സർവീസ് ചാർജ് നൽകാൻ റസ്റ്റോറന്‍റുകൾ ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സേവന നിരക്ക് (സർവീസ് ചാർജ്) നൽകാൻ റസ്റ്റോറന്‍റുകൾക്ക് ഉപഭോക്താക്കളെ നിർബന്ധിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. ഉപഭോക്താവിന്‍റെ വിവേചനാധികാരം വെച്ച് വേണമെങ്കിൽ ഇത്തരം നിരക്കുകൾ നൽകാം. എന്നാൽ, നിയമപ്രകാരം ഇത് നിർബന്ധമല്ല. സേവന നിരക്ക് നൽകാൻ ഉപഭോക്താക്കളെ നിർബന്ധിക്കരുത് എന്ന് കാണിച്ച് റസ്റ്റോറന്‍റുകൾക്ക് ഉപഭോക്തൃകാര്യ വകുപ്പ് മുന്നറിയിപ്പ് നൽകി. വിഷയവുമായി ബന്ധപ്പെട്ട് നാഷനൽ കൺസ്യൂമർ ഹെൽപ് ലൈനിൽ നിരവധി പരാതികൾ വന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നാഷനൽ റസ്റ്റോറന്‍റ് അസോസിയേഷൻ ഓഫ് ഇന്ത്യക്ക് (എൻ.ആർ.എ.ഐ) ഇതുസംബന്ധിച്ച നിർദേശം ഉപഭോക്തൃകാര്യ വകുപ്പ് കൈമാറി.

റസ്റ്റോറന്‍റുകൾ പലപ്പോഴും സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഉയർന്ന സർവീസ് ചാർജ് ഈടാക്കുന്നുണ്ടെന്നും ഇത് നൽകാൻ ഉപഭോക്താക്കൾ നിർബന്ധിതരാവുകയാണെന്നും ഇതിൽ പറയുന്നു. ഉപഭോക്താക്കളുടെ അവകാശങ്ങളെ സാരമായി ബാധിക്കുന്നതിനാൽ വിഷയം വിശദമായി പരിശോധിക്കേണ്ടത് ആവശ്യമാണെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത്കുമാർ സിങിന്‍റെ കത്തിൽ പറയുന്നു. റസ്റ്റോറന്റുകൾ ഈടാക്കുന്ന സർവീസ് ചാർജുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഉപഭോക്തൃകാര്യ വകുപ്പ് ജൂൺ രണ്ടിന് എൻ.ആർ.എ.ഐയുമായി യോഗം ചേരും.

ഹോട്ടലുകളും റസ്റ്റോറന്റുകളും സർവീസ് ചാർജ് ഈടാക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ 2017 ഏപ്രിൽ 21ന് പ്രസിദ്ധീകരിച്ചതായി ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചു. റസ്റ്റോറന്റിലേക്കുള്ള ഉപഭോക്താവിന്റെ പ്രവേശനം സർവീസ് ചാർജ് നൽകാനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്ന് മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഉപഭോക്താവ് ഒരു ഓർഡർ നൽകുന്നതിന് സേവന നിരക്ക് അടക്കാൻ നിർബന്ധിതനാകുകയാണെങ്കിൽ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അത് വ്യവസായ നയത്തിന് എതിരാണ്. മെനു കാർഡിൽ പ്രദർശിപ്പിച്ചിട്ടുള്ള ഭക്ഷണത്തിന്‍റെ നികുതി അടക്കമുള്ള വില നൽകാനേ ഉപഭോക്താവ് ബാധ്യസ്ഥനാവൂ എന്നും മറ്റുള്ള സർവീസ് ചാർജുകൾ ബാധകമല്ലെന്നും മാർഗനിർദേശത്തിൽ പറയുന്നുണ്ട്.

Tags:    
News Summary - Restaurants cannot force customers to pay service charge: Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.