സൈന്യത്തിനെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ വിചാരണ കോടതി നടപടികൾക്കുള്ള സ്റ്റേ നീട്ടി സുപ്രീംകോടതി

ന്യൂഡൽഹി: 2022ലെ ഭാരത് ജോഡോ യാത്രക്കിടെ ഇന്ത്യൻ സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ നടപടികൾ സ്റ്റേ ചെയ്യാനുള്ള ഇടക്കാല ഉത്തരവ് സുപ്രീംകോടതി ഡിസംബർ 4 വരെ നീട്ടി. ജസ്റ്റിസ് എം.എം സുന്ദരേഷ്, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ച് കേസിൽ വാദം കേൾക്കൽ മാറ്റിവച്ചു.

കേസിൽ വിചാരണ കോടതിയുടെ സമൻസ് ഉത്തരവ് ചോദ്യം ചെയ്ത് മെയ് 29ന് അലഹബാദ് ഹൈകോടതിയിൽ രാഹുൽ സമർപിച്ച ഹരജി കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്ത് രാഹുൽ സമർപിച്ച ഹരജി സുപ്രീംകോടതി ബെഞ്ച് പരിഗണിക്കുകയായിരുന്നു.

ആഗസ്റ്റ് 4 ന് ഹരജി പരിഗണിക്കുന്നതിനിടെ, ലക്നോവിലെ കോടതിയിൽ പരിഗണനയിലുള്ള കേസിൽ തുടർ നടപടികൾ കേൾക്കുന്നത് സുപ്രീംകോടതി അടുത്ത തീയതി വരെ തടഞ്ഞിരുന്നു. അതാണ് ഇപ്പോൾ വീണ്ടും നീട്ടിയത്. ആരോപിക്കപ്പെടുന്ന പരാമർശങ്ങളെക്കുറിച്ച് രാഹുലിനോട് ബെഞ്ച് അന്ന്  ചോദിച്ചിരുന്നു.

‘ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈനക്കാർ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് താങ്കൾക്ക് എങ്ങനെ അറിയാം? താങ്കൾ അവിടെ ഉണ്ടായിരുന്നോ? താങ്കളുടെ പക്കൽ വിശ്വസനീയമായ എന്തെങ്കിലും തെളിവുകൾ ഉണ്ടോ? ഒരു തെളിവുമില്ലാതെ എന്തിനാണ് ഈ പ്രസ്താവനകൾ നടത്തുന്നത്? എന്ന് ചോദിച്ച കോടതി നിങ്ങൾ ഒരു യഥാർഥ ഇന്ത്യക്കാരനാണെങ്കിൽ അങ്ങനെ പറയില്ല എന്നും കൂട്ടിച്ചേർത്തു.തുടർന്ന് രാഹുലിന്റെ ഹരജിയിൽ പ്രതികരണം തേടി സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാറിനും കേസിലെ പരാതിക്കാരനും നോട്ടീസ് അയച്ചിരുന്നു.

പ്രതിപക്ഷ നേതാവിന് പ്രശ്നങ്ങൾ ഉന്നയിക്കാൻ കഴിയുന്നില്ലെങ്കിൽ അത് ദൗർഭാഗ്യകരമായ സാഹചര്യമാകുമെന്ന് രാഹുലിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വി സുപ്രീംകോടതിയെ അറിയിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ  223ാം വകുപ്പ് പരാമർശിച്ചുകൊണ്ട്, ക്രിമിനൽ പരാതി പരിഗണിക്കുന്നതിനു മുമ്പ് പ്രതിയുടെ മുൻകൂർ വാദം കേൾക്കൽ നിർബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോഴത്തെ കേസിൽ അങ്ങനെ ചെയ്തിട്ടില്ലെന്നും അറിയിച്ചു.

2022 ഡിസംബറിൽ നടന്ന ഭാരത് ​ജോഡോ യാത്രയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഇന്ത്യൻ സൈന്യത്തിനെതിരെ നിരവധി അവഹേളനപരമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിക്കാരനായ ഉദയ് ശങ്കർ ശ്രീവാസ്തവ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഉന്നയിച്ച ആരോപണം. 

Tags:    
News Summary - Remarks against Army: Supreme Court extends stay on trial court proceedings against Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.