നാലാം തവണയും കാലാവധി പൂർത്തിയാക്കാതെ 'അപ്പാജിയുടെ'പടിയിറക്കം

ബംഗളൂരു: ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്ക് മേൽവിലാസമുണ്ടാക്കിയ യെദിയൂരപ്പ നാലാം തവണയും മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പടിയിറങ്ങുന്നത് കാലാവധി പൂർത്തിയാക്കാതെ. കർണാടക രാഷ്​​ട്രീയത്തിൽ കുതിരക്കച്ചവടത്തിന് തുടക്കം കുറിച്ച, ബി.ജെ.പിയിലെ ഒറ്റയാനായ ​

ഭൂകനക്കരെ സിദ്ധലിംഗപ്പ യെദിയൂരപ്പ എന്ന ബി.എസ്​. യെദിയൂരപ്പയുടെ നാലു ദശാബ്​ദകാലമായുള്ള രാഷ്​ട്രീയ ജീവിതത്തിനാണ് തിരശീല വീഴുന്നത്. സജീവ രാഷ്​​ട്രീയത്തിൽ തുടരുമെന്നാണ് പ്രഖ്യാപനമെങ്കിലും കർണാടക ബി.ജെ.പിയിലെ യെദിയൂരപ്പ യുഗത്തിനാണ് അന്ത്യമായത്. എന്നാൽ, യെദിയൂരപ്പ ഇനിയും വിമത നീക്കത്തിന് മുതിരാനുള്ള നേരിയ സാധ്യതയും തള്ളികളയാനാകില്ല. കർണാടകയിൽ ബി.ജെ.പിയെ ആദ്യമായി അധികാരത്തിലെത്തിച്ച നാട്ടുകാർ അപ്പാജിയെന്ന് വിളിക്കുന്ന യെദിയൂരപ്പക്ക് 2007ൽ ഒരാഴ്ചയും 2008 മുതൽ മൂന്നു വർഷവും രണ്ടുമാസവും 2018ൽ രണ്ടു ദിവസവും 2019 മുതൽ രണ്ടു വർഷവുമാണ് മുഖ്യമന്ത്രി കസേരയിൽ ഇരിപ്പുറപ്പിക്കാനായത്.

ലിംഗായത്ത് സമുദായത്തിലെ കരുത്തനായ നേതാവായ യെദിയൂരപ്പ ആർ.എസ്.എസിലൂടെയാണ് രാഷ്​​ട്രീയത്തിലെത്തുന്നത്. 1943 ഫെബ്രുവരി 27ന് മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ്പേട്ട് താലൂക്കിലെ ഭൂകനക്കരെയിൽ കർഷകനായ സിദ്ധലിംഗപ്പയുടെയും പുട്ടതായമ്മയുടെയും മകനായാണ് യെദിയൂരപ്പയുടെ ജനനം. ആർ.എസ്.എസ് പ്രചാരകനായി പിന്നീട് ശിക്കാരിപുരയിലെത്തി. 1967 മാർച്ച് അഞ്ചിന് മൈത്രാദേവിയെ വിവാഹം കഴിച്ചു. 1970ൽ ശിക്കാരിപുരയിലെ ആർ.എസ്.എസ് സെക്രട്ടറിയായി. 72ൽ 29ാം വയസിൽ ജനസംഘത്തി​െൻറ ശിക്കാരിപുര താലൂക്ക്​ പ്രസിഡൻറായി. അടിയന്തരാവസ്​ഥക്കാലത്ത്​ ജയിലിൽ കഴിഞ്ഞു. കോൺഗ്രസിെൻറ കോട്ടയായ ശിക്കാരിപുര

