റാഞ്ചി: ഝാർഖണ്ഡിലെ റാഞ്ചിയിൽ വെജിറ്റേറിയൻ ബിരിയാണിക്ക് പകരം നോൺ-വെജ് ബിരിയാണി നൽകിയ ഹോട്ടലുടമയെ ഉപഭോക്താവ് വെടിവെച്ചു കൊന്നു. കൻകെ-പിതോറിയ റോഡിലുള്ള ഹോട്ടലിൽ ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ഭിഥ സ്വദേശിയായ 47 വയസ്സുകാരൻ വിജയ് കുമാർ നാഗ് ആണ് കൊല്ലപ്പെട്ടത്.
രാത്രിയിൽ ഹോട്ടൽ എത്തിയ ഒരാൾ വെജ് ബിരിയാണി ഓർഡർ ചെയ്യുകയും, ഹോട്ടലിലെ ജീവനക്കാർ പാഴ്സൽ നൽകുകയും ചെയ്തു. ഹോട്ടലിൽനിന്ന് മടങ്ങിയ ഇയാൾ, കുറച്ചു സമയത്തിനുശേഷം മറ്റു ചിലരുമായി തിരികെ എത്തുകയും വെജ് ബിരിയാണിക്കു പകരം നോൺ വെജ് ബിരിയാണിയാണ് നല്‍കിയെന്ന് ആരോപിച്ച് തര്‍ക്കത്തിൽ ഏർപ്പെടുകയും ചെയ്തു.
ഈ സമയം ഭക്ഷണം കഴിക്കുകയായിരുന്ന ഹോട്ടൽ ഉടമക്കു നേരെ കൂട്ടത്തിലൊരാൾ നിറയൊഴിച്ചു. നെഞ്ചിൽ വെടിയേറ്റ വിജയ് കുമാർ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി. പ്രതികൾക്ക് വേണ്ടി തിരച്ചിൽ നടത്തിവരികയാണ്. കൊലപാതകത്തിനു പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നത് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.