ന്യൂഡൽഹി ഇന്ത്യാ ഇന്റർനാഷനൽ സെന്ററിൽ ‘റേഡിയൻസ് വ്യൂസ് വീക്ക്‍ലി’യുടെ 60-ാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് ‘മാധ്യമങ്ങളും ന്യൂനപക്ഷവും’ എന്ന വിഷയത്തിൽ മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി മുഖ്യ പ്രഭാഷണം നടത്തുന്നു.

മതന്യൂനപക്ഷങ്ങൾ തേടുന്നത് സ്വത്വവും സുരക്ഷയും: ഹാമിദ് അൻസാരി

ന്യൂഡൽഹി: സ്വത്വവും സുരക്ഷയുമാണ് ഒന്നാമതായി മതന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ തേടുന്നതെന്ന് മുൻ ഉപരാഷ്​ട്രപതി ഹാമിദ് അൻസാരി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസവും ശാക്തീകരണവും വിഭവങ്ങളിലും തീരുമാനങ്ങളിലുമുള്ള തുല്യപങ്കാളിത്തവുമാണ് തുടർന്ന് വേണ്ടതെന്നും ഹാമിദ് അൻസാരി വ്യക്തമാക്കി. ന്യൂഡൽഹി ഇന്ത്യാ ഇന്റർനാഷനൽ സെന്ററിൽ ‘റേഡിയൻസ് വ്യൂസ് വീക്ക്‍ലി’യുടെ 60-ാം വാർഷികാഘോഷത്തിൽ ‘മാധ്യമങ്ങളും ന്യൂനപക്ഷവും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു ഹാമിദ് അൻസാരി.

ആദ്യകാലത്ത് മാധ്യമങ്ങൾ നാലാം തൂണായി പരിഗണിക്കപ്പെട്ടിരുന്നുവെന്ന് മുൻ ഉപരാഷ്ട്രപതി പറഞ്ഞു.. എന്നാലിന്ന് തുറന്ന വിമർശനം അസാധ്യമായി. അസഹിഷ്ണുത ജനാധിപത്യത്തിന് മാത്രമല്ല, വ്യക്തികൾക്കും അപകടമാണ്. ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ഭരണമാണെങ്കിലും നിയമവാഴ്ച അതിന്റെ മുന്നുപാധിയാണ്. ന്യൂനപക്ഷവും ഭൂരിപക്ഷവും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കണമെന്നത് നല്ല ആശയമാണെങ്കിലും പ്രയോഗികമായി നടപ്പാക്കാൻ കഴിയാത്തതാണ്. ഭരണഘടനാ സഭയിൽ ന്യൂനപക്ഷങ്ങളുടെ കാര്യം നിർണയിക്കാനുണ്ടാക്കിയ ഉപസമിതി തയാറാക്കിയ പ്രത്യേക സാമുദായിക സംവരണത്തിനുള്ള പ്രമേയം വോട്ടിലൂടെ തള്ളുകയാണ് ചെയ്തതെന്ന് ഹാമിദ് അൻസാരി ഓർമിപ്പിച്ചു. ആ ഉ​ദ്ദേശ്യവും യഥാർഥ്യവും 75 വർഷങ്ങൾക്ക് ശേഷമിപ്പോൾ ചരിത്രം തീർപ്പ് കൽപിച്ചതെങ്ങിനെയെന്ന് നാം കാണുന്നുവെന്ന് ഹാമിദ് അൻസാരി പറഞ്ഞു.

നിലവിൽ അകപ്പെട്ട സ്ഥിതി മറികടക്കാൻ ഇന്ത്യൻ മുസ്‍ലിംകൾക്ക് ആദ്യം സ്വയം തിരിച്ചറിവുണ്ടാകണമെന്ന് മുൻ ഉപരാഷ്​ട്രപതി ഹാമിദ് അൻസാരി ഓർമിപ്പിച്ചു. മറ്റു ന്യൂനപക്ഷങ്ങൾ എന്തു ചെയ്യുന്നുവെന്ന് നോക്കുകയാണ് രണ്ടാമതായി ചെയ്യേണ്ടതു​​ണ്ടെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. മുസ്‍ലിംകൾക്ക് തുല്യാവസരം സംവരണത്തിലൂടെ ഉറപ്പു വരുത്തണമെന്നും അർഹരായ മുസ്ലിം കൃസ്ത്യൻ ജാതികൾക്ക് പട്ടിക ജാതി പദവി നൽകണമെന്നും ഹാമിദ് അൻസാരി ആവശ്യപ്പെട്ടു.

ഹമാസിന്റെ ഇസ്രായേൽ ആ​ക്രമണത്തെ പോലെ ആശുപത്രിയിലടക്കം ബോംബ​ിട്ട ഇസ്രായേലിന്റെ ക്രൂരതയെ ഒരു ഇന്ത്യൻ മാധ്യമവും അപലപിച്ചു കണ്ടില്ലെന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ സതീഷ് ജേക്കബ് ചൂണ്ടിക്കാട്ടി. മുസ്ലിംകളെ പോലെ മാധ്യമ പ്രവർത്തകരും രാജ്യത്ത് വേട്ടയാടപ്പെടുന്നു. മാധ്യമങ്ങളിൽ റെയ്ഡ് നടക്കുകയാണ്. ബി.ബി.സിയെയും മോദി വെറുതെ വിട്ടില്ലെന്ന് മുൻ ബി.ബി.സി ലേഖകൻ കൂടിയായ സതീഷ് ​ജേക്കബ് പറഞ്ഞു. പ്രശംസ മാത്രം മതി. സർക്കാറിനെതിരെ ചെറിയ വിമർശനം പോലും പറ്റില്ല. എന്നാൽ നാം ഈ കാലവും കടന്നുപോകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്‍ലാമിക് പബ്ലികേഷൻസ് ബോർഡ് ചെയർമാൻ ഡോ. മുഹമ്മദ് സലീം, ഇഅ്ജാസ് അസ്‍ലം , സയ്യിദ് തൻവീർ അഹ്മദ് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Religious Minorities Seek Identity and Security: Mohammad Hamid Ansari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.