ചൈന പടിക്ക് പുറത്ത്; ആപ്പിന് പിന്നാലെ ചൈനീസ് ടി.വികൾക്കും പൂട്ട്

ന്യൂഡൽഹി: ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ചൈനയിൽ നിന്നുള്ള ടെലിവിഷൻ ഇറക്കുമതിക്കും നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. ചൈനയിൽ നിന്നുള്ള കളർ ടെലിവിഷനുകളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് വ്യാഴാഴ്ച വൈകീട്ട് വിജഞാപനം ഇറക്കി.  ചൈനീസ് ടി.വികളുടെ ഇറക്കുമതി നിയന്ത്രിച്ച് ആഭ്യന്തര ഉൽപ്പാദനം ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

15,000 കോടിയുടെ ടെലിവിഷൻ വിപണിയാണ് ഇന്ത്യയിലുള്ളത്. ഇതിന്‍റെ 36 ശതമാനവും ചൈനയിൽ നിന്നും മറ്റ് വടക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. ചൈനയെ കൂടാതെ വിയറ്റ്നാം, മലേഷ്യ, ഹോങ്കോങ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്ലൻഡ്, ജർമനി തുടങ്ങിയവയാണ് ഇന്ത്യയിലേക്ക് ടെലിവിഷൻ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങൾ. 

ചൈനീസ് നിർമിത ടി.വികൾ ഇന്ത്യയുമായി വ്യാപാര കരാറുള്ള മറ്റ് രാജ്യങ്ങളിലൂടെയും ഇവിടെയെത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആസിയാൻ കരാർ പ്രകാരമുള്ള നികുതി ഇളവുകളിലൂടെ ഇവ ഇന്ത്യൻ മാർക്കറ്റുകളിലെത്തി തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് തിരിച്ചടിയാകുന്നു. നികുതി വർധിപ്പിച്ച് ഇത്തരം നടപടികളെ തടയാനാകില്ല. അതുകൊണ്ടാണ് ഇറക്കുമതി നിയന്ത്രണം പോലെയുള്ള നടപടിയിലേക്ക് കേന്ദ്രം കടന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ രാജ്യത്ത് ഉൽപ്പാദന മേഖല ശക്തിപ്പെടുത്താൻ ആഹ്വാനമുണ്ട്. അന്താരാഷ്ട്ര കമ്പനികളോട് ഇന്ത്യയിൽ നിക്ഷേപം നടത്താനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ആത്മനിർഭർ ഭാരതിന് കൂടി പ്രോത്സാഹനമാകുന്ന രീതിയിലാണ് ചൈനീസ് ടി.വികളുടെ ഇറക്കുമതി നിയന്ത്രണം. 

നേരത്തെ, കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ നടന്നതിന് പിന്നാലെ ജൂൺ 29ന് കേന്ദ്ര സർക്കാർ ചൈനീസ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചിരുന്നു. രാജ്യസുരക്ഷക്ക് ഭീഷണിയെന്നു കാട്ടി ടിക്ടോക്, യുസി ബ്രൗസർ തുടങ്ങി 59 ആപ്പുകളാണ് അന്ന് നിരോധിച്ചത്. 

Tags:    
News Summary - restriction on import of chinese television

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.