ഭോപ്പാൽ: മധ്യപ്രദേശിലെ പ്രശസ്തമായ പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനമായ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റുന്നതിനുള്ള പ്രമേയം എക്സിക്യൂട്ടീവ് കൗൺസിൽ പാസാക്കി. പുതിയ പേര് ചാന്‍സലറുടെ അംഗീകാരത്തിനായി അയച്ചിട്ടുണ്ട്. സർവകലാശാലയുടെ പേര് 'വാഗ്ദേവി ഭോപ്പാൽ സർവകലാശാല' എന്നാക്കി മാറ്റാനാണ് തീരുമാനം. ഈ നീക്കത്തിനെതിരെ സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ബുധനാഴ്ച നടന്ന യോഗത്തിലാണ് കൗൺസിൽ പ്രമേയം ഐകകണ്ഠ്യേന പാസാക്കിയത്. സരസ്വതി ദേവിയുടെ മറ്റൊരു നാമമായ 'വാഗ്ദേവി' എന്ന പേരും, പ്രശസ്ത പരമാര രാജാവായിരുന്ന ഭോജ് രാജാവിന്റെ ഓർമക്കായി നഗരത്തിനുണ്ടായിരുന്ന 'ഭോജ്പാൽ' എന്ന പുരാതന നാമവും ചേർത്താണ് പുതിയ പേര് നിർദേശിച്ചിരിക്കുന്നതെന്ന് സർവകലാശാല വൈസ് ചാൻസലർ സുരേഷ് കുമാർ ജെയിൻ വ്യക്തമാക്കി. കൗൺസിൽ അംഗം ധീരേന്ദ്ര ചതുർവേദിയാണ് ഈ പേര് നിർദേശിച്ചത്. പ്രമേയം അംഗീകാരത്തിനായി ഗവർണർ മംഗുഭായ് പട്ടേലിന് അയച്ചിരിക്കുകയാണ്. ഇതിന് ശേഷം അന്തിമ തീരുമാനത്തിനായി ഇത് സർക്കാരിന് കൈമാറും.
1970-ൽ ഭോപ്പാൽ സർവകലാശാല എന്ന പേരിൽ സ്ഥാപിതമായ ഈ സ്ഥാപനത്തിന്, 1988-ൽ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന അർജുൻ സിങ്ങിന്റെ കാലത്താണ് പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും പണ്ഡിതനുമായിരുന്ന മുഹമ്മദ് ബർക്കത്തുല്ല ഭോപ്പാലിയുടെ പേര് നൽകിയത്. കാബൂളിൽ സ്ഥാപിതമായ ഇന്ത്യയുടെ ആദ്യത്തെ താൽക്കാലിക ഗവൺമെന്റിന്റെ പ്രധാനമന്ത്രിയായിരുന്നു ഇദ്ദേഹം.
എന്നാൽ, ബർക്കത്തുല്ലയുടെ സ്വാതന്ത്ര്യസമര സംഭാവനകളെക്കുറിച്ച് തർക്കങ്ങളുണ്ടെന്നാണ് വി.സി സുരേഷ് കുമാർ ജെയിന്റെ വാദം. അദ്ദേഹം ഇന്ത്യയിൽ ജീവിച്ചതിനോ പോരാടിയതിനോ രേഖകളില്ലെന്നും ജീവിതത്തിന്റെ ഭൂരിഭാഗവും വിദേശത്തായിരുന്നുവെന്നും വി.സി പറഞ്ഞു. കൗൺസിൽ യോഗത്തിൽ പ്രൊഫസർ താഹിറ അബ്ബാസി പ്രമേയത്തെ ശക്തമായി എതിർത്തുവെങ്കിലും മറ്റ് അംഗങ്ങളുടെ പിന്തുണ ലഭിച്ചില്ല.
സർവകലാശാലയുടെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ കോൺഗ്രസും സി.പി.ഐ(എം) ഉം കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലായ സാഹചര്യത്തിൽ, അതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പകരം പേര് മാറ്റാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് എം.എൽ.എ ആരിഫ് മസൂദ് കുറ്റപ്പെടുത്തി. 'വാഗ്ദേവി'യുടെ പേരിൽ പുതിയ സർവകലാശാല തുടങ്ങുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ 38 വർഷമായി നിലവിലുള്ള ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ പേര് മാറ്റുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി മോഹൻ യാദവ് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണകക്ഷിയായ ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും നീക്കം സ്വാതന്ത്ര്യ സമര ചരിത്രത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി ജസ്വീന്ദർ സിങ് ആരോപിച്ചു. പേര് മാറ്റത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻ.എസ്.യു.ഐ സർവകലാശാലക്ക് പുറത്ത് പ്രതിഷേധിച്ചു.
അതേസമയം, ജീവനക്കാരുടെ ശമ്പളം വൈകുന്നതും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഉൾപ്പെടെ സർവകലാശാല നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മാനേജ്മെന്റ് പെട്ടെന്ന് യോഗം വിളിച്ച് ഇങ്ങനെയൊരു പ്രമേയം പാസാക്കിയതെന്ന് മുതിർന്ന സർവകലാശാല ഉദ്യോഗസ്ഥൻ പ്രതികരിച്ചു. പേര് മാറ്റണമെങ്കിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുകയും 1973-ലെ മധ്യപ്രദേശ് സർവകലാശാല നിയമത്തിൽ ഭേദഗതി വരുത്തുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.