മണ്ഡലം 83ൽ കന്നി അങ്കത്തിൽ തന്നെ പിടിച്ചടക്കി. ആകെ എട്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1999ൽ മാത്രമാണ് പരാജയപ്പെട്ടത്. 1988-91, 1998-99, 2016-18 കാലഘട്ടങ്ങളിൽ പാർട്ടി സംസ്ഥാന അധ്യക്ഷനായി. ഒരു തവണ എം.എൽ.സിയായും മൂന്നു തവണ പ്രതിപക്ഷ നേതാവായും യെദിയൂരപ്പ പ്രവർത്തിച്ചു. 2006ൽ എച്ച്.ഡി. കുമാരസ്വാമിയുമായി ചേർന്ന് കോൺഗ്രസ്-ജെ.ഡി-എസ് സഖ്യസർക്കാരിനെ താഴെയിറക്കി. ബി.ജെ.പി-ജെ.ഡി-എസ് സഖ്യസർക്കാരിൽ 2007 നവംബർ 12ന് മുഖ്യമന്ത്രിയായി. ജെ.ഡി-എസ് സഖ്യത്തിൽനിന്ന് പിൻമാറിയതോടെ ഏഴു ദിവസത്തിനുശേഷം രാജി. തുടർന്ന് 2008 മേയ് 30 മുതൽ യെദിയൂരപ്പ ദക്ഷിണേന്ത്യയിലെ ആദ്യ ബി.ജെ.പി സർക്കാറിനെ നയിച്ചു.

സർക്കാരിെൻറ സ്ഥിരതക്കായി പ്രതിപക്ഷ നേതാക്കളെ വലയിലാക്കാൻ യെദിയൂരപ്പ ഒാപറേഷൻ താമര നടപ്പാക്കി. 2011ൽ അനധികൃത ഖനന അഴിമതി കേസിൽ കുടുങ്ങി രാജിവെച്ചു. കുറച്ചുനാൾ ജയിലിൽ കഴിഞ്ഞു. 2012ൽ ബി.ജെ.പി വിട്ട് കർണാടക ജനത പക്ഷ എന്ന സ്വന്തം പാർട്ടിയുണ്ടാക്കി. 2013ലെ തെരഞ്ഞെടുപ്പിൽ ആറു സീറ്റിൽ വിജയിച്ച് കെ.ജെ.പി, ബി.ജെ.പിയിൽ വിള്ളലുണ്ടാക്കി. 2014ൽ കെ.ജെ.പി, ബി.ജെ.പിയിൽ ലയിച്ചു. 2014ൽ ശിവമൊഗ്ഗയിൽനിന്ന് ലോക്സഭയിലെത്തി. 2018ൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ മെയ് 17ന് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഭൂരിപക്ഷം തെളിയിക്കാനാകാതെ രണ്ടു ദിവസത്തിനുശേഷം രാജിവെച്ചു. തുടർന്ന് അധികാരത്തിലെത്തിയ കോൺഗ്രസ്-ജെ.ഡി-എസ് സഖ്യസർക്കാരിനെ ഒാപറേഷൻ താമര നീക്കത്തിലൂടെ താഴെയിറക്കാൻ യെദിയൂരപ്പ കരുക്കൾ നീക്കി. പല തവണ പാളിയ ഒാപറേഷൻ താമര നീക്കം 2019 ജൂലൈയിൽ നടപ്പാക്കി. സഖ്യസർക്കാരിലെ 17 എം.എൽ.എമാരെ രാജിവെപ്പിച്ച് ബി.ജെ.പിയിലെത്തിച്ച് യെദിയൂരപ്പ 2019 ജൂലൈ 26ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൽ.കെ. അദ്വാനിക്കും

എം.എം. ജോഷി​ക്കുമൊക്കെ സ്വയംവിരമിക്കലിന്​ വഴിയൊരുക്കിയപോലെ യെദിയൂരപ്പക്കും വിശ്രമ കസേര ഒരുക്കിയ കേന്ദ്ര നേതൃത്വത്തിെൻറ തീരുമാനത്തിൽ യെദിയൂരപ്പ തൃപ്തനായിരിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ശിവമൊഗ്ഗ എം.പിയായ ബി.വൈ രാഘവേന്ദ്രയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് ബി.വൈ വിജയേന്ദ്രയുമാണ് ആൺ മക്കൾ. അരുണാ ദേവി, പത്മാവതി, ഉമാദേവി എന്നിവരാണ് പെൺമക്കൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.