyanvapi Mosque Basement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